എന്‍ജിനീയറിങ് മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ തീരുമാനം

റിയാദ്: എന്‍ജിനീയറിങ് മേഖലയില്‍ സ്വദേശി വത്കരണം ശക്തമാക്കാന്‍ തൊഴില്‍ മന്ത്രാലയം പദ്ധതികളാവിഷ്കരിക്കുന്നു. സ്വകാര്യ, പൊതുമേഖലയില്‍ നിലവില്‍ എന്‍ജിനീയറിങ് ജോലികള്‍ ചെയ്യുന്ന സ്വദേശികള്‍ 15 ശതമാനം മാത്രമാണ്. ബാക്കി 85 ശതമാനവും വിദേശികളാണ് ഈ മേഖലയിലുള്ളത്. ഈ സാഹചര്യത്തിലാണ് സൗദി എന്‍ജിനീയര്‍മാരുടെ അനുപാതം വര്‍ധിപ്പിച്ച് സ്വദേശിവത്കരണം ശക്തിപ്പെടുത്താന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയര്‍മാരുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ഡോ. മുഫര്‍റിജ് ബിന്‍ സഅദ് ഹഖബാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനാവശ്യമായ നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അല്‍ റബീഅയും ചര്‍ച്ചയില്‍ പങ്കെടുത്തു. വിദേശ രാജ്യങ്ങളുടെ സഹായത്തോടെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും എന്‍ജിനീയറിങ് മേഖലയിലെ സ്വദേശികളുടെ കുറവ് നികത്താനാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കൂടുതല്‍ യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി മെച്ചപ്പെട്ട വാഗ്ദാനങ്ങള്‍ നല്‍കാനും സ്വകാര്യ കമ്പനികളിലുള്‍പ്പെടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കും. വിപണിയില്‍ സ്വദേശി എന്‍ജിനീയര്‍മാരുടെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനാവശ്യമായ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്കരിക്കാനും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. സ്വദേശി വത്കരണം ശക്തമായാല്‍ ഈ മേഖലയില്‍ ജോലിയെടുക്കുന്ന മലയാളികളുള്‍പ്പെടെയുള്ള നിരവധി വിദേശി എന്‍ജിനീയര്‍മാരുടെ ജോലിക്ക് അത് ഭീഷണിയാകും. രാജ്യത്തിന്‍െറ വിവിധ സര്‍വകലാശാലകളില്‍ നിന്ന് പുറത്തിറങ്ങുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വിദേശ രാജ്യങ്ങളിലടക്കം പരിശീലനം നല്‍കി സാങ്കേതിക രംഗത്ത് അവരെ സജ്ജരാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ വകുപ്പ് തീരുമാനിച്ചതും ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ്. ഡെപ്യൂട്ടി തൊഴില്‍ മന്ത്രി അഹ്മദ് അല്‍ ഹുമൈദാന്‍, മാനവവിഭവ ശേഷി വികസന ഫണ്ട് ജനറല്‍ മാനേജര്‍ അഹ്മദ് അല്‍ ഹുമൈദാന്‍, എന്‍ജിനീയര്‍ കൗണ്‍സില്‍ മേധാവികളായ ഡോ. ഇബ്രാഹീം, ഡോ. ജമീല്‍, ഡോ. മിശരി, ഡോ. ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.