റിയാദ്: സൗദി മന്ത്രിസഭയുടെ അംഗീകാരത്തോടെ കുത്തനെ കൂട്ടിയ വിസ ഫീസ് എല്ലാ വിസകള്‍ക്കും ബാധകമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഒക്ടോബര്‍ രണ്ടു മുതലാണ് നിയമം പ്രാബല്യത്തില്‍ വരുന്നത്. തൊഴില്‍ വിസ, സന്ദര്‍ശന വിസ, ഹജ്ജ്, ഉംറ തീര്‍ഥാടന വിസ, താമസ വിസ എന്നിവക്കെല്ലാം വര്‍ധനവ് ബാധകമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ കോണ്‍സല്‍ വിഭാഗം അണ്ടര്‍ സെക്രട്ടറി തമീം അദ്ദൂസരി പറഞ്ഞു. മന്ത്രിസഭ തീരുമാനം വിശദീകരിക്കുന്നതിന്‍െറ ഭാഗമായി ‘അല്‍ഇഖ്ബാരിയ്യ ചാനലിന് നല്‍കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആദ്യ തവണ വരുന്ന തൊഴില്‍, തീര്‍ഥാടന വിസ എന്നിവക്കെല്ലാം 2000 റിയാലാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്തേക്ക് ആദ്യമായി ഉംറ, ഹജ്ജ് എന്നിവക്കായി വരുന്ന തീര്‍ഥാടകരുടെ വിസയുടെ ഫീസ് സൗദി സര്‍ക്കാര്‍ വഹിക്കും. വീണ്ടും തീര്‍ഥാടനത്തിനായി വരുന്നവര്‍ 2000 റിയാല്‍ നല്‍കേണ്ടിവരും. ഒന്നിലധികം തവണ വന്നു പോകാന്‍ സാധിക്കുന്ന സന്ദര്‍ശന വിസക്ക് (മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസ) കാലാവധിക്കനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. ആറ് മാസത്തെ കാലാവധിയുള്ള സന്ദര്‍ശന വിസക്ക് 3000 റിയാല്‍, ഒരു വര്‍ഷത്തെ കാലാവധിയുള്ള വിസക്ക് 5000 റിയാല്‍ രണ്ട് വര്‍ഷത്തേക്ക് 8000 റിയാല്‍ എന്നിങ്ങനെയാണ് ഫീസ്. സൗദി പൗരന്മാര്‍ക്ക് വിസക്ക് ഫീസ് വേണ്ടാത്ത രാജ്യങ്ങളുണ്ട്. അത്തരം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇങ്ങോട്ടു വരാനും വിസ സൗജന്യമാണ്. ഈ ധാരണയുള്ള രാജ്യങ്ങള്‍ക്ക് തീരുമാനം ബാധകമല്ളെന്ന് തമീം അദ്ദൂസരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.