മയക്കുമരുന്ന് വേട്ട; ആറ് മാസത്തിനകം പിടിയിലായത് 1461 പേര്‍

റിയാദ്: സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ ആറ് മാസത്തിനകം നടന്ന മയക്കുമരുന്ന് വേട്ടയില്‍ 1461 പേര്‍ പിടയിലായതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷ വിഭാഗം വ്യക്തമാക്കി. ഇതില്‍ 512 പേര്‍ സ്വദേശികളും ബാക്കിയുള്ളവര്‍ 38 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുമാണ്. 
42 ഇന്ത്യക്കാരും പിടിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ഹിജ്റ വര്‍ഷത്തിലെ ആദ്യ നാല് മാസത്തില്‍ പിടിക്കപ്പെട്ട 953 പേര്‍ക്ക് പുറമെയാണിത്. കഴിഞ്ഞ പത്ത് മാസത്തിനകം ആകെ 2414 പേര്‍ മയക്കുമരുന്നു കേസുകളില്‍ സൗദിയില്‍ പിടിയിലായിട്ടുണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍െറ കണക്ക്. കൂടാതെ ദശലക്ഷക്കണക്കിന് റിയാലും ആയുധങ്ങളും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മുഖ്യമായും ഒമ്പത് മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ആറ് മാസത്തിനകം നടന്നത്. സംഭവത്തില്‍ മൂന്ന് സുരക്ഷാഭടന്മാര്‍ക്ക്  ജീവന്‍ നഷ്ടപ്പെടുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്ത്, കച്ചവടം, ഇന്‍ര്‍നെറ്റിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പ്രചാരണം എന്നീ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പിടിയിലായവര്‍. ഹെറോയിന്‍, ഹഷീഷ്, മയക്കുമരുന്ന് ഗുളികകള്‍ എന്നിവയാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്. ചില വിദേശ രാജ്യങ്ങളുടെ സഹകരണം കൂടി ലഭിച്ചതിനാലാണ് സുരക്ഷാവിഭാഗത്തിന്‍െറ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാനായതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍െറ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.