റിയാദ്: ചമയക്കൂട്ടുകള്‍ ഏറെയില്ലാതെ, ആടയാഭരണങ്ങളുടെ അമിത തിളക്കമില്ലാതെ, പാരമ്പര്യത്തിന്‍െറ സുഖമുള്ള നൃത്തച്ചുവടുകള്‍ ജനാദിരിയയില്‍ നടക്കുന്ന സൗദി ദേശീയോത്സവത്തിന്‍െറ കാഴ്ചകളെ സമ്പന്നമാക്കുന്നു. താളത്തിലുള്ള ചുവടുകള്‍ക്കൊപ്പിച്ച് തൂവെള്ള നീളന്‍ കുപ്പായവും നിറമുള്ള ചേലകളും ചുറ്റി അരങ്ങു തകര്‍ക്കുന്ന യുവാക്കളുടെ സംഘ നൃത്തം കാണാന്‍ കുട്ടികളും സ്ത്രീകളും അടക്കം ആയിരങ്ങളാണ് ഉത്സവ പറമ്പിലത്തെുന്നത്. സൗദിയുടെ 13 പ്രവിശ്യകളുടെയും വൈവിധ്യമാര്‍ന്ന പരമ്പരാഗത നൃത്തങ്ങള്‍ ആസ്വദിക്കാനുള്ള അപൂര്‍വ തട്ടകം കൂടിയാണ് ജനാദിരിയ. ഓരോ പ്രവിശ്യയുടെയും നൃത്തങ്ങള്‍ വ്യത്യസ്തമാണ്. കേരളത്തിന്‍െറ കലോത്സവങ്ങളില്‍ ചിരപരിചിതമായ ദഫ് മുട്ടിനോട് സാദൃശ്യമുള്ള നൃത്ത രൂപവും കൂട്ടത്തിലുണ്ട്. വിശാലമായ രാജ്യത്തിന്‍െറ മലനിരകളില്‍ നിന്ന് വരുന്നവര്‍ക്കും ദ്വീപ് നിവാസികള്‍ക്കും താഴ്വരയിലുള്ള ഗ്രാമീണര്‍ക്കും മരുഭൂവാസികള്‍ക്കും തനതു നൃത്തങ്ങളുണ്ട്. പ്രദേശങ്ങള്‍ മാറുന്നതിനനുസരിച്ച് നൃത്തം മാറുന്നു. ചേലകളും വസ്ത്രധാരണ രീതിയും വിഭിന്നമാവുന്നു. ഓരോ ചുവടുകളും വ്യത്യസ്തമാണ്. പാടുന്ന പാട്ടുകള്‍ വേറെയാണ്. ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ പോലുമുണ്ട് വേര്‍തിരിവുകള്‍. ‘നബാതി‘ എന്നറിയപ്പെടുന്ന ഗ്രാമീണ കാവ്യങ്ങളാണ് ചുവടുകള്‍ക്കൊപ്പിച്ച് പാടുന്നത്. സംഘ ഗാനത്തോടെയാണ് നൃത്തം അരങ്ങേറുന്നത്. 10 പേരടങ്ങുന്ന രണ്ട് സംഘങ്ങളായാണ് നര്‍ത്തകര്‍ വേദിയിലത്തെുന്നത്. സംഘത്തലവന്‍ മധ്യത്തില്‍ നിലയുറപ്പിക്കുന്നു. അയാളുടെ കൈയില്‍ ഗ്രാമീണരുപയോഗിക്കുന്ന വടിയുണ്ടാകും. ചിലപ്പോഴത് തിളങ്ങുന്ന വാളാണ്. ചില നൃത്തരൂപങ്ങളില്‍ സംഘത്തിലുള്ളവരെല്ലാം വാളും വടിയുമേന്തുന്നു.
പതിഞ്ഞ താളത്തില്‍ തുടങ്ങി പാട്ടിനൊപ്പിച്ച് താളത്തിനും ചുവടുകള്‍ക്കും ജീവന്‍ വെക്കുന്നു. അറബനയുടെയും ധോലകിന്‍െറയും ചെണ്ടയുടെയുമൊക്കെ അകമ്പടിയോടെയാണ് ചുവടുകള്‍ പുരോഗമിക്കുന്നത്. ഇരുന്നും നിന്നും ചാഞ്ഞും ചരിഞ്ഞും ചാടിയും ചുവടുകള്‍ മാറിയും വേദിയില്‍ വട്ടം ചുറ്റിയുമൊക്കെ കാണികള്‍ക്ക് ഹരം പകര്‍ന്ന് അവരെ കൂടി നൃത്തത്തില്‍ പങ്കാളികളാക്കിയാണ് ആട്ടവും പാട്ടും ഉച്ചസ്ഥായിയിലത്തെുന്നത്. ചില നൃത്തങ്ങളില്‍ സംഘത്തില്‍ നിന്ന് വ്യത്യസ്തമായ വസ്ത്രമുടുത്ത നായകന്‍ ചുവടുകള്‍ക്ക് നേതൃത്വം നല്‍കുന്നു. അയാളുടെ അനക്കങ്ങളെയും വരികളെയും കൂടെയുള്ളവര്‍ പിന്തുടരുന്നു. വാദ്യങ്ങളുടെ അകമ്പടിയോടെ ഈണത്തിലുള്ള പാട്ടും ചുവടുകളുമായി വിവിധ സംഘങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ അതില്‍ ലയിച്ച് കാണികളും താളം പിടിക്കുന്നു. ദ്രുതതാളത്തിലത്തെുന്ന നൃത്തം ഒടുവില്‍ പതി താളത്തിലേക്ക് മാറുന്നു. സംഘത്തലന്‍ പിന്നിലും മറ്റുള്ളവര്‍ പിറകിലുമായി ഭംഗിയില്‍ ചുവടുവെച്ച് ഓരോരുത്തരായി വേദി വിടുന്നു.
ചില നൃത്തങ്ങളില്‍ പാട്ടും ചുവടും കൊട്ടും ഒന്നിച്ച് പൊടുന്നനെ നിലക്കുന്നു. ജീസാന്‍, ഹാഇല്‍, അല്‍ഖസീം തുടങ്ങിയ പ്രവിശ്യകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ നൃത്ത രൂപങ്ങള്‍ എത്തിയിരിക്കുന്നത്. പൂരപ്പറമ്പിലെ തായമ്പകയും ഇലഞ്ഞിത്തറ മേളവുമൊക്കെ ആസ്വദിച്ച പ്രതീതിയാണ് ഓരോ നൃത്തവും കഴിയുമ്പോഴുണ്ടാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.