അരാംകോ അഗ്നിബാധ: കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

അല്‍ഖോബാര്‍: അരാംകോ ജീവനക്കാരുടെ താമസസ്ഥലത്ത് 10 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായത് ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. കാര്‍ പാര്‍ക്കിങ് കെട്ടിട ഭാഗത്തുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്നാണ് തീപിടിത്തമുണ്ടായതെന്നും നിര്‍ത്തിയിട്ട വാഹനങ്ങളിലേക്ക് തീ പടര്‍ന്നതോടെ അഗ്നിബാധ നിയന്ത്രണാതീതമാകുകയായിരുന്നുവെന്നും കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് അലി അല്‍ ഖഹ്താനി അറിയിച്ചു. കെട്ടിടത്തിലെ സി.സി.ടി വി കാമറയിലെ ദൃശ്യങ്ങള്‍ അതാണ് തെളിയിക്കുന്നത്. 
ഞായറാഴ്ച രാവിലെയുണ്ടായ അഗ്നിബാധയില്‍ മരിച്ച 10 പേരില്‍ അഞ്ചാളുകളെ തിരിച്ചറിഞ്ഞു. മൂന്നു പേര്‍ ഏഷ്യന്‍ വംശജരായ കനേഡിയന്‍ പൗരന്മാരും ഒരു പാകിസ്താന്‍കാരനും ഒരു നൈജീരിയക്കാരിയുമാണ് തിരിച്ചറിയപ്പെട്ടവര്‍. പരിക്കേറ്റ 259 പേരില്‍ 179 പേര്‍ ചികിത്സക്കു ശേഷം ആശുപത്രി വിട്ടതായും സാരമായ പരിക്കേറ്റ 80 പേര്‍ ആശുപത്രിയില്‍ ചികിത്സ തുടരുന്നതായും വക്താവ് വെളിപ്പെടുത്തി. 
പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന 130 വാഹനങ്ങളില്‍ 35 എണ്ണം പൂര്‍ണമായി കത്തിനശിച്ചു. 30 അഗ്നിശമന യൂണിറ്റുകളും 20 രക്ഷാപ്രവര്‍ത്തന യൂണിറ്റുകളും കമ്പനിയുടെയും സിവില്‍ ഡിഫന്‍സിന്‍െറയും ഹെലികോപ്റ്ററുകളും ആംബുലന്‍സുകളും എല്ലാം ചേര്‍ന്നുള്ള വന്‍ യജ്ഞമാണ് രക്ഷാപ്രവര്‍ത്തനത്തിന് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 
കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സുഊദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസിന്‍െറ നിര്‍ദേശാനുസാരം സിവില്‍ ഡിഫന്‍സ്, സുരക്ഷാ, ആരോഗ്യവിഭാഗങ്ങള്‍ എന്നിവ ഒത്തൊരുമിച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനും പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലത്തെിക്കാനും അതിവേഗം ചികിത്സ ലഭ്യമാക്കാനും ഈ സംയുക്തപ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞതായി അലി അല്‍ ഖഹ്താനി പറഞ്ഞു.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അരാംകോ ആക്ടിങ് പ്രസിഡന്‍റും സി.ഇ.ഒയുമായ ഇന്‍ ചാര്‍ജ് എന്‍ജി. അമീന്‍ നാസിര്‍ സന്ദര്‍ശിച്ചു. വേദനാജനകമായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും ബന്ധുക്കളുടെ ദുഃഖത്തിലും വിഷമത്തിലും പങ്കുചേര്‍ന്ന അദ്ദേഹം അവര്‍ക്ക് എല്ലാ വിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.