ലേബര്‍ ക്യാമ്പിലെ കൊലയും മലയാളിയുടെ മരണവും; നടുക്കം മാറാതെ സഹപ്രവര്‍ത്തകര്‍

ഷാര്‍ജ: അജ്മാനിലെ ലേബര്‍ ക്യാമ്പില്‍ ശമ്പളത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലും  തുടര്‍ന്നുണ്ടായ അടിപിടിയിലും ഒരാള്‍ കൊല്ലപ്പെടുകയും കേസില്‍ പിടിയിലായ മലയാളിയെ അജ്മാന്‍ ജയിലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടത്തെകയും ചെയത് സംഭവം കൂടെ ജോലി ചെയ്യുന്നവരെയും ബന്ധുക്കളെയും നടുക്കി. കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ലാല്‍സിങ് അംബ്രോസ് (38)ആണ് വധിക്കപ്പെട്ടത്. തിരുവനന്തപുരം സ്വദേശി അജികുമാറാണ് ജയിലില്‍ മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് അജ്മാന്‍ സിമന്‍റ് ഫാക്ടറിക്കടുത്തുള്ള ലേബര്‍ക്യാമ്പില്‍ തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ലാല്‍സിങ് അംബ്രോസിന് (38) ഒന്നര മാസത്തെ ശമ്പളം ഇവിടെ നിന്ന് കിട്ടാനുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുകള്‍ കാരണം ഇത് ഉടമയുടെ അടുത്തയാളായ അജികുമാറിനോട് ആവശ്യപ്പെട്ടതിനെ ചൊല്ലിയാണ് വഴക്കുണ്ടായത്. 
വഴക്ക് പിന്നീട് അടിപിടിയിലേക്കും  കൊലയിലേക്കും വഴിമാറുകയായിരുന്നു. 15 മാസമായിട്ടേയുള്ളു ലാല്‍ സിങ് ഈ കമ്പനിയില്‍ കയറിയിട്ട്. മുമ്പ് ഒരു വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്തിട്ടുണ്ട്. 
ഈ കേസില്‍ പിടിയിലാകുകയും ശനിയാഴ്ച രാത്രി ജയിലില്‍ മരിക്കുകയും  ചെയ്ത തിരുവനന്തപുരം സ്വദേശി അജികുമാറും അധികമായിട്ടില്ല ഇവിടെ എത്തിയിട്ട്. കമ്പനി ഉടമയുടെ അടുത്ത ആളായ ഇയാളാണ് കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. രണ്ടു മാസമായി കമ്പനി മലയാളിയായ ഉടമ ഇവിടെ നിന്ന് അപ്രത്യക്ഷമായിട്ട്. മുമ്പ് ഡീസല്‍ കമ്പനിയും മറ്റും നടത്തിയിരുന്നു. എന്നാല്‍ കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്നാണ് ഇയാള്‍ അപ്രത്യക്ഷമായതെന്നാണ് പറയപ്പെടുന്നത്. 
മുമ്പ് ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ സംഘം ചേര്‍ന്ന് അജ്മാന്‍ ലേബര്‍ ആപ്പീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ശമ്പളം ലഭിച്ചതായി തൊഴിലാളികള്‍ പറയുന്നു. വീണ്ടും ഒന്നരമാസത്തെ ശമ്പളം മുടങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് വഴി വെച്ചത്. മരിച്ച ലാല്‍സിങ്് മൂന്ന് പെണ്‍കുട്ടികളുടെ പിതാവാണ്. 
ഇരട്ടകളായ മൂത്തവര്‍ക്ക്് എട്ട് വയസാണ് പ്രായം. ഇളയ കുട്ടിക്ക് അഞ്ച് വയസ്. കുടുംബത്തിന്‍െറ ഏക ആശ്രയമായിരുന്നു ഇയാളെന്ന് ബന്ധു ലീ പറഞ്ഞു. ഭാര്യ: ഷൈല.
അജികുമാറിനെ കുറിച്ച് കൂടുതലായി വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഇയാള്‍ക്കും ഭാര്യയും കുട്ടികളുമുണ്ട്. ലാല്‍ സീങിന്‍െറ മൃതദേഹം നാട്ടിലത്തെിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.