ഇസ്ലാമിന്‍െറ ആദ്യ തലസ്ഥാനങ്ങള്‍; അമൂല്യ ചരിത്ര ശേഷിപ്പുകളുമായി റിയാദില്‍ പ്രദര്‍ശനം 

റിയാദ്:  ഇസ്ലാമിന്‍െറ ആദ്യകാല  സാമ്രാജ്യങ്ങള്‍ ആധുനിക സംസ്കാരങ്ങള്‍ക്ക് നല്‍കിയ വൈവിധ്യമാര്‍ന്ന സംഭാവനകളുടെ നേര്‍ക്കാഴ്ചകളുമായി റിയാദില്‍ പ്രദര്‍ശനം പുരോഗമിക്കുന്നു. ഉമയ്യദ് ദമാസ്കസിന്‍െറയും അബ്ബാസി ബഗ്ദാദിന്‍െറയും ചരിത്രവും കലാപൈതൃകവും വെളിപ്പെടുത്തുന്ന അപൂര്‍വ വസ്തുക്കളാണ് മുറബ്ബയിലെ നാഷനല്‍ മ്യൂസിയം മന്ദിരത്തില്‍ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരുനൂറ്റാണ്ടായി ജര്‍മന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന അമൂല്യങ്ങളായ ഈ വസ്തുക്കള്‍ സൗദി അറേബ്യയും ജര്‍മനിയും തമ്മിലുള്ള സാംസ്കാരിക വിനിമയ പദ്ധതികളുടെ ഭാഗമായാണ് രണ്ടുമാസം മുമ്പ് പ്രദര്‍ശനത്തിനായി റിയാദില്‍ എത്തിച്ചത്. സൗദി നാഷനല്‍ മ്യൂസിയത്തില്‍ ഉണ്ടായിരുന്ന ചില അപൂര്‍വ രേഖകളും വസ്തുക്കളും കൂടി ഇതിന്‍െറ ഭാഗമായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇസ്ലാമിക കലാപൈതൃകത്തിന്‍െറ വിസ്മയകരമായ ഈ ശേഷിപ്പുകള്‍ ആ കാലത്തിന്‍െറ പാഠ്യവസ്തുക്കള്‍ കൂടിയാണ്.
അറബിക് കാലിഗ്രാഫിയുടെ വികാസ, പരിണാമങ്ങള്‍ വെളിപ്പെടുത്തുന്ന കല്ളെഴുത്തുകളില്‍ നിന്നാണ് പ്രദര്‍ശനം ആരംഭിക്കുന്നത്. മക്കയിലും പരിസരത്തുനിന്നും ലഭിച്ച സ്മാരകശിലകളില്‍ നിന്ന് ആദ്യകാല അറബി ലിപിയുടെ പ്രത്യേകതകള്‍ വായിച്ചെടുക്കാം. ഈജിപ്ത്, യമന്‍, മറ്റുസൗദി പ്രവിശ്യകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സ്മാരകശിലകളിലും പുസ്തകത്താളുകളിലും അറബിയെഴുത്തിന്‍െറ വികാസം തെളിഞ്ഞുവരും. ഇറാഖിലെ കൂഫയില്‍ വികസിച്ച ക്ളാസിക്കല്‍ കൂഫി കാലിഗ്രാഫിയുടെ ആദ്യകാല മാതൃകകള്‍ അതിന്‍െറ യഥാര്‍ഥ ശിലകളായി തന്നെ സജ്ജീകരിച്ചിട്ടുണ്ട്. 
ഉമയ്യദ് സാമ്രാജ്യത്തിന്‍െറ കലാപൈതൃകത്തിന്‍െറ വൈശിഷ്ട്യങ്ങള്‍ വെളിപ്പെടുത്തുന്ന കെട്ടിടഭാഗങ്ങളും മറ്റുപുരാവസ്തുക്കളുമാണ് അടുത്തത്. ഉമയ്യദ് വാസ്തുശില്‍പ മാതൃകകളുടെ മകുടോദാഹരണങ്ങളായ മരുഭൂമിക്കൊട്ടാരങ്ങളുടെ ശേഷിപ്പുകള്‍ അതേപടി ഇവിടെയുണ്ട്. ഫലസ്തീനിലെ ഗലീലി കടല്‍ത്തീരത്ത് എ.ഡി എട്ടാം ശതകത്തില്‍ പണിത അല്‍ മിന്യ മരുക്കൊട്ടാരത്തിന്‍െറ മാതൃകയും അവിടെ നിന്നുള്ള വസ്തുക്കളും ഇതില്‍ പ്രധാനമാണ്. നൂറ്റാണ്ടുകളോളം മണല്‍മൂടി കിടന്ന അല്‍ മിന്യ കൊട്ടാരം 1932 ല്‍ ജര്‍മന്‍ പുരാവസ്തു പര്യവേഷകരാണ് കണ്ടെടുത്ത്. അക്കാലത്ത് അവിടെ നിന്ന് ലഭിച്ച ചുവര്‍ മൊസൈക്ക് കഷണങ്ങള്‍, ബഹുവര്‍ണ കണ്ണാടികള്‍, മാര്‍ബിള്‍ തളികകള്‍, എണ്ണ വിളക്കുകള്‍, വെള്ളപ്പാത്രങ്ങള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്. 
ജോര്‍ഡനിലെ പ്രശസ്തമായ ഖസ്ര്‍ അല്‍ മശാത്തയുടെ ശേഷിപ്പുകളില്‍ ഏറ്റവും ശ്രദ്ധേയം മന്ദിരത്തിന്‍െറ പുറംഭിത്തിയില്‍ പതിപ്പിച്ചിരുന്ന മനോഹരമായ അലങ്കാര ശിലകളാണ്. അതീവ വൈദഗ്ധ്യത്തോടെ കൊത്തിയെടുത്ത ഈ ശിലകള്‍ അതേപടി ബെര്‍ലിനിലെ പെര്‍ഗാമന്‍ മ്യൂസിയത്തില്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. അതില്‍ നിന്നുള്ള ഒരു കഷണമാണ് പ്രദര്‍ശനത്തിന് കൊണ്ടുവന്നിട്ടുള്ളത്. 13 നൂറ്റാണ്ടുമുമ്പുള്ള ശില്‍പവിദ്യയുടെ വികാസത്തിന്‍െറ തിളങ്ങുന്ന മാതൃകയാണ് ഈ ശില. അബ്ബാസി കാലഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രദര്‍ശനം കൂടുതല്‍ വിശാലമാകുന്നു. ബഗ്ദാദിന്‍െറ സുല്‍ത്താന്‍ ആയിരുന്ന ഹാറൂണ്‍ റശീദ് ചക്രവര്‍ത്തിയുടെ കാലത്തെ പക്ഷിയുടെ രൂപത്തിലുള്ള ജലപാത്രമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. ഈ പ്രദര്‍ശനത്തിന്‍െറ പരസ്യചിത്രം തന്നെ ഇതാണ്. കഴുകന്‍െറ ആകൃതിയുള്ള ഈ വെങ്കല നിര്‍മിതിയും എട്ടാം ശതകത്തിലുള്ളതാണ്. അക്കാലത്ത് ലോഹവിദ്യ എത്രമാത്രം വികാസം പ്രാപിച്ചിരുന്നുവെന്നതിനുള്ള തെളിവാണ് ഈ അത്ഭുത നിര്‍മിതി. 
എ.ഡി 750 മുതല്‍ മംഗോള്‍ അധിനിവേശത്തില്‍ 13ാം നൂറ്റാണ്ടിന്‍െറ മധ്യത്തില്‍ തകര്‍ക്കപ്പെടുന്നതുവരെ ലോകത്തിന്‍െറ വിജ്ഞാന തലസ്ഥാനമായി പരിലസിച്ച ബഗ്ദാദിന്‍െറ വൈവിധ്യമാര്‍ന്ന മുഖങ്ങള്‍ ഇവിടെ വ്യത്യസ്ത വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ‘ഇസ്ലാമിന്‍െറ സുവര്‍ണ യുഗം’ എന്ന് വിളിക്കപ്പെടുന്ന അബ്ബാസി സാമ്രാജ്യത്തിന്‍െറ ആദ്യ ഒന്നര നൂറ്റാണ്ടിലെ നഗരഭാഗങ്ങള്‍ സൂക്ഷ്മതയോടെ ഇവിടെ പുനര്‍ നിര്‍മിച്ചിരിക്കുന്നു.  പ്രദര്‍ശനം മേയ് ആദ്യവാരം അവസാനിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.