റിയാദ്: വിമാനത്താവളത്തില്‍ എത്തുന്നതിന് മുമ്പ് തന്നെ യാത്രക്കാരുടെ ബാഗേജുകള്‍ സ്വീകരിക്കാന്‍ സൗദി എയര്‍ലൈന്‍സ് (സൗദിയ) നഗരത്തില്‍ തുറന്ന ഇന്‍റര്‍നാഷനല്‍ ചെക്ക് ഇന്‍ ഫെസിലിറ്റേഷന്‍ സെന്‍ററിലെ സൗകര്യങ്ങള്‍ വിപുലീകരിച്ചു. 24 മണിക്കൂര്‍ മുമ്പ് ബാഗേജ് വിമാന അധികൃതരെ ഏല്‍പിച്ച് ബോര്‍ഡിങ് പാസും വാങ്ങി സ്വസ്ഥമായി വിമാനം പുറപ്പെടുന്നതിന് നിശ്ചിത സമയം മുമ്പ് മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടാന്‍ യാത്രക്കാരെ സഹായിക്കുന്ന ഈ കേന്ദ്രം ജനുവരിയിലാണ് റിയാദില്‍ ആരംഭിച്ചത്. റിയാദ് ഈസ്റ്റേണ്‍ റിങ് റോഡില്‍ (അല്‍ഖര്‍ജ് - എയര്‍പോര്‍ട്ട് റോഡ്) എക്സിറ്റ് 14നും 15നും ഇടയിലുള്ള സൗദിയ ക്ളബ് ആസ്ഥാനത്താണ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. വേനലവധിയും പെരുന്നാളുകളും പ്രമാണിച്ചാണ് ഇവിടത്തെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയതെന്ന് സൗദിയ അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബാഗേജുകള്‍ സ്വീകരിക്കുന്നതിനും സ്കാന്‍ ചെയ്യുന്നതിനും തൂക്കം അറിയുന്നതിനും കാര്‍ഗോ പാക്ക് ചെയ്യുന്നതിനും കൗണ്ടറുകളും ഉപകരണങ്ങളും കൂടുതല്‍ ഏര്‍പ്പെടുത്തിയും ജീവനക്കാരുടെ എണ്ണം കൂട്ടിയുമാണ് സൗകര്യം വിപുലപ്പെടുത്തിയത്. പ്രവൃത്തി സമയവും ദീര്‍ഘിപ്പിച്ചു. വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി വരെയും വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്ന് മുതല്‍ രാത്രി 10 വരെയുമാണ് ബാഗേജുകള്‍ സ്വീകരിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുതല്‍ ആറു മണിക്കൂര്‍ മുമ്പ് വരെ ബാഗേജുകള്‍ ഈ കേന്ദ്രത്തില്‍ സ്വീകരിക്കും. ഇന്ത്യ ഉള്‍പ്പെടെ മുഴുവന്‍ ‘സൗദിയ’ സര്‍വീസുകളിലേയും യാത്രക്കാര്‍ക്കാണ് ഈ സൗകര്യം. അതേസമയം, അമേരിക്ക, കാനഡ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലേക്ക് ഈ സൗകര്യമില്ല. ബാഗേജ് ചെക്ക് ഇന്‍, ബോര്‍ഡിങ് പാസ് ഇഷ്യുയിങ് നടപടികളാണ് ഇവിടെ നടക്കുന്നത്. ബാഗേജ് ഏല്‍പിച്ച് ബോര്‍ഡിങ് പാസും വാങ്ങി യാത്രക്കാര്‍ക്ക് മടങ്ങാം. പിന്നീട് വിമാനം പുറപ്പെടുന്നതിന് ഏതാനും സമയം മുമ്പ് മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടാല്‍ മതി. വിമാനത്താവളത്തിലെ ബാഗേജ് ചെക്ക് ഇന്‍ കൗണ്ടറിലെ നീണ്ട വരിയില്‍ നില്‍ക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടും ബാഗേജ് അധികമാകുമോ, പണം അടക്കേണ്ടി വരുമോ, ബാഗേജ് അഴിച്ച് സാധനങ്ങള്‍ എയര്‍പോര്‍ട്ടില്‍ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കകളും മാനസിക സമ്മര്‍ദവും ദൂരീകരിക്കാനും ഈ കേന്ദ്രം വലിയ സഹായമാകുമെന്ന് യാത്രക്കാരും അഭിപ്രായപ്പെടുന്നു. ചെക്ക് ഇന്‍ ഫെസിലിറ്റേഷന്‍ സെന്‍റര്‍ ദമ്മാം നഗരത്തിലും അടുത്തിടെ ആരംഭിച്ചിരുന്നു. മറ്റ് നഗരങ്ങളിലും വൈകാതെ ആരംഭിക്കാനും ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.