സൗദി ജീസാനിൽ ആശുപത്രിയിൽ തീപിടിത്തം; 25 മരണം

ജിദ്ദ: ദക്ഷിണ സൗദി അറേബ്യയിലെ ജീസാനില്‍ ആശുപത്രി കെട്ടിടത്തിലുണ്ടായ വന്‍ അഗ്നിബാധയില്‍ 25 പേര്‍ മരിച്ചു. 123 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ ഏറെയും സ്വദേശികള്‍ ആണെന്നാണ് സൂചന. രക്ഷപ്പെട്ടവരില്‍ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ കൂടാനിടയുണ്ടെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീസാന്‍ ജനറല്‍ ആശുപത്രിയില്‍ തീപടര്‍ന്നത്. തീവ്ര പരിചരണ വിഭാഗവും മാതൃ, ശിശു സംരക്ഷണ വിഭാഗവും പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയില്‍ ഉണ്ടായ വൈദ്യുതി തകരാറാണ് അപകടത്തില്‍ വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.

കെട്ടിടത്തിന്‍െറ ഒന്നാം നില ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. കെട്ടിടത്തിനുള്ളില്‍ വ്യാപിച്ച വിഷവായു ശ്വസിച്ചും പൊള്ളലേറ്റുമാണ് മരണങ്ങള്‍ സംഭവിച്ചത്. വിഷവാതകം രണ്ടാം നിലയിലേക്ക് വ്യാപിച്ചതിനാല്‍ ചികിത്സയില്‍ കഴിയുന്ന രോഗികളാണ് മരിച്ചവരില്‍ ഏറെയും. നഴ്സുമാരും ആശുപത്രി ജീവനക്കാരുമടക്കം 60 ലേറെ മലയാളികള്‍ ജോലി ചെയ്യുന്നുണ്ട് ഇവിടെ. 20 ഓളം മലയാളികള്‍ അപകട സമയത്ത് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരെല്ലാം രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തേക്ക് കുതിച്ചത്തെിയ സിവില്‍ ഡിഫന്‍സ് വിഭാഗം മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയതും മറ്റിടങ്ങളിലേക്ക് പടരാതെ തടഞ്ഞതും. ജീസാനിലെ നാലും സമീപ പ്രദേശങ്ങളില്‍ നിന്നുള്ള 17ഉം അടക്കം 21 സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയത്. ആളിപ്പടരുന്ന തീയില്‍ നിന്ന് ജീവനക്കാരെയും രോഗികളെയും അതീവ സാഹസികമായാണ് രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവര്‍ത്തനത്തിനിടെ നാലു സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്കും പരിക്കേറ്റു. ആശുപത്രിയില്‍ നിന്ന് ഒഴിപ്പിച്ച രോഗികളെയും പൊള്ളലേറ്റവരെയും സമീപ പ്രദേശങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റവരില്‍ കൂടുതലും ചികിത്സയിലുണ്ടായിരുന്ന രോഗികള്‍ ആണെന്ന് കൂടുതല്‍ പേരെ പ്രവേശിപ്പിച്ച ജീസാന്‍ കിങ് ഫഹദ് ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലെ ഡോ. അഹ്മദ് അസ്ലം പറഞ്ഞു. സംഭവമുണ്ടായി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആഭ്യന്തര സുരക്ഷ വിഭാഗം സ്ഥലത്തത്തെി കെട്ടിടത്തിന്‍െറ നിയന്ത്രണം ഏറ്റെടുത്തിരുന്നു. സംഭവത്തെ കുറിച്ചുള്ള സമഗ്ര അന്വേഷണത്തിന് പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ മുഹമ്മദ് ബിന്‍ നാസിര്‍ ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സമീപകാലത്ത് പണികഴിപ്പിച്ചതാണ് അപകടമുണ്ടായ ആശുപത്രി കെട്ടിടം. കെട്ടിടത്തിലെ സുരക്ഷ സംവിധാനങ്ങളിലെ അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട വകുപ്പുകള്‍ നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

തീ നിയന്ത്രണ വിധേയമായെന്നും ബന്ധപ്പെട്ട വിഭാഗങ്ങൾ അപകട കാരണം അന്വേഷിക്കുകയാണെന്നും സിവിൽ ഡിഫൻസ് ട്വിറ്ററിൽ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.