കരിപ്പൂര്‍ വിമാനത്താവളം: പ്രദേശവാസികള്‍ കുറ്റക്കാരല്ല - സമര സമിതി കണ്‍വീനര്‍

ജിദ്ദ: കോഴിക്കോട് വിമാനത്താവളത്തിന്‍െറ ദുരവസ്ഥക്കും  പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ക്കും വിമാനത്താവള പരിസരവാസികള്‍ ഭൂമി വിട്ടുകൊടുക്കാത്തതുകൊണ്ടാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കുടയിറക്ക് ഭീഷണിക്കെതിരെ പ്രവര്‍ത്തിക്കുന്ന സമര സമിതി കണ്‍വീനര്‍ എഞ്ചി. ബിച്ചു പറഞ്ഞു. മേലങ്ങാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ജിദ്ദയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ട് തവണ തങ്ങളുടെ വീടും പുരയിടവും ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ജീവിത മാര്‍ഗങ്ങളുമെല്ലാം വിട്ടുകൊടുത്തുകൊണ്ട് വിമാനത്താവളം സ്ഥാപിക്കാന്‍ സഹകരിച്ചവരാണ് പരിസരവാസികള്‍. അവര്‍ക്കൊന്നും തക്കതായ നഷ്ടപരിഹാരമൊ പുനരധിവാസ സൗകര്യങ്ങളൊ നല്‍കിയിട്ടില്ല. പതിമൂന്നാം തവണ കുടിയിറക്ക് നേരിടുന്നത് എഴുനൂറോളം കുടുംബങ്ങളാണ്, സര്‍ക്കാര്‍ വ്യക്തമായ നഷ്ട പരിഹാര പാക്കേജോ, സാധ്യതാപഠനമോ ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല. ജനസാന്ദ്രത കൂടിയ പള്ളിക്കല്‍, നെടിയിരുപ്പ്, കൊണ്ടോട്ടി പ്രദേശങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ വിമാനത്താവള വികസന പദ്ധതികള്‍ തയാറാക്കി, പരമാവധി കുടിയിറക്ക് ഭീഷണി കുറച്ച് സര്‍ക്കാര്‍ പദ്ധതികളും പാക്കേജുകളും അവതരിപ്പിക്കുകയാണെങ്കില്‍ സഹകരിക്കാന്‍ പരിസരവാസികള്‍ തയാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. വലിയ വിമാനങ്ങളിറങ്ങാവുന്ന റണ്‍വെ വികസനത്തിനാവശ്യമായ ഭൂമി നേരത്തെ ഏറ്റെടുത്തത് അതോറിറ്റിയുടെ കൈവശമുണ്ട്, അതൊന്നും ഉപയോഗപ്പെടുത്തുകയൊ ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ച് സര്‍വീസ് നടത്താന്‍ തയാറായ സൗദിയ, എമിറെറ്റ്സ് തുടങ്ങിയ വിമാനങ്ങള്‍ക്കനുമതി കൊടുക്കാതിരിക്കുകയും ചെയ്യുന്ന അതോറിറ്റിയുടെ ദുഷ്ട ലാക്ക് തിരിച്ചറിയണമെന്നും എന്തു വിലകൊടുത്തും വിമാനത്താവളം സംരക്ഷിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. 
മറിച്ച് 596 ഏക്കര്‍ 2311 ഏക്കര്‍ എന്നൊക്കെ പറഞ്ഞ് എഴൂനൂറില്‍പരം കുടുംബങ്ങളെ വഴിയാധാരമാക്കാനുള്ള നടപടി ചെറുക്കും. വാര്‍ത്താ സമ്മേളനത്തില്‍ മേലങ്ങാടി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ബഷീര്‍ ചുള്ളിയന്‍, ജന സെക്രട്ടറി അബ്ദുല്‍ഗഫൂര്‍ പുതിവകത്ത് എന്നിവര്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.