പത്തു ദിവസം മുമ്പ് റിയാദിലത്തെിയ മലയാളി യുവാവ് കാറിടിച്ച് മരിച്ചു

റിയാദ്: പത്തു ദിവസം മുമ്പ് പുതിയ വിസയില്‍ എത്തിയ മലയാളി യുവാവ് കാറിടിച്ച് മരിച്ചു. റിയാദിലെ നസീമില്‍ ശനിയാഴ്ച രാത്രിയാണ് അപകടം. തിരുവമ്പാടി പാമ്പിഴഞ്ഞിപ്പാറ സ്വദേശി കുറുവന്‍ കടവത്ത് നൗഷാദ് (30) ആണ് മരിച്ചത്. നസീം സിഗ്നലിന് സമീപത്തെ ബഖാലയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി സുഹൃത്ത് റഷീദിനൊപ്പം താമസസ്ഥലത്തേക്ക് റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് നൗഷാദിനെ പിറകില്‍ നിന്ന് വന്ന കാറിടിച്ച് തെറിപ്പിച്ചത്. സംഭവസ്ഥലത്തു തന്നെ മരിച്ചു. ഡിസംബര്‍ 11നാണ് ഇദ്ദേഹം പുതിയ വിസയില്‍ ദമ്മാമില്‍ എത്തിയത്. നൗഷാദിന്‍െറ പിതാവ് മുഹമ്മദ് ദമ്മാമില്‍ ഹൗസ് ഡ്രൈവറാണ്. ഉമ്മ പാത്തുമ്മയും പിതാവിനൊപ്പം ഒരേ വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ കൂടെ രണ്ടു ദിവസം താമസിച്ചതിന് ശേഷമാണ് റിയാദിലത്തെിയത്. കുടിവെള്ള വിതരണം ചെയ്യുന്ന കമ്പനിയില്‍ ട്രെയിലര്‍ ഡ്രൈവറായാണ് ജോലിയില്‍ പ്രവേശിക്കാനിരുന്നത്. ഇതിനായി വൈദ്യപരിശോധന കഴിഞ്ഞിരുന്നു. ദമ്മാമില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നൗഷാദ് അഞ്ചു വര്‍ഷം മുമ്പ് നാട്ടിലേക്ക് മടങ്ങിയിരുന്നു. വാടക വീട്ടിലായിരുന്ന ഇദ്ദേഹം തിരുവമ്പാടിയില്‍ പുതിയ വീട് വാങ്ങി താമസം തുടങ്ങി നാലു ദിവസം താമസിച്ചതിന് ശേഷമാണ് വീണ്ടും സൗദിയിലേക്ക് വന്നത്. 
മരണ വിവരമറിഞ്ഞ് ദമ്മാമില്‍ നിന്ന് മാതാപിതാക്കളും ബന്ധുക്കളും റിയാദിലത്തെിയിട്ടുണ്ട്. ഭാര്യ: ഹാജറ. മക്കള്‍: ഹനാന്‍ (8), ഹന്നത്ത് (2). സഹോദരങ്ങള്‍: ശമീന, ഹസീന. ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് പിതാവ് മുഹമ്മദ് ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.