ദമ്മാം: സൗദി അറേബ്യയുടെ ചരിത്രവും വര്‍ത്തമാനവും കോറിയിടുന്ന ദൃശ്യ പ്രദര്‍ശനമൊരുക്കി കിഴക്കന്‍ പ്രവിശ്യ വേനല്‍ക്കാലയുത്സവം സന്ദര്‍ശകരുടെ മനം കവരുന്നു. കഴിഞ്ഞയാഴ്ച തിരി തെളിഞ്ഞ ഉത്സവത്തിലാണ് സൗദിയുടെ രൂപവത്കരണം തൊട്ട് ഇന്നോളമുള്ള ചരിത്രത്തിന്‍െറ നാള്‍വഴികള്‍ കോര്‍ത്തിണക്കി പ്രദര്‍ശനമൊരുക്കിയിരിക്കുന്നത്. ദമ്മാം നഗരസഭയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. ആധുനിക സൗദി അറേബ്യയുടെ രൂപവത്കരണം മുതല്‍ 2016 വരെയുള്ള രാജ്യത്തിന്‍െറ സാമൂഹിക, സാംസ്ക്കാരിക, സാമ്പത്തിക വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ മനോഹരമായി ദൃശ്യവത്കരിക്കുന്നുണ്ട്.
ഗ്രാമീണ ബദവീ ജീവിതത്തില്‍ നിന്ന് നാഗരിക ജീവിതത്തിലേക്ക് നടന്നുകയറിയ ചരിത്രത്തിന്‍െറ പരിണാമ ദശകളാണ് ദൃശ്യങ്ങളിലുള്ളത്. പെട്രോളിന്‍െറ സാന്നിധ്യം കണ്ടുപിടിക്കുന്നതോടെ രാജ്യത്ത് വന്ന് ചേരുന്ന വിപ്ളവാത്മകമായ മാറ്റങ്ങളും നാഗരിക വളര്‍ച്ചയും അടയാളപ്പെടുത്തിയിട്ടുണ്ട്. സൗദിയുടെ സ്ഥാപകനും ആദ്യത്തെ രാജാവുമായ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുറഹ്മാന്‍െറ ചിത്രമാണ് പ്രവേശന കവാടത്തിന് അടുത്ത് സ്ഥാപിച്ചിരിക്കുന്നത്.
പിന്നീട് ഓരോ രാജാക്കന്‍മാരുടെയും ചിത്രങ്ങള്‍ അവരുടെ അധികാര ശ്രേണിയുടെയും കാലയളവിന്‍െറയും അടിസ്ഥാനത്തില്‍ ക്രമീകരിച്ചിരിക്കുന്നു. രാജ്യത്തിന്‍െറ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിച്ച ഭരണാധികാരികളായ സഊദ്, ഫൈസല്‍, ഖാലിദ്, ഫഹദ്, അബ്ദുള്ള എന്നിങ്ങനെ അണിനിരത്തിയിരിക്കുന്ന ഭരണകര്‍ത്താക്കളുടെ അലങ്കരിച്ച ചിത്രങ്ങളില്‍ ഒടുവിലത്തേത് രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബ്ന്‍ സല്‍മാനാണ്. ഒരു പറ്റം ചെറുപ്പക്കാരാണ് ഈ വിസ്മയിപ്പിക്കുന്ന ദൃശ്യ വിരുന്ന് ഒരുക്കിയിരിക്കുന്നതെന്ന് നഗരസഭ വകുപ്പ് മേധാവി ഫഹദ് അല്‍ജുബൈര്‍ അറിയിച്ചു. ഇന്ന് കാണുന്ന കിഴക്കന്‍ പ്രവിശ്യയുടെയും പ്രവിശ്യയിലെ വിവിധ നഗരങ്ങളുടെയും ചരിത്രത്തിന്‍െറ കഥപറയുന്ന രംഗങ്ങള്‍ സവിശേഷ പ്രാധാന്യത്തോടെ ചിത്രീകരിച്ചിട്ടുണ്ട്.
ഗോത്ര വര്‍ഗ ബദവീ ജീവിത രീതികളില്‍ നിന്ന് നാഗരിക ജീവിതത്തിലേക്കുള്ള സഞ്ചാരത്തിന്‍െറ ചുവടുകള്‍ വരച്ച് കാണിക്കുന്നുണ്ട്. കണ്ണീരും പുഞ്ചിരിയും കലര്‍ന്ന പഴയകാല ഗ്രാമീണ മരുഭൂ ജീവിതങ്ങളുടെ ചിത്രങ്ങള്‍ ഏറെ വാചാലമാണ്. നഗരങ്ങളെങ്ങനെ രുപം കൊള്ളുന്നുവെന്നത് പഴയ കാല ദമ്മാമിന്‍െറയും അല്‍അഹ്സയുടെയും ചിത്രങ്ങളും ചരിത്രവും നമ്മോട് പറയും.
ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും സംയോജിപ്പിച്ച് ആകര്‍ഷകമായ പശ്ചാത്തല സംഗീതത്തോടെയാണ് പ്രദര്‍ശനം സംവിധാനിച്ചിരിക്കുന്നത്. കിഴക്കന്‍ പ്രവിശ്യയുടെ വേനല്‍ക്കാല ഉത്സവം എന്നര്‍ഥം വരുന്ന "മഹര്‍ജാന്‍ സൈഫ് അല്‍ശര്‍ഖിയ്യ 37' എന്ന തലക്കെട്ടിലാണ് മേള അരങ്ങേറുന്നത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ, മികച്ച ശബ്ദ-വെളിച്ച ക്രമീകരണങ്ങളോടെയാണ് വേദി സജ്ജീകരിച്ചിരിക്കുന്നത്.
പുതുതലമുറക്ക് അന്യം നിന്ന് പോവുന്ന അറബികളുടെ സമ്പുഷ്ട സാംസ്ക്കാരിക പൈതൃകത്തെയും ചരിത്രത്തെയും പാരമ്പര്യ കലാരൂപങ്ങളെയും അടയാളപ്പെടുത്തുന്ന പവലിയനുകളും പരിപാടികളും ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വൈവിധ്യമാര്‍ന്ന അമ്പതോളം കലാ വൈജ്ഞാനിക വിനോദ പരിപാടികളും ആഗസ്റ്റ് 27 ന് തിരശീല വീഴുന്ന മേളയില്‍ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.