തൊഴില്‍ പ്രശ്നം: സൗദി 10 കോടി റിയാല്‍ നല്‍കും

റിയാദ്: മാസങ്ങളായി ശമ്പളം മുടങ്ങി ദുരിതത്തിലായ തൊഴിലാളികളുടെ പ്രശ്നത്തില്‍ സല്‍മാന്‍ രാജാവിന്‍െറ ശക്തമായ ഇടപെടല്‍. തൊഴിലാളികള്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്യാന്‍ അടിയന്തര സഹായമായി 10 കോടി റിയാല്‍ തൊഴില്‍ മന്ത്രാലയത്തിന് അനുവദിക്കാന്‍ ധന മന്ത്രാലയത്തോട് രാജാവ് ഉത്തരവിട്ടു. പ്രതിസന്ധിയിലായ കമ്പനികളിലെ തൊഴിലാളികള്‍ക്ക് ഈ തുക വിതരണം ചെയ്യും. വേതന സുരക്ഷ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന തുക പിന്നീട് കമ്പനികളുടെ അക്കൗണ്ടില്‍ നിന്ന് ഈടാക്കും.

പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറില്‍ ഒമ്പതു മാസമായി ശമ്പളം മുടങ്ങി കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ആശ്വാസമാകുന്നതാണ് രാജ ഉത്തരവ്. ഇതോടെ നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്കും മറ്റ് കമ്പനികളിലേക്ക് മാറുന്നവര്‍ക്കും ആനുകൂല്യങ്ങള്‍ ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍ക്കാറുമായി കരാറിലേര്‍പ്പെട്ട കമ്പനികള്‍ക്ക് കരാര്‍ തുക നല്‍കുന്നതിന് മുമ്പ് തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടോയെന്ന് തൊഴില്‍ വകുപ്പില്‍ നിന്ന് ഉറപ്പുവരുത്തണമെന്നും ശമ്പളം നല്‍കുന്നതില്‍ വീഴ്ചവരുത്തുന്ന കമ്പനികളോട് വിട്ടു വീഴ്ചയുണ്ടാവരുതെന്നും രാജാവ് നിര്‍ദേശിച്ചു. പ്രതിസന്ധിയിലായ തൊഴിലാളികളുടെ താമസം, ഭക്ഷണം എന്നിവ എത്രയും വേഗം പരിഹരിക്കാനും സ്വദേശത്തേക്ക് തിരിച്ചുപോകാനാഗ്രഹിക്കുന്ന തൊഴിലാളികളെ സൗദി എയര്‍ലൈന്‍സില്‍ സൗജന്യമായി നാട്ടിലത്തെിക്കാനും തൊഴില്‍ മന്ത്രിയെ ചുമതലപ്പെടുത്തി. തിരിച്ചു പോകുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നിയമ നടപടികളിലൂടെ ലഭ്യമാക്കി അവരുടെ വീടുകളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കണം.

ഏതെങ്കിലും ക്യാമ്പുകളില്‍ വൈദ്യുതി ബന്ധം വിഛേദിച്ചിട്ടുണ്ടെങ്കില്‍ പുനഃസ്ഥാപിക്കണം. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ഇന്ത്യന്‍ അംബാസഡറെയും മറ്റ് രാജ്യങ്ങളുടെ അംബാസഡര്‍മാരെയും പ്രത്യേകം അറിയിക്കണം. ഇന്ത്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തുന്ന ശ്രമങ്ങള്‍ ജനങ്ങളുടെ മുന്നില്‍വെക്കണമെന്നും തൊഴില്‍ മന്ത്രിക്ക് നല്‍കിയ രാജ നിര്‍ദേശത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.