ജിദ്ദ: അനാഥ വിദ്യാര്‍ഥികള്‍ക്കായി കടല്‍ തീരത്തും പാര്‍ക്കിലും ഉല്ലാസ യാത്ര സംഘടിപ്പിച്ച് തൊഴില്‍, സാമൂഹിക മന്ത്രാലയം സാമൂഹിക പ്രതിബദ്ധതയുടെ വേറിട്ട കാഴ്ചകളൊരുക്കി. 30 അനാഥ കുട്ടികള്‍ക്കാണ് തൊഴില്‍ മന്ത്രാലയം ഉല്ലാസ യാത്ര സമ്മാനിച്ചത്. ജിദ്ദ കോര്‍ണീഷിലും റെഡ്സീ മാളിലുമാണ് അധികൃതര്‍ കുട്ടികള്‍ക്ക് കളിക്കാനും ബോട്ട് യാത്രക്കുമൊക്കെ സൗകര്യമൊരുക്കിയത്. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും കൈതാങ്ങ് ആവശ്യമുള്ളവര്‍ക്കുമൊപ്പമാണ് തൊഴില്‍, സാമൂഹിക ക്ഷേമ വകുപ്പെന്ന് വ്യക്തമാക്കുന്നതായിരുന്നു പരിപാടി. കായിക വകുപ്പിന്‍െറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പൊതുസമൂഹത്തില്‍ എങ്ങനെ പെരുമാറണമെന്നും ധാര്‍മിക മൂല്യങ്ങളെന്താണെന്നും കുട്ടികളെ ബോധ്യപ്പെടുത്താന്‍ ഇത്തരം യാത്രകളിലൂടെ സാധ്യമാകുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നു. ഒരുമയുടെയും ഒന്നിച്ചു നില്‍ക്കേണ്ടതിന്‍െറയും പ്രധാന്യം പകര്‍ന്ന് നല്‍കാന്‍ സഹായകമായ വിനോദ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്.
അനുഭവത്തിലൂടെ അറിവു നേടുക എന്നതും യാത്രയുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു. കോര്‍ണീഷിലാണ് ബോട്ട് യാത്ര സംഘടിപ്പിച്ചത്. കുട്ടികള്‍ കടലിലും കടല്‍ തീരത്തും തിമിര്‍ത്താടി. കോര്‍ണീഷിലെ അക്വേറിയവും അവര്‍ സന്ദര്‍ശിച്ചു. പിന്നീട് റെഡ് സീ മാളിലെ വിവിധ ഗെയിമുകളുടെ ലോകം അവര്‍ക്കു മുന്നില്‍ തുറക്കപ്പെട്ടു. ആവേശത്തോടെയാണ് അവര്‍ വിനോദങ്ങളിലേര്‍പ്പെട്ടത്. മാളിലെ വിനോദ കേന്ദ്രത്തിലുള്ള മുഴുവന്‍ ഗെയിമുകളും അവര്‍ പരീക്ഷിച്ചു.
ഇത്തരം യാത്രകള്‍ ഇനിയും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാനില്‍ അനാഥര്‍ക്കൊപ്പം നോമ്പു തുറന്ന് തൊഴില്‍ മന്ത്രി ഡോ. മുഫര്‍റജ് ഹഖബാനി സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവരെയും ദുര്‍ബലരായവരെയും അശരണരായവരെയും സഹായിക്കാന്‍ മുന്നോട്ടു വരണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
അനാഥരെ സഹായിക്കാന്‍ മുന്നോട്ടുവരുന്നവരോടൊപ്പം തൊഴില്‍, സാമൂഹിക വകുപ്പുമുണ്ടാകുമെന്ന് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് അനാഥര്‍ക്കായി തൊഴില്‍ വകുപ്പ് ഉല്ലാസ യാത്രയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.