ഭാര്യയുടെ പ്രസവമെടുത്ത ഡോക്ടറെ യുവാവ് വെടിവെച്ചു

റിയാദ്: ആശുപത്രിയില്‍ തന്‍െറ ഭാര്യയുടെ പ്രസവം എടുത്ത പുരുഷ ഡോക്ടര്‍ക്ക് നേരെ യുവാവ് വെടിയുതിര്‍ത്തു. റിയാദിലെ കിങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയിലാണ് സംഭവം. ജോര്‍ഡന്‍ സ്വദേശിയായ ഡോ. മുഹന്നദ് അല്‍ സുബ്നാണ് വെടിയേറ്റത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. 
നന്ദി പറയാനെന്ന വ്യാജേന ഡോക്ടറെ ആശുപത്രിയില്‍ നിന്ന് വിളിച്ചിറക്കി മുറ്റത്തെ ഉദ്യാനത്തില്‍ എത്തിച്ച അക്രമി പെട്ടന്ന് തോക്കെടുത്ത് വെടിവെക്കുകയായിരുന്നു. നെഞ്ചില്‍ വെടിയേറ്റ് ഡോക്ടര്‍ വീണതോടെ ഇയാള്‍ രക്ഷപ്പെട്ടു. 
പൊലീസ് പിന്നീട് പ്രതിയെ പിടികൂടി. തന്‍െറ പ്രവൃത്തിയെ ന്യായീകരിച്ച അക്രമി, ആശുപത്രി അധികൃതര്‍ പ്രസവത്തിന് വനിത ഡോക്ടറെ ഏര്‍പ്പാടാക്കണമായിരുന്നുവെന്ന് വ്യക്തമാക്കി. 
സുഖപ്രസവമായിരുന്നുവെന്നും പൂര്‍ണാരോഗ്യത്തോടെയാണ് അമ്മയും കുഞ്ഞും ആശുപത്രി വിട്ടതെന്നും ആശുപ്രതി അധികൃതര്‍ പിന്നീട് പ്രസ്താവനയില്‍ അറിയിച്ചു. 
പിന്നീട് ഡോക്ടറെ തേടി ആശുപത്രിയില്‍ എത്തിയ ഭര്‍ത്താവ് കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെയാണ് വെടിവെച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചികിത്സയില്‍ കഴിയുന്ന ഡോക്ടറെ ആരോഗ്യ വകുപ്പ് മന്ത്രി തൗഫീഖ് അല്‍ റബീഅ ടെലിഫോണില്‍ വിളിച്ച് ആശ്വസിപ്പിച്ചു. 
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ കൈകൊള്ളുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ആരോഗ്യ വകുപ്പ് ഉപമന്ത്രി ഹമദ് ദുവൈലിഅ് ഡോ. മുഹന്നദിനെ സന്ദര്‍ശിച്ചു. 
മതിയായ ചികിത്സ നല്‍കണമെന്ന് അദ്ദേഹം ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. സൗദി സമൂഹത്തിന് അന്യമായ സംഭവമാണിതെന്നും പ്രതിക്ക് അര്‍ഹമായ ശിക്ഷ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.