സിറിയന്‍ സംഭാഷണത്തിന് പ്രതിപക്ഷ സമിതിയായി; റിയാദ് സമ്മേളനം പിരിഞ്ഞു

റിയാദ്: വിയന്ന സമ്മേളനത്തിന്‍െറ ചുവടുപിടിച്ച് സിറിയയിലെ അധികാരമാറ്റത്തിനുള്ള സംഭാഷണത്തിന് പ്രതിപക്ഷ സമിതിക്ക് രൂപം നല്‍കി റിയാദ് സമ്മേളനം സമാപിച്ചു. ഭരണമാറ്റത്തിന്‍െറ മുന്നോടിയായി സിറിയന്‍ ഭരണകൂടത്തിനെതിരെ പ്രക്ഷോഭത്തിലുള്ള മിതവാദികളായ പ്രതിപക്ഷ കക്ഷികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുന്നതിന് വേണ്ടിയാണ് സമ്മേളനം വിളിച്ചു ചേര്‍ത്തത്. ബശ്ശാറുമായി ചര്‍ച്ച നടത്തുന്നതിന് സമിതിയെ രൂപവത്കരിക്കാനായതാണ് സംഗമത്തിന്‍െറ പ്രധാന നേട്ടം. ചര്‍ച്ചകളുടെയും സമവായത്തിന്‍െറയും വഴിയിലേക്ക് വരികയോ അധികാരത്തില്‍ നിന്ന് ബലപ്രയോഗത്തിലൂടെ പുറത്താക്കപ്പെടുന്നതിന് കാത്തിരിക്കുകയോ മാത്രമാണ് സിറിയന്‍ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിന്‍െറ മുന്നിലുള്ള മാര്‍ഗമെന്ന് സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പ്രസ്താവിച്ചു. സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമവായ ചര്‍ച്ചകള്‍ക്കിടെയാണ് വിദേശകാര്യ മന്ത്രി ബശ്ശാറിന്‍െറ ഭാവി സംബന്ധിച്ച നിര്‍ണായക പ്രസ്താവന നടത്തിയത്. 
റിയാദ് സമ്മേളനത്തില്‍ പ്രതിപക്ഷശബ്ദം യോജിച്ചതാണെന്നും സമിതിയെ തെരഞ്ഞെടുത്തതിലോ ഭരണമാറ്റത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ചോ പ്രതിപക്ഷത്തിനിടയില്‍ അഭിപ്രായഭിന്നതയില്ളെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത സഖ്യത്തിന്‍െറ മുന്‍ അധ്യക്ഷന്‍ ഹാദി അല്‍ബഹ്റയെ ഉദ്ധരിച്ച് അശ്ശര്‍ഖുല്‍ ഒൗസത് റിപ്പോര്‍ട്ട് ചെയ്തു. ഭരണമാറ്റത്തിലോ തുടര്‍നടപടികളിലോ പ്രസിഡന്‍റ് ബശ്ശാറുല്‍ അസദിന് ഒരു പങ്കുമുണ്ടാവില്ളെന്നും അദ്ദേഹത്തെ പൂര്‍ണമായി ഒഴിവാക്കുന്നതില്‍ പ്രതിപക്ഷ നിരയില്‍ പൂര്‍ണയോജിപ്പായിരുന്നുവെന്നും സിറിയന്‍ നാഷണല്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്‍റും സമ്മേളന പ്രതിനിധിയുമായ അബ്ദുല്‍ബാസിത് സീദാ അറിയിച്ചു. സിറിയയിലെ വിമോചന പോരാട്ടത്തെ കൃത്യമായൊരു ദിശയിലത്തെിക്കാന്‍ റിയാദ് സമ്മേളനത്തിനു കഴിഞ്ഞെന്നും മുഴുവന്‍ പ്രതിപക്ഷകക്ഷികളെയും ചേര്‍ത്തുനിര്‍ത്തിയുള്ള സൗദിയുടെ പരിഹാരശ്രമം രാജ്യത്തിന്‍െറ ഭാവി രൂപപ്പെടുത്തുന്നതിന് ഏറെ സഹായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂട ഭീകരതക്കെതിരായ പോരാട്ടം തുടരാന്‍ യോഗം തീരുമാനിച്ചു. അതേസമയം അന്യനാടുകളിലെ സായുധസംഘങ്ങളെ സിറിയന്‍ മണ്ണില്‍ അനുവദിക്കില്ളെന്നും ഗവണ്‍മെന്‍റ് വിരുദ്ധപ്രക്ഷോഭത്തില്‍ പങ്കെടുക്കുന്ന വിദേശികളെ രാജ്യത്തു നിന്ന് തുരത്തുമെന്നും പ്രതിനിധികള്‍ വ്യ്കതമാക്കിയിട്ടുണ്ട്. അനുരഞ്നചര്‍ച്ചകള്‍ക്കുള്ള സമിതിയില്‍ അംഗങ്ങളാവുന്നവര്‍ ഇടക്കാല ഗവണ്‍മെന്‍റിലെ അംഗത്വത്തിനു മത്സരിക്കില്ളെന്നും ധാരണയായിട്ടുണ്ടെന്നാണ് അറിയുന്നത്. ബശ്ശാര്‍ ഭരണത്തിനെതിരെ പോരാടുന്ന സ്വതന്ത്ര സൈന്യം, സിറിയന്‍ വിപ്ളവകാരികള്‍, ശാം മുന്നേറ്റ സൈന്യം, നൂറുദ്ദീന്‍ സന്‍കി വിഭാഗം, ഫലീഖുശ്ശാം, അഹ്റാറുശ്ശാം, പ്രതിപക്ഷ ദേശീയസഖ്യം, ജനാധിപത്യ പുനഃസ്ഥാപനത്തിനുള്ള ദേശീയ ഏകോപനസമിതി, രാജ്യത്തിനകത്തും പുറത്തുമുള്ള പ്രതിപക്ഷ സംഘടനകളുടെ പൊതുവേദിയായ കെയ്റോ കോണ്‍ഫറന്‍സ്, പാശ്ചാത്യ പിന്തുണയുള്ള ദക്ഷിണ മുന്നണി, ജയ്ശുല്‍ ഇസ്ലാം തുടങ്ങി 65 സംഘടനകളുടെ പ്രതിനിധികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.