സിറിയന്‍ പ്രശ്നത്തിന് പരിഹാരം തേടി വിയന്ന ഉച്ചകോടി ആരംഭിച്ചു

റിയാദ്: സിറിയന്‍ പ്രശ്നത്തിന് സമാധാനപരമായ പരിഹാരം തേടി നാല് പ്രമുഖ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗം വിയന്നയില്‍ ആരംഭിച്ചു. അമേരിക്കന്‍ വിദേശകാര്യ മന്ത്രി ജോണ്‍ കെറി, റഷ്യന്‍ വിദേശകാര്യ മന്ത്രി സര്‍ജി ലാവ്റോഫ്, സൗദി വിദേശകാര്യ മന്ത്രി ആദില്‍ അഹ്മദ് അല്‍ജുബൈര്‍, തുര്‍ക്കി വിദേശകാര്യ മന്ത്രി സ്റ്റേര്‍ലി ഓഗ്ലോ എന്നിവരാണ് നാലര വര്‍ഷത്തിലധികമായി ആഭ്യന്തരസംഘര്‍ഷം തുടരുന്ന സിറിയന്‍ പ്രശ്നത്തിന് പരിഹാരം തേടി വിയന്നയില്‍ സമ്മേളിക്കുന്നത്.
ബശ്ശാറുല്‍ അസദിനെ ഭരണത്തില്‍ തുടരാന്‍ അനുവദിച്ചുകൊണ്ടുള്ള റഷ്യന്‍ നിലപാടിനോട് പ്രത്യക്ഷത്തില്‍ വിയോജിക്കുന്നതിനൊപ്പമാണ് മറ്റു മൂന്ന് രാജ്യങ്ങള്‍ റഷ്യയുമായി വിഷയം ചര്‍ച്ച ചെയ്യുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് ശേഷം ഒൗദ്യോഗിക യോഗം ആരംഭിക്കുന്നതിന് മുമ്പ് അമേരിക്ക, സൗദി, തുര്‍ക്കി മന്ത്രിമാര്‍ രാവിലെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് അമേരിക്ക, റഷ്യ മന്ത്രിമാരും പ്രത്യേകം യോഗം ചേര്‍ന്നു.
സിറിയന്‍ പ്രശ്നത്തിന് പരിഹാരം ആരായുമ്പോള്‍ ബശാര്‍ കുടുംബത്തിന് പങ്കുണ്ടാവരുതെന്ന ഉറച്ച നിലപാടിലാണ് അമേരിക്കയും സൗദി അറേബ്യയും. എന്നാല്‍ ഭരണകൈമാറ്റത്തിന്‍െറ താല്‍ക്കാലിക ഘട്ടം എന്ന നിലക്ക് ആറ് മാസം ബശാറിനെ തുടരാന്‍ അനുവദിക്കാമെന്നതാണ് തുര്‍ക്കിയുടെ നിലപാട്. 
അതേസമയം ബശ്ശാറിന് 18 മാസത്തെ സമയം അനുവദിക്കണമെന്ന് വിയന്ന യോഗത്തിന് മുമ്പായി പുറത്തിറക്കിയ പ്രസ്താവനയില്‍ റഷ്യ അഭിപ്രായപ്പെട്ടിരുന്നു. ഈ നിര്‍ദേശത്തിന് പിന്തുണതേടി ബശ്ശാര്‍ തെഹ്റാന്‍ സന്ദര്‍ശിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.