സ്വകാര്യ മേഖലയില്‍ പ്രതീക്ഷയര്‍പ്പിച്ച്  ജിദ്ദ സാമ്പത്തിക ഫോറത്തിന് തുടക്കമായി

ജിദ്ദ: സ്വകാര്യ മേഖലയുടെ സഹകരണത്തോടെ സൗദി സാമ്പത്തിക രംഗത്ത് വന്‍ കുതിച്ചു ചാട്ടം സാധ്യമാകുമെന്ന പ്രത്യാശ നല്‍കി  ജിദ്ദ എക്കണോമിക് ഫോറം. ഹില്‍ട്ടണ്‍ ഹോട്ടലില്‍ ആരംഭിച്ച സമ്മേളനം മക്ക മേഖല ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ ഉദ്ഘാടനം ചെയ്തു. മലേഷ്യന്‍ പ്രധാനമന്ത്രി മുഹമ്മദ് നജീബ്, തുര്‍ക്കി ഉപ പ്രധാനമന്ത്രി മുഹമ്മദ് സിംസെക്, സൗദി വാണിജ്യ വ്യവസായ മന്ത്രി ഡോ.തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍റബീഅ, ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ്് സ്വാലിഹ് കാമില്‍  തുടങ്ങിയവര്‍ സംസാരിച്ചു.

ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നായി 80 ലധികം പ്രമുഖ സാമ്പത്തിക വിദഗ്ധരും ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. സാമൂഹിക പരിഷ്ക്കരണത്തിലേക്ക് സൗദി അറേബ്യ നടന്നുനീങ്ങിയ കഴിഞ്ഞ കാലത്തെ അനുഭവത്തില്‍നിന്ന് പാഠം ഉള്‍കൊള്ളണമെന്നും ഇന്ന് രാജ്യം അതിവേഗ മുന്നേറ്റത്തിന്‍െറ പാതയിലാണെന്നും മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസല്‍ പറഞ്ഞു. ഗുണകരമായ പരിഷ്കരണത്തിന്‍െറ പാതയിലൂടെ മുന്നേറുമ്പോള്‍ അഭിമുഖീകരിക്കേണ്ടിവരുന്ന പ്രതിബന്ധങ്ങളെ ശക്തമായി നേരിടണമന്നും അദ്ദേഹം പറഞ്ഞു. സൗദിയുടെ സാമ്പത്തിക വളര്‍ച്ചയില്‍ സ്വകാര്യ മേഖലക്ക് മുഖ്യ പങ്കുവഹിക്കാന്‍ കഴിയുമെന്ന് ഫോറം വിലയിരുത്തി. പെട്രോള്‍ വിലയിടിവുമൂലമുണ്ടായ  പ്രത്യേക സാഹചര്യത്തിലും വന്‍കിട പദ്ധതികള്‍ നിര്‍ത്തിവെക്കുകയില്ല. വൈവിധ്യപൂര്‍ണവുമായ  സാമ്പത്തിക മാര്‍ഗങ്ങള്‍ അവലംബിച്ച് രാജ്യത്തിന്‍െറ സാമ്പത്തിക രംഗത്തെ വന്‍പുരോഗതിയിലേക്ക് നയിക്കാന്‍ സ്വകാര്യമേഖലയുടെ വളര്‍ച്ചയിലൂടെ സാധ്യമാകും.

ദേശീയ സാമ്പത്തിക രംഗത്തെ പരിപോഷിപ്പിക്കുന്നതിലൂടെ രാജ്യത്തെ ശോഭനമായ ഭാവിയിലേക്ക് നയിക്കുന്നതില്‍ സ്വകാര്യ മേഖലക്കുള്ള പങ്കിനെ സൗദി ഭരണകൂടം പ്രാധാന്യത്തോടെയാണ് വിലയിരുത്തുന്നതെന്ന് സൗദി വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍റബീഅ പറഞ്ഞു. രാജ്യം സ്വകാര്യ മേഖലക്ക് മുമ്പില്‍ വന്‍ നിക്ഷേപ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നതെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ്് സ്വാലിഹ് കാമില്‍ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.