റിയാദ്: ആഭ്യന്തര വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും വിനോദ പരിപാടികളുടെയും പ്രചാരണം ഊര്‍ജ്ജിതമാക്കാന്‍ സൗദി വിനോദ സഞ്ചാര-പൈതൃക സംരക്ഷണ വകുപ്പിന് (എസ്.സി.ടി.എച്ച്) വിപുല പദ്ധതികള്‍. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള ആധുനികവത്കരണവും പൊതുസ്ഥലങ്ങളില്‍ പുതുതായി വിവര വിതരണ കേന്ദ്രങ്ങള്‍ തുറക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതിന്‍െറ ഭാഗമായി വിമാനത്താവളങ്ങിലും വലിയ ഷോപ്പിങ് മാളുകളിലും ഹോട്ടലുകളിലും ഓട്ടോമാറ്റിക് ഇലക്ട്രോണിക് കിയോസ്കുകള്‍ സ്ഥാപിക്കും. സഞ്ചാരികള്‍ക്കാവശ്യമായ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 350 കിയോസ്കുകളാണ് സ്ഥാപിക്കുന്നത്. ബാങ്കുകളുടെ എ.ടി.എം മാതൃകയിലുള്ള മെഷീനുകളാണ് ടൂറിസം ഇന്‍ഫര്‍മേഷന്‍ കിയോസുകള്‍. ഇതിന് സമീപം ലഘുലേഖകളും നോട്ടീസുകളും ചിത്രങ്ങളുടെ ആല്‍ബങ്ങളും അടങ്ങിയ ടൂറിസം പ്രമോഷനുമായി ബന്ധപ്പെട്ട വിവിധ പ്രസിദ്ധീകരണങ്ങളും പ്രദര്‍ശിപ്പിക്കുന്ന പ്രത്യേക അലമാരകളുണ്ടാവും. ഇത്തരത്തില്‍ 1000 അലമാരകളാണ് സജ്ജീകരിക്കുന്നത്. വിവിധ പ്രവിശ്യകളിലുള്ള വിനോദ സഞ്ചാര-പൈതൃക കേന്ദ്രങ്ങള്‍, അവയുടെ ലൊക്കേഷന്‍ മാപ്പ്, വിനോദ സഞ്ചാര പരിപാടികള്‍, റിസര്‍വേഷന്‍, താമസം, ഭക്ഷണം, ഗതാഗതം എന്നീ സൗകര്യങ്ങള്‍, ഗൈഡുകളുടെ സേവനം, വില വിവരം എന്നിവ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളില്‍ സൗജന്യമായി ലഭ്യമാണ്.
കാര്യങ്ങള്‍ വിശദമായി അറിയുന്നതിനുള്ള ടോള്‍ ഫ്രീ നമ്പറും കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരിക്കും. ‘ആസ്വദിക്കുക, കണ്ടത്തെുക’ എന്ന ടാഗ് ലൈനോടെ സൈബര്‍ പ്രമോഷന്‍ കാമ്പയിനും ശക്തമാക്കിയിട്ടുണ്ട്. www.sauditourism.sa എന്ന വെബ് സൈറ്റ്, ഫേസ്ബുക്ക്, ട്വിറ്റര്‍, യൂടൂബ് ചാനല്‍, ടൂറിസം ബ്ളോഗ് ഫോറങ്ങള്‍ എന്നിവ വഴി രാജ്യത്തും ഇതര ജി.സി.സി രാജ്യങ്ങളിലുമുള്ള വിനോദ സഞ്ചാര പ്രിയരായ മുഴുവന്‍ ആളുകളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് കാമ്പയിന്‍ ഊര്‍ജ്ജിതമായി നടത്തുന്നത്. വെബ്സൈറ്റില്‍ രാജ്യത്തെ പൗരാണിക കേന്ദ്രങ്ങള്‍, വിനോദ സഞ്ചാര മേഖലകള്‍, സേവനങ്ങള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വിമാന സര്‍വീസ്, റെന്‍റ് എ കാര്‍, ട്രെയിന്‍, ബസ് തുടങ്ങിയ ഗതാഗത സൗകര്യം, ടൂര്‍ ഗൈഡുകള്‍ എന്നിവ സംബന്ധിച്ച സമഗ്രമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെബ്സൈറ്റിലെ 360 പനോരമിക് വ്യൂവിലൂടെ എല്ലാ പ്രധാന ടുറിസം കേന്ദ്രങ്ങളിലൂടെയും വെര്‍ച്വല്‍ ടൂര്‍ നടത്താനും കഴിയും. വിവരങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളിച്ച് കമനീയമായി രൂപകല്‍പന ചെയ്ത പോസ്റ്ററുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും പ്രിന്‍റ് ചെയ്യാനും സൗകര്യമുണ്ട്. ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും താമസം, ഭക്ഷണം, ഗതാഗതം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മുന്‍കൂട്ടി ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാന്‍ കഴിയും. ടൂറിസം ഡയറക്ടറിയായി തന്നെ വെബ്സൈറ്റിനെ ഉപയോഗപ്പെടുത്താം. വിനോദ സഞ്ചാര പരിപാടികള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന മറ്റൊരു വെബ്സൈറ്റുമുണ്ട്. www.saudievents.sa.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.