ഉംറ തീര്‍ഥാടനത്തിന് വാര്‍ഷിക പ്ളാന്‍ തയ്യാറാക്കാന്‍ ശൂറ നിര്‍ദേശം

റിയാദ്: ഉംറ തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനത്തിന് വ്യക്തമായ പ്ളാന്‍ തയ്യാറാക്കാന്‍ ഹറം അതോറിറ്റിയോട് സൗദി ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് തീര്‍ഥാടകരെ സ്വീകരിക്കാനുള്ള സജ്ജീകരണത്തിലും സേവനത്തിലും ആവശ്യമായ നിലവാരം പുലര്‍ത്തുന്നു എന്ന് ഉറപ്പുവരുത്താന്‍ ശൂറ നിര്‍ദേശിച്ചത്. 1437 ഹിജ്റ വര്‍ഷത്തെ ഉംറ സീസണ്‍ സഫര്‍ ഒന്നിന് അഥവാ നവംബര്‍ 13ന് ആരംഭിക്കും. സഫര്‍ മുതല്‍ റമദാന്‍ വരെ നീണ്ടുനില്‍ക്കുന്ന ഉംറ സീസണില്‍ ഒരു കോടി തീര്‍ഥാടകര്‍ പുണ്യഭൂമിയിലത്തെുമെന്നാണ് സൗദി ഹജ്ജ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 60 ലക്ഷം തീര്‍ഥാടകരാണ് എത്തിയത്. ഇത്തവണ എണ്ണത്തില്‍ 40 ലക്ഷം വര്‍ധനവുണ്ടാകുമ്പോള്‍ സേവനത്തിലും സജ്ജീകരണത്തിലും മുന്നൊരുക്കം അനിവാര്യമാണെന്ന് ശൂറ കൗണ്‍സില്‍ മേധാവി ഡോ. അബ്ദുല്ല ആല്‍ശൈഖിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്ത് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗം അഭിപ്രായപ്പെട്ടു.
പുണ്യസ്ഥലത്തിന്‍െറ പ്രാധാന്യവും പവിത്രതയും ഉള്‍ക്കൊണ്ട് തീര്‍ഥാടകരോട് പെരുമാറുന്നതിലും സേവനങ്ങള്‍ നല്‍കുന്നതിലും ഇരു ഹറമിലും സേവനത്തിലുള്ള ജോലിക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കണമെന്നും ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ നിര്‍ദേശിച്ചു. ഉംറ സേവനങ്ങള്‍ വിലയിരുത്താനും തീര്‍ഥാടകരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനനും ലളിമായ ഇലക്ട്രോണിക് രീതി അവലംബിക്കണം. 
സല്‍മാന്‍ രാജാവ് ആഹ്വാനം ചെയ്ത മക്ക ഹറം വികസന പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് സൗദി അധികൃതരുടെ കണക്കുകൂട്ടല്‍. ഇതനുസരിച്ച് 2018ലെ  ഉംറ സീസണില്‍ ആറ് കോടി തീര്‍ഥാടകര്‍ പുണ്യ ഭൂമിയിലത്തെുമെന്നാണ് സൗദി ഹജ്ജ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്. ഇതു കഴിഞ്ഞ സീസണില്‍ വന്നതിന്‍െറ പത്തിരട്ടിയാണ്. ഇതോടനുബന്ധിച്ച് പുതി ഉംറ നിയമാവലി പുറത്തിറക്കാനും ഹജ്ജ് മന്ത്രാലയത്തിന് പദ്ധതിയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.