റിയാദ്: മലയാളി കുടുംബത്തോടൊപ്പം ഹൗസ് മെയ്ഡായി ജോലി ചെയ്തിരുന്ന മലയാളി യുവതി ജോലി സ്ഥലത്ത് തൂങ്ങി മരിച്ചു. ആലപ്പുഴ മാന്നാര്‍ പാവൂര്‍ക്കര സ്വദേശി മുര്‍ത്തിട്ട കണ്ണന്‍ പടവില്‍ അംബുജാക്ഷന്‍െറ ഭാര്യ സ്മിത (34) റിയാദ് മഅ്ദര്‍ ഡിസ്ട്രിക്റ്റിലെ ഫ്ളാറ്റിലാണ് ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. ആലപ്പൂഴ ചേപ്പാട് സ്വദേശി മോനിയുടെയും ഭാര്യയുടെയും ഫ്ളാറ്റിലാണ് ജോലി ചെയ്തിരുന്നത്. റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനായ മോനിയും കിങ് ഫൈസല്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ ഭാര്യയും തങ്ങളുടെ നാലുവയസുള്ള ആണ്‍കുട്ടിയെ നോക്കാനാണ് ഒമ്പത് മാസം മുമ്പ് ഹൗസ് മെയ്ഡ് വിസയില്‍ സ്മിതയെ കൊണ്ടുവന്നത്. മോനിയുടെ അമ്മയും ഫ്ളാറ്റിലുണ്ടായിരുന്നു. അമ്മയും സ്മിതയും ഒരു മുറിയിലാണ് ഉറങ്ങിയിരുന്നത്. എല്ലാ ദിവസം അതിരാവിലെ 5.30ന് എഴുന്നേറ്റ് എല്ലാവര്‍ക്കും ചായ ഉണ്ടാക്കി കൊടുക്കുന്നത് സ്മിതയായിരുന്നു. പതിവുപോലെ ഉണര്‍ന്ന അമ്മ സമീപത്തെ കട്ടിലില്‍ സ്മിതയെ കാണാഞ്ഞതിനെ തുടര്‍ന്ന് നോക്കുമ്പോഴാണ് സന്ദര്‍ശക മുറിയില്‍ ഫാനില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ മോനിയെ ഉണര്‍ത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പ്രത്യേക കുറ്റന്വേഷണ വിഭാഗമടക്കം വന്‍ പൊലീസ് സംഘം എത്തി മൃതദേഹം അഴിച്ചിറക്കി ശുമൈസി കിങ് സഊദ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ഗൃഹനാഥനെന്ന നിലയില്‍ മോനിയെ കൊണ്ടുപോയി ചോദ്യം ചെയ്തെങ്കിലും പിന്നീട് വിട്ടയച്ചു.
ആത്മഹത്യ ചെയ്യാനുള്ള കാരണം അറിയില്ല. വീട് വെച്ചതിന്‍െറ കടബാധ്യത തീര്‍ക്കാനാണ് സ്മിത ജോലിക്ക് വന്നതെന്ന് പറയുന്നു. പ്ളസ്ടു വിദ്യാര്‍ഥിനിയായ ആവണി, പത്താം ക്ളാസ് വിദ്യാര്‍ഥിയായ അമ്പാടി എന്നിവരാണ് മക്കള്‍. മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ കഴിയുമെന്നും അതിനുവേണ്ടിയുള്ള പൊലീസ് ക്ളിയറന്‍സ് രേഖ ഞായറാഴ്ച നല്‍കാമെന്ന് പൊലീസ് അറിയിച്ചതായും ഒ.ഐ.സി.സി ജീവകാരുണ്യ കണ്‍വീനര്‍ സജ്ജാദ് ഖാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.