ഖമീസ് മുശൈത്: മധുരം വിളമ്പി അസീറില്‍ എട്ടാമത് ഹബീല്‍ തേന്‍ മേളക്ക് തുടക്കമായി. ഗവര്‍ണര്‍ അമീര്‍ ഫൈസല്‍ ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ശനിയാഴ്ചയോടെ മേള ഒൗദ്യോഗികമായി അവസാനിക്കുമെങ്കിലും ഒരുമാസം കൂടി തേന്‍ വ്യാപാരികള്‍ ഇവിടെ ഉണ്ടാകും. ഉദ്ഘാടന ചടങ്ങില്‍ റിജാല്‍ അല്‍മാ ഗവര്‍ണര്‍ സഈദ് അലി അല്‍ മുബാറക്ക്, ഡെപ്യൂട്ടി ഗവര്‍ണര്‍ മുഫറഹ് സായിദ്, പൊലീസ് കമീഷണര്‍ അഹ്മദ് നാസര്‍, റഈസ് ജമിയ്യ അലി യഹിയ ഹംദാന്‍, മുഹമ്മദ് സമര്‍ എന്നിവര്‍ പങ്കെടുത്തു.
സൗദിയില്‍ തന്നെ ഏറ്റവും കൂടുതല്‍ തേന്‍ ഉല്‍പാദിപ്പിക്കുന്ന തെക്കന്‍ മേഖലയായ റിജാല്‍ അല്‍മാ ഹബീലില്‍ ഏഴു വര്‍ഷം മുമ്പാണ് ‘മഹര്‍ജാന്‍ ഹസല്‍’ എന്നപേരില്‍ തേന്‍ ഉത്സവത്തിന് തുടക്കം കുറിച്ചത്. റിജാല്‍ അല്‍മാ, ശാബൈന്‍, ബത്തീല, ഹബീല്‍, റീം, തുടങ്ങി ഇരുപതോളം ഗ്രാമങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന നല്ലയിനം തേനാണ് ഹബീലിലെ തേന്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത്. ത്വാഇഫ്, അല്‍ ബാഹ, മജാരിദ, ദര്‍ബ്, ജീസാന്‍ തുടങ്ങിയിടങ്ങളില്‍ നിന്നുള്ള തേന്‍ കര്‍ഷകരും എത്താറുണ്ട്. യമന്‍ അതിര്‍ത്തി പ്രദേശമായ ജീസാനില്‍ കൃഷി സജീവമാണെങ്കിലും ഹബീല്‍ റിജാല്‍ അല്‍ മായിലെ തേനിനാണ് ആവശ്യക്കാര്‍ കൂടുതല്‍. കിലോക്ക് ആയിരം റിയാല്‍ വരെ വിലയുണ്ട്. പഴക്കം കൂടിയ തേനിനാണ് കൂടുതല്‍ വില ഈടാക്കുന്നത്. ഒൗഷധ ഗുണമുള്ള ‘സിദ്ര്’ പോലെയുള്ള നല്ല ഇനം ലഭിക്കുമെന്നതിനാല്‍ നിരവധി ആളുകളാണ് എല്ലാ വര്‍ഷവും ഇവിടെ എത്തുന്നത്. രാജ്യത്തിന്‍െറ പല ഭാഗങ്ങളില്‍ നിന്നും സ്വദേശികളും വിദേശികളും മേള കാണാനായി എത്താറുണ്ട്. ഹബീലില്‍ ഈ സമയത്ത് അനുഭവപ്പെടുന്ന നേര്‍ത്ത തണുപ്പും മഞ്ഞും ആസ്വദിക്കുകയെന്നതും സന്ദര്‍ശകരുടെ ലക്ഷ്യമാണ്. അബഹ അല്‍ സുദ മലയില്‍ നിന്നും വളവോട് കൂടിയ കുത്തനെയുള്ള ഇറക്കം 16 കിലോമീറ്റര്‍ താണ്ടിയാല്‍ ഇവിടെ എത്താം. ഇത്തവണ കാലാവസ്ഥാ മാറ്റം തേന്‍ കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ടെങ്കിലും ഉത്സവത്തെ ബാധിച്ചിട്ടില്ളെന്നാണ് റിജാല്‍ അല്‍മാ നിവാസികള്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.