സൗദി ഓജര്‍ കമ്പനിയിലെ തൊഴിലാളി പ്രശനം ഉടന്‍ പരിഹരിക്കണമെന്ന് തൊഴില്‍മന്ത്രാലയം

ജിദ്ദ:  ഒമ്പത് മാസമായി ശമ്പളവും മറ്റു ആനുകൂല്യങ്ങളും ലഭിക്കാതെ പ്രയാസപ്പെടുന്ന സൗദി ഓജര്‍ കമ്പനിയിലെ ജീവനക്കാരുടെ പ്രശ്നം ഉടന്‍ പരിഹരിക്കണമെന്ന് സൗദി തൊഴില്‍മന്ത്രാലയം കമ്പനിക്ക് നിര്‍ദേശം നല്‍കി. അതോടൊപ്പം ശമ്പള കുടിശ്ശിക കൈപ്പറ്റി സ്പോണ്‍സര്‍ഷിപ്പ് മാറ്റുക, ബാധ്യതയില്ലാതെ ഇഖാമ പുതുക്കുക, ആവശ്യക്കാര്‍ക്ക് ഫൈനല്‍ എക്സിറ്റ് നല്‍കുക തുടങ്ങി മൂന്നിലൊരു തീരുമാനമെടുക്കാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്‍കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
പ്രശ്ന പരിഹാരത്തിനായി തൊഴില്‍, സാമൂഹിക സുരക്ഷ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, മേഖല ഗവര്‍ണറേറ്റുകള്‍ എന്നീ വിഭാഗങ്ങളടങ്ങിയ കമ്മിറ്റിക്ക് രൂപം നല്‍കാനും നിര്‍ദേശം നല്‍കിയതായി ജിദ്ദ ലേബര്‍ ഓഫീസ് മേധാവി സൈദ് അല്‍സുബൈഇ അറിയിച്ചു.
കമ്പനിയിലെ 31,000 ത്തോളം വരുന്ന ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ സൗദി അധികൃതര്‍ അനുകൂലമായ നിലപാട് സ്വീകരിച്ചുവരുന്നതായി ജിദ്ദയിലെ ലബനാന്‍ കോണ്‍സല്‍ ജനറല്‍ വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഉന്നതരും  സൗദി ഓജര്‍ കമ്പനിയിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സൗദിയിലത്തെിയിരുന്നു. തൊഴില്‍ പ്രശ്നങ്ങളുണ്ടായ ഉടനെ ആദ്യമായി സൗദിയിലത്തെിയതും തങ്ങളുടെ പൗരന്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ നടപടികള്‍ ആരാഞ്ഞതയും ഫിലിപ്പീന്‍സായിരുന്നു.
സൗദി ഓജറിലെയും രാജ്യത്തെ മറ്റു കമ്പനികളിലെയും ഫിലിപ്പീന്‍ വംശജരുടെ ശമ്പളം വൈകിയതടക്കമുള്ള തൊഴില്‍ പ്രശ്നങ്ങളിലിടപെടുന്നതിന് രണ്ടാഴ്ച മുമ്പ് തൊഴില്‍ മന്ത്രി പെലൊ സൗദി അറേബ്യ സന്ദര്‍ശിച്ചതായി ജിദ്ദയിലെ ഫിലിപ്പീന്‍സ് കോണ്‍സുലേറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.