ജീസാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക്  എംബസി സേവനം കുടുസ്സുമുറിയില്‍

ജീസാന്‍: ജീസാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പാസ്പോര്‍ട്ട് സേവനം, അറ്റസ്റ്റേഷന്‍,ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ എംബസിയുടെ സേവനം ദുരിതപൂര്‍ണം. ഒൗട്ട് സോഴ്സ് ഏജന്‍സിയുടെ (വി.എച്ച്.എസ്.എഫ്) നിരുത്തരവാദപരമായ പെരുമാറ്റം മൂലമാണ് ഇന്ത്യന്‍ എംബസിയുടെ സേവനം തേടുന്നവര്‍ക്ക് ദുരിതം അനുഭവിക്കേണ്ടി വരുന്നത് എന്നാണ് പരാതി. മാസത്തില്‍ ഒരു തവണ മാത്രമാണ് ഇന്ത്യക്കാരുടെ പാസ്പോര്‍ട്ട് സേവനങ്ങള്‍ക്കും മറ്റുമായി എംബസി ഉദ്യോഗസ്ഥര്‍  ജീസാന്‍ സന്ദര്‍ശിക്കുന്നത്. ഇവര്‍ക്ക് ഏജന്‍സി ഒരുക്കുന്നത്  30 പേര്‍ക്ക് മാത്രം നില്‍ക്കാന്‍ സാധിക്കുന്ന കുടുസ്സായ ഒരു മുറി. ജീസാനിലെ അദ്നാന്‍ ഹോട്ടല്‍ ഓഡിറ്റോറിയമായിരുന്നു നേരത്തെ സേവനത്തിന് ഉപയോഗിച്ചിരുന്നത്. അവിടെ തന്നെയുള്ള ചെറിയ ഒരു മുറിയിലാണ് ഇപ്പോഴത്തെ ഏജന്‍സി എംബസിക്കായി ഏര്‍പ്പാടാക്കുന്നത്. പണം ലാഭിക്കാനാണ്  ഏജന്‍സി ഇപ്രകാരം ചെയ്യുന്നത് എന്നാണ് അപേക്ഷകഡടെ പരാതി. എല്ലാ മാസവും നൂറ്റമ്പതോളം അപേക്ഷകരാണ് സന്ദര്‍ശന സമയത്ത് എംബസി സേവനത്തിന് ഇവിടെ എത്താറുള്ളത്. പലപ്പോഴും നീണ്ട നിര പ്രധാന പാതയിലേക്കും നീളും. കുട്ടികളുമായി വരുന്നവരും മറ്റും വളരെ പ്രയാസം അനുഭവിക്കുന്നു. വൃത്തിയുള്ള ടോയിലറ്റുകള്‍  ഇല്ലാത്തത് ദൂരെ നിന്ന്  വരുന്നവര്‍ക്ക് പ്രയാസം ഉണ്ടാക്കുന്നു. നേരത്തെ എല്ലാ ദിവസവും പ്രവര്‍ത്തിച്ച ഓഫീസ് അപേക്ഷകര്‍ക്ക് വളരെ സഹായകമായിരുന്നു. എന്നാല്‍ ഇപ്പോഴുള്ള ഏജന്‍സിക്ക് അത്തരത്തില്‍ ഓഫീസ് ഇല്ലാത്തതും എംബസിയുടെ സന്ദര്‍ശനം പലരും അറിയാത്തതും പ്രവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നാണ് ആക്ഷേപം.
      അതുമൂലം അവസാന തീയതി കഴിഞ്ഞാണ് പലര്‍ക്കും പാസ്പോര്‍ട്ട് പുതുക്കാന്‍ സാധിക്കുന്നത്. ഏജന്‍സിക്ക് ഓഫീസ് ഇല്ലാത്തതിനാല്‍ സന്ദര്‍ശന ദിവസം വന്‍തിരക്ക് അനുഭവപ്പെടുന്നുണ്ട്. സേവനത്തിന് വരുന്ന ഉദ്യോഗസ്ഥന്‍ സീല്‍ കൊണ്ടുവരാത്തത് പല തവണ  അപേക്ഷകര്‍ക്ക് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. എല്ലാ ദിവസവും പ്രവര്‍ത്തിക്കുന്ന ഏജന്‍സി ഓഫീസ് തുടങ്ങണമെന്നും എംബസിയുടെ സേവനം സൗകര്യമുള്ള സ്ഥലത്തേക്ക് മാറ്റണമെന്നുമാണ്  അപേക്ഷകര്‍  ആവശ്യപ്പെടുന്നത് 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.