‘സൗദിയുടെ വര്‍ണങ്ങള്‍’ സമാപിച്ചു; മേളയുടെ താരമായി കുട്ടി ഫോട്ടോഗ്രാഫര്‍

റിയാദ്: ‘സൗദിയുടെ വര്‍ണങ്ങള്‍’ എന്ന പേരില്‍ റിയാദില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനത്തില്‍ താരമായി എട്ടു വയസ്സുകാരനും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച മേളയിലാണ് റിയാദില്‍ നിന്നുള്ള മുത്ഇബ് അബ്ദുല്‍ അസീസ് അല്‍ഹുതൈബി സ്വന്തം ദൃശ്യങ്ങളുമായി എത്തി താര തിളക്കത്തോടെ മടങ്ങുന്നത്. മൂന്നാം ക്ളാസ് വിദ്യാര്‍ഥിയാണ് ഈ കൊച്ചുമിടുക്കന്‍. സൗദിയിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ സബ്ഖില്‍ മുത്ഇബിന്‍െറ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആറാം വയസ്സില്‍ മകന്‍െറ കാമറ കമ്പം തിരിച്ചറിഞ്ഞതോടെയാണ് പ്രോത്സാഹിപ്പിച്ച് തുടങ്ങിയതെന്ന് മുത്ഇബിന്‍െറ കൂടെ എത്തിയ ഉമ്മ ഹബീര്‍ അബ്ദുല്‍ അസീസ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.  തുടക്കത്തില്‍ മൊബൈല്‍ ഫോണുപയോഗിച്ചാണ് ഫോട്ടോകളെടുത്തിരുന്നത്. മൊബൈല്‍ കൈയില്‍ കിട്ടിയാല്‍ കളിക്കുന്നതിന് പകരം ഫോട്ടോ എടുക്കാനായിരുന്നു കൊച്ചു മുത്ഇബ് താല്‍പര്യം കാണിച്ചിരുന്നത്. ഇത് മനസ്സിലാക്കിയാണ് ആറാം വയസ്സില്‍ പിതാവ് അബ്ദുല്‍ അസീസ് ചെറിയ കാമറ സമ്മാനിച്ചത്. ലക്ഷണമൊത്ത ഫോട്ടോ ഗ്രാഫറായി മാറാന്‍ പിന്നെ അധികനാള്‍ വേണ്ടി വന്നില്ല. അവന്‍ പകര്‍ത്തിയ ഫോട്ടോകള്‍ കണ്ട് അഭിനന്ദിക്കാന്‍ പലരുമത്തെി. നിരവധി വേദികളില്‍ നിന്ന് അംഗീകാരങ്ങള്‍ ഏറ്റുവാങ്ങാനായി. സാക്ഷാല്‍ സല്‍മാന്‍ രാജാവിന്‍െറ പടമെടുക്കാന്‍ വരെ കൊച്ചുപ്രായത്തില്‍ തന്നെ മുത്ഇബിന് അവസരം ലഭിച്ചു. ഇതുവരെ താന്‍ പകര്‍ത്തിയ ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ച മേളയിലെ സ്റ്റാളില്‍ കൊച്ചു ഫോട്ടോഗ്രാഫറെ അഭിനന്ദിക്കാനും കൂടെ നിന്ന് പടമെടുക്കാനും നിരവധി സന്ദര്‍ശകരാണത്തെിയത്. എല്ലാവര്‍ക്കും മകനെ പരിചയപ്പെടുത്താന്‍ ഉമ്മ ഹബീര്‍ മുന്നില്‍ നിന്നു. സ്വന്തമായി പ്രദര്‍ശനം സംഘടിപ്പിക്കണമെന്നാണ് കുട്ടി ഫോട്ടോഗ്രാഫറുടെ ഇപ്പോഴത്തെ ആഗ്രഹം. കൂടുതല്‍ പടങ്ങളുമായി വൈകാതെ അത് സാധിക്കുമെന്നാണ് കരുതുന്നത്. അതിനായി വിപണിയില്‍ ലഭ്യമായ കാമറകളില്‍ ഏറ്റവും മുന്തിയ ഇനം തന്നെയാണ് ഈ മിടുക്കന് മാതാപിതാക്കള്‍ വാങ്ങിക്കൊടുത്തിരിക്കുന്നത്. പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മുത്ഇബ്. എല്ലാ പിന്തുണയുമായി ഉമ്മയും ഉപ്പയും കൂടെയുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.