കനേഡിയന്‍ പത്രത്തിന്‍െറ തലക്കെട്ട് പിടിച്ചുപറ്റി സൗദി പൗരന്‍

ജിദ്ദ: ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ യുദ്ധക്കെടുതികളാല്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് അത്യാധുനിക ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രത്യേക തരം കൃത്രിമ അവയവ ഭാഗങ്ങള്‍ കണ്ടുപിടിച്ച വാര്‍ത്തയുമായി സൗദി പൗരന്‍ കനേഡിയന്‍ പത്രങ്ങളുടെ തലക്കെട്ട് പിടിച്ചുപറ്റി . കനേഡിയയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണ പഠന വിദ്യാര്‍ഥിയായ മുആദ് ബിന്‍ നബീല്‍ ബൂആയിഷയാണ് പുതിയ കണ്ടുപിടിത്തവുമായി വാര്‍ത്തയില്‍ നിറഞ്ഞത്. യുദ്ധങ്ങളിലും കലാപങ്ങളിലും  പെട്ട് അംഗ വൈകല്യം നേരിട്ട എല്ലാതരം കുട്ടികള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ അവയവങ്ങള്‍ രൂപകല്‍പന ചെയ്താണ് മുആദ് ബിന്‍ നബീല്‍ ഗവേഷണ മികവ് തെളിയിച്ചത്. ത്രിമാന സ്വഭാവമുള്ള കൃതൃമ അവയവ ഭാഗങ്ങള്‍ ദുരിതമനുഭവിക്കുന്ന  കുട്ടികള്‍ക്ക് ആവശ്യാനുസരണം ഉപയോഗിക്കാന്‍ കഴിയുമെന്നും ഇത്തരത്തില്‍ ഇതാദ്യത്തെ കണ്ടുപിടിത്തമാണെന്നും കനേഡിയന്‍ പത്രം റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു.
യുദ്ധക്കെടുതികളും മറ്റും കാരണം അംഗവൈകല്യം നേരിട്ട അനേകായിരം കുരുന്നുകള്‍ക്ക് തന്‍െറ പുതിയ കണ്ടുപിടിത്തം ഗുണം ചെയ്യുമെന്ന് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍റ് സ്മാര്‍ട്ട് സിസ്റ്റംസ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ മുആദ് പറഞ്ഞു. ഇത് യാഥാര്‍ഥ്യമാക്കാനുള്ള വമ്പിച്ച സാമ്പത്തിക ബാധ്യതയടക്കം നിരവധി വെല്ലുവിളികളെ നേരിടേണ്ടിവന്നതായും അദ്ദേഹം പറഞ്ഞു. ഇതിനുവേണ്ടി ത്രിമാന പ്രിന്‍റിംഗ് മെഷീനും മറ്റും വാങ്ങുന്നതിന് ഭീമമായ സാമ്പത്തിക ബാധ്യതയാണ് നേരിട്ടത്. സിറിയയിലേക്കും ഇതര ദുരിതബാധിത നാടുകളിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന് ചില അന്താരാഷ്ട്ര ചാരിറ്റി ഏജന്‍സികള്‍ ബന്ധപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലും കനഡയിലും ഗവേഷണപഠനം നടത്തുന്നതിനിടെ മുആദ് ബിന്‍ നബീലിന് മൂന്നോളം കണ്ടുപിടുത്തങ്ങള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്. സമ്പൂര്‍ണമായി ശരീരം തളര്‍ന്നവര്‍ക്ക് നാവ് ചലിപ്പിച്ച് ഉപയോഗിക്കാന്‍ കഴിയുന്ന മുആദിന്‍െറ കണ്ടുപിടുത്തമായ ‘റോബോ കാര്‍’ ലോക ശ്രദ്ധ നേടിയിരുന്നു. അംഗ വൈകല്യം സംഭവിച്ചവര്‍ക്കായി നിരവധി ഉപകരണങ്ങളും മുആദിന്‍െറ കണ്ടുപിടുത്തങ്ങളിലുണ്ട്. ‘ഇന്‍റല്‍’ കമ്പനി ഏര്‍പ്പെടുത്തിയ യുവകണ്ടുപിടിത്തക്കാര്‍ക്കുള്ള അന്താരാഷ്ട്ര നോബല്‍ സമ്മാനവും മുആദ് ബിന്‍ നബീല്‍ നേടിയിട്ടുണ്ട്. ‘യുണൈറ്റഡ് ഇന്‍വന്‍േറഴ്സ് അസോസിയേഷന്‍ ഒഫ് അമേരിക്ക’ അംഗം കൂടിയാണ് 23 കാരനായ മുആദ് ബിന്‍ നബീല്‍.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.