നജ്റാന്‍: യമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന തെക്കന്‍ സൗദിമേഖലയില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ പ്രദേശവാസികള്‍ ഒഴിയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച യമന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിരവധി തവണയാണ് മിസൈലുകളും ഷെല്ലുകളും ഈ ഭാഗത്ത് പതിച്ചത്. മലയാളികള്‍ ഉള്‍പ്പെടെ ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തു. വ്യാഴാഴ്ച ജീസാന് സമീപം മുവസ്സമില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലം സ്വദേശി മരിച്ചതാണ് ഒടുവിലത്തെ സംഭവം.
തുടക്കത്തില്‍ ഷെല്ലുകളാണ് ഹൂതികള്‍ തൊടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ ചെറുതും വലുതുമായ മിസൈലുകളാണ് ഉപയോഗിക്കുന്നത്. മലയാളികള്‍ ഏറെയുള്ള നജ്റാന്‍, ജീസാന്‍, ദഹ്റാന്‍ ജുനൂബ് ഭാഗങ്ങളൊക്കെ ഹൂതികളുടെ ആക്രമണലക്ഷ്യമാകുന്നുണ്ട്. പകലും രാത്രിയിലും ഭീതിയിലാണ് പ്രദേശവാസികള്‍. കഴിഞ്ഞ ദിവസങ്ങളില്‍ നജ്റാന്‍ ഭാഗത്ത് സ്വദേശികളെ കൂടാതെ രണ്ട് തമിഴ്നാട് സ്വദേശികളും ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ജീസാനില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെയുള്ള തിവാല്‍, കോബ ഭാഗങ്ങളില്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്. ഈ പ്രദേശങ്ങളില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ മാറ്റിപാര്‍പ്പിച്ചിരുന്നു. ഭയന്ന് പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ പോയവരുമുണ്ട്. മുമ്പ് സാംത ആശുപത്രി പരിസരങ്ങളില്‍ തുടര്‍ച്ചയായ ആക്രമണം ഉണ്ടായപ്പോള്‍ നിരവധി നഴ്സുമാര്‍ ഇവിടെ നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലത്തെിയിരുന്നു.
വീഴുന്ന ഭാഗത്തെ ഒന്നാകെ നശിപ്പിക്കാന്‍ ശക്തിയുള്ള നാല് വലിയ മിസൈലുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നജ്റാന്‍ ഭാഗത്തേക്ക് തൊടുത്തത്. ഇതില്‍ മൂന്നെണ്ണവും സഖ്യസേന ആകാശത്തുവെച്ച് നിര്‍വീര്യമാക്കി. ഒരെണ്ണം മാത്രമാണ് താഴെ വീണത്. അത് മരുഭൂമിയിലായതിനാല്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. രണ്ടാഴ്ച മുമ്പ് ഖമീസ് മുശൈത് പുതിയ സനാഇയ്യയിലും ഇതുപോലെ വലിയ ഒരു മിസൈല്‍ എത്തിയിരുന്നെങ്കിലും ആകാശത്ത് വെച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. യുദ്ധത്തിന്‍െറ തുടക്കത്തില്‍ അടച്ച നജ്റാന്‍ വിമാനത്താവളം ഇതുവരെയും തുറന്നിട്ടില്ല.നജ്റാന്‍ ഭാഗത്തെ സ്വദേശി കുടുംബങ്ങളില്‍ പകുതിയിലേറെയും പ്രദേശം വിട്ടുവെന്നും അതിനാല്‍ തന്നെ കച്ചവടവും മറ്റും ഏറെ കുറഞ്ഞിട്ടുണ്ടെന്നും വാഹനങ്ങളുടെ സ്പെയര്‍ പാര്‍ട്സുകള്‍ കച്ചവടം നടത്തുന്ന എറണാകുളം സ്വദേശി നിസാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. പല വലിയ സ്ഥാപനങ്ങളുടേയും ഇവിടെ പ്രവര്‍ത്തിച്ചിരുന്ന ശാഖകള്‍ പൂട്ടി. സ്വന്തമായി കച്ചവടം നടത്തുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കിട്ടുന്ന വിലക്ക് സ്ഥാപനങ്ങള്‍ കൊടുത്ത് ഒഴിവാക്കി പോകുകയാണെന്നും ഇവിടത്തുകാര്‍ പറയുന്നു. കുടുംബമായി താമസിച്ചിരുന്ന മിക്കവരും വീട്ടുകാരെ ആറ് മാസത്തേക്ക് റീ എന്‍ട്രി വിസയില്‍ നാട്ടിലയച്ചിരിക്കുകയാണ്. വിസ കാലാവധി കഴിഞ്ഞ് തിരിച്ചത്തെിയ ചില മലയാളി കുടുംബങ്ങളെ വീണ്ടും ആറ് മാസത്തേക്ക് നാട്ടിലേക്ക് തിരിച്ചയച്ചു.
നജ്റാന്‍ ഭാഗത്ത് താമസിക്കുന്ന വിദേശികള്‍ക്കടക്കം ഇടക്കിടക്ക് സിവില്‍ ഡിഫന്‍സിന്‍െറ മുന്‍കരുതല്‍ മൊബൈല്‍ സന്ദേശങ്ങള്‍ വരുന്നുണ്ടെന്ന് കുടിവെള്ള വിതരണ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ ഹമീദ് പറഞ്ഞു. ‘വഴിയരികില്‍ കിടക്കുന്ന ഒരു സാധനവും എടുക്കരുത്’ എന്നതായിരുന്നു കഴിഞ്ഞ ദിവസം വന്ന സന്ദേശം. ‘രണ്ട് നിലകളുള്ള കെട്ടിടത്തില്‍ താമസിക്കുന്നവര്‍ താഴത്തെ നിലയിലേക്ക് മാറണമെന്നും’ സന്ദേശം വന്നിരുന്നു. ‘അത്യാവശ്യമില്ലാതെ ആരും കെട്ടിടത്തിന് പുറത്തിറങ്ങരുതെന്ന്’ ആയിരുന്നു വേറൊരു സന്ദേശം. ജീസാന്‍െറ പല ഭാഗങ്ങളിലും ഇപ്പോള്‍ സ്കഡ് മിസൈലുകള്‍ എത്താറുണ്ടെങ്കിലും പ്രധാന പട്ടണങ്ങളില്‍ ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ പട്ടണങ്ങളില്‍ താമസിക്കുന്നവര്‍ക്ക് വലിയ ഭീതി അനുഭവപ്പെട്ടിട്ടില്ല. യുദ്ധം അവസാനിച്ച് സമാധാനം തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഇവിടങ്ങളില്‍ താമസിക്കുന്ന മിക്ക വിദേശികളടക്കം ഓരോ ദിനവും തള്ളിനീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.