ജിദ്ദ: ആശ്വാസവാക്കുകളുമായി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.കെ.സിങ് മറ്റൊരു ലേബര്‍ ക്യാമ്പ് കൂടി സന്ദര്‍ശിച്ചു. വ്യാഴാഴ്ച മക്ക റോഡിലെ ശുമൈസി ക്യാമ്പ് സന്ദര്‍ശിച്ചതിന് പിന്നാലെ ജിദ്ദ കോര്‍ണീഷിലെ ഓജര്‍ കമ്പനിയുടെ ക്യാമ്പിലാണ് വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ മന്ത്രി എത്തിയത്.
സൗദി ലേബര്‍ വകുപ്പ് മക്ക മേഖലാ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് ഒലയ്യാന്‍ മന്ത്രിയെ സ്വീകരിക്കാന്‍ നേരത്തെ ക്യാമ്പിലത്തെി.
ആര്‍പ്പുവിളികളോടെയാണ് തൊഴിലാളികള്‍ മന്ത്രിയെയും അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെയും സ്വീകരിച്ചത്. സൗദി സര്‍ക്കാര്‍ ഇന്ത്യന്‍ തൊഴിലാളികളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന ഉദാരസമീപനത്തെ പുകഴ്ത്തിക്കൊണ്ടാണ് വി.കെ.സിങ് തൊഴിലാളികളോട് സംസാരിച്ചു തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയതുപോലെ തൊഴിലാളികളുടെ തിരിച്ചുപോക്കിനും തൊഴില്‍ മാറ്റത്തിനും സൗദി തൊഴില്‍ വകുപ്പ് എല്ലാവിധ സൗകര്യങ്ങളും ചെയ്തു തരാന്‍ തയാറായിട്ടുണ്ട്. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും എത്രയും പെട്ടന്ന് വാങ്ങിത്തരാന്‍ പുതിയ ധാരണപ്രകാരം ഇന്ത്യന്‍ എംബസി ബാധ്യസ്ഥമാണ്.
നാട്ടിലേക്ക് തിരിക്കുന്നവര്‍ അതിനാവശ്യമായ ഫോറങ്ങള്‍ പൂരിപ്പിച്ചു നല്‍കുകയും എംബസിയെ അധികാരപ്പെടുത്തുകയും വേണം. ഈ രേഖകളിലെല്ലാം ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിത്തരും. നാട്ടിലേക്ക് പോകുന്നവരുടെ അക്കൗണ്ടില്‍ ശമ്പള കുടിശ്ശിക ഉള്‍പെടെ ആനുകൂല്യങ്ങള്‍ എത്തിയിരിക്കും.
ഇവിടെ തുടരുന്നവര്‍ക്ക് ഘട്ടം ഘട്ടമായി ശമ്പളമുള്‍പെടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ തൊഴില്‍ വകുപ്പിന്‍െറ ഇടപെടലുണ്ടാവും -വി.കെ.സിങ് ഉറപ്പു നല്‍കി. വെറും കൈയ്യോടെ നാട്ടിലേക്ക് മടങ്ങാനുള്ള പ്രയാസം തൊഴിലാളികള്‍ പങ്കുവെച്ചു. വലിയ തുകയാണ് ലഭിക്കാനുളളത്. നാട്ടില്‍ മക്കളുടെ വിദ്യാഭ്യാസമുള്‍പെടെ മുടങ്ങിയിരിക്കയാണ്. ഇങ്ങനെയൊക്കെയാണെങ്കിലും സൗദി സര്‍ക്കാറിന്‍െറ അനുകൂല നിലപാട് വലിയ ആശ്വാസം തരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.
ഏതാനും തൊഴിലാളികളെയിരുത്തി സംസാരിക്കാനായിരുന്നു അധികൃതര്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നതെങ്കിലും മന്ത്രി എത്തിയതോടെ നൂറ് കണക്കിന് തൊഴിലാളികള്‍ ഒന്നടങ്കം ഹാളിനകത്തേക്ക് തള്ളിക്കയറി. 45 മിനിട്ടോളം ക്യാമ്പില്‍ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.