ഹറമുകള്‍ നിറഞ്ഞു കവിഞ്ഞ വെള്ളിയാഴ്ച

മക്ക: മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ ഇന്നലെ നടന്ന ജുമുഅ നമസ്കാരത്തില്‍ ഹജ്ജ് തീര്‍ഥാടകരടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു. രാവിലെ മുതല്‍ ഹറമിലേക്ക് വിവിധ രാജ്യക്കാരായ തീര്‍ഥാടകരുടെ ഒഴുക്ക് തുടങ്ങിയിരുന്നു. വളരെ നേരത്തെ ഹറമും മുറ്റങ്ങളും നിറഞ്ഞു കവിഞ്ഞു. ഇന്ത്യക്കാരായ ഹജ്ജ് തീര്‍ഥാടകരെ ഹറമിലത്തെിക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ജുമുഅ നമസ്കാരത്തിനുണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് മേഖല ഗവര്‍ണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആവശ്യമായ ഒരുക്കങ്ങള്‍ ഇരുഹറം കാര്യാലയവും മറ്റ് വകുപ്പുകളും പൂര്‍ത്തിയാക്കി. സംസം വിതരണത്തിനും ശുചീകരണ ജോലികള്‍ക്കും കൂടുതലാളുകളെ നിയോഗിച്ചു. ഹറമിലേക്ക് എത്തുന്ന റോഡുകളിലും ഹറമിനടുത്തും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതിന് ട്രാഫിക് വിഭാഗവും പൊലീസും രംഗത്തുണ്ടായിരുന്നു. മൂന്നാം സൗദി ഹറം വികസനഭാഗത്തെ നിര്‍മാണം പൂര്‍ത്തിയായ ഭാഗങ്ങളിലും മുറ്റങ്ങളിലും നമസ്കാരത്തിനു സൗകര്യമൊരുക്കിയത് കൂടുതലാളുകളെ ഉള്‍ക്കൊള്ളാന്‍ സൗകര്യമായി. 
മസ്ജിദുല്‍ ഹറാമിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. ഉസാമ അല്‍ഖയ്യാത്ത് നേതൃത്വം നല്‍കി.  ഹജ്ജ് വിശ്വാസിയെ ഏറ്റവും ഉന്നത സ്ഥാനത്തത്തെിക്കുമെന്നും നിഷ്കളങ്കവും പുണ്യകരവുമായ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കണമെന്നും ഹറം ഇമാം പറഞ്ഞു. ദൈവപ്രീതിയും പുണ്യവും കാക്ഷിച്ചുകൊണ്ടുള്ളതായിരിക്കണം തീര്‍ഥാടനം. ആളുകളെ കാണിക്കാനും പ്രശസ്തിക്കും പേര് ലഭിക്കാനും പ്രശംസക്കും വേണ്ടിയുള്ളതാകരുത്. അങ്ങനെയുള്ള ഹജ്ജ് അല്ലാഹുവിങ്കല്‍ സ്വീകാര്യമല്ളെന്നും ഹറം ഇമാം ഉദ്ബോധിപ്പിച്ചു.  അനുവദനീയവും നല്ലതുമായ കാര്യങ്ങള്‍ പിന്തുടരുകയും നിഷിദ്ധമാക്കിയതില്‍ നിന്നെല്ലാം അകന്നു നില്‍ക്കുകയും ചെയ്യുമ്പോഴാണ് ഹജ്ജ് സ്വീകര്യവും പുണ്യകരവുമാകൂ എന്നും ഹറം ഇമാം ഉദ്ബോധിപ്പിച്ചു. മദീനയിലെ മസ്ജിദുന്നബവിയില്‍ ഹജ്ജ് തീര്‍ഥാടകരും സ്വദേശികളും വിദേശികളുമടക്കം ലക്ഷങ്ങള്‍ പങ്കെടുത്തു. ജുമുഅ നമസ്കാരത്തിനും ഖുതുബക്കും ശൈഖ് അബ്ദുല്‍ മുഹ്സിന്‍ ബിന്‍ മുഹമ്മദ് നേതൃത്വംനല്‍കി. അല്ലാഹുവിലേക്ക് പശ്ചാത്തപിച്ച് അടുക്കാനും അനുഗ്രഹങ്ങള്‍ നേടിയെടുക്കാനുമുള്ള ദിനങ്ങളാണ് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിനരാത്രങ്ങളെന്ന് ഇമാംപറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.