റിയാദില്‍ മലയാളി യുവാവ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു

റിയാദ്: റിയാദില്‍ മലയാളി യുവാവ് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു. താമസസ്ഥലത്തെ വര്‍ക്ക്ഷോപ്പില്‍ ശനിയാഴ്ച രാവിലെ കയറില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടത്തെിയ നിലമ്പൂര്‍ രാമന്‍കുത്ത് സ്വദേശി തണ്ടുപാറക്കല്‍ മുഹമ്മദ് ശരീഫിന്‍െറ (34) മരണം കൊലപാതകമാണെന്ന് ആരോപിച്ച് ഭാര്യ കരുളായി സ്വദേശിനി അസ്ളിയ റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കി.

ഏഴുവര്‍ഷമായി റിയാദിലെ ഒരു കരാര്‍ കമ്പനിക്ക് കീഴില്‍ സ്വിമ്മിങ് പൂള്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പ് ജോലി സ്ഥലത്ത് എത്തിയ അജ്ഞാതര്‍ കൈയും കാലും കെട്ടി തലക്കടിച്ച് പരിക്കേല്‍പിച്ച ശേഷം കടന്നുകളഞ്ഞിരുന്നു. ജോലി സ്ഥലത്ത് അബോധാവസ്ഥയില്‍ കണ്ട ശരീഫിനെ കമ്പനി അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തി. പരിക്കുകള്‍ ഭേദമായപ്പോള്‍ ആദ്യം താമസിച്ചിരുന്നിടത്ത് നിന്ന് മാറ്റി കമ്പനിയുടെ ദറഇയയിലുള്ള ക്യാമ്പില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. ഈ ക്യാമ്പിനുള്ളിലെ വര്‍ക്ക്ഷോപ്പിലാണ് മരിച്ച നിലയില്‍ കണ്ടത്.

ശനിയാഴ്ച രാവിലെ ജോലിക്ക് എത്തിയ തൊഴിലാളികളാണ് വര്‍ക്ക്ഷോപ്പില്‍ ശരീഫിന്‍െറ മൃതദേഹം തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. കൈകാലുകള്‍ കൂട്ടിക്കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നെന്ന് ദൃസാക്ഷികള്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഉച്ചയോടെ പൊലീസ് എത്തി മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി.

ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഭര്‍ത്താവിന് ഇല്ലായിരുന്നെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ഭാര്യ എംബസിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആദ്യ ആക്രമണമുണ്ടായ സമയത്ത് പൊലീസില്‍ പരാതിപ്പെട്ടിരുന്നില്ളെന്നും അറിയുന്നു. തണ്ടുപാറക്കല്‍ ബീരാന്‍-ഖൗലത്ത് ദമ്പതികളുടെ മൂന്നാമത്തെ മകനാണ് മുഹമ്മദ് ശരീഫ്. ജിദ്ദയിലും മക്കയിലുമുള്ള മൂത്ത സഹോദരന്മാരായ ഫൈസല്‍, സൈനുല്‍ ആബിദ് എന്നിവര്‍ റിയാദിലത്തെിയിട്ടുണ്ട്. ഷമീമ, ജുനൈദ് എന്നിവരാണ് മറ്റ് സഹോദരങ്ങള്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.