നിതാഖാത്: ഉയര്‍ന്ന ഗണത്തിലെ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിസ പ്രാബല്യത്തില്‍

റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ നിതാഖാത് വ്യവസ്ഥകള്‍ കാര്യക്ഷമമായി നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ മന്ത്രാലയം കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഓണ്‍ലൈന്‍ വിസ ലഭിക്കുന്നതുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് പുതുതായി ആരംഭിച്ചതെന്ന് വകുപ്പു മന്ത്രി ഡോ. മുഫ്രിജ് ബിന്‍ സഅദ് അല്‍ഹഖബാനി വ്യക്തമാക്കി. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഇ-ഗേറ്റ് സംവിധാനം വഴിയാണ് ഓണ്‍ലൈന്‍ വിസക്ക് അപേക്ഷിക്കേണ്ടത്.
സ്വദേശിവത്കരണം കാര്യക്ഷമമായി നടപ്പാക്കിയ, നിതാഖാത് വ്യവസ്ഥയിലെ പ്ളാറ്റിനം, ഉയര്‍ന്ന പച്ച, ഇടത്തരം പച്ച എന്നീ ഗണത്തിലുള്ള സ്ഥാപനങ്ങള്‍ക്കാണ് ഓണ്‍ലൈന്‍ വിസ ലഭിക്കുക. നിതാഖാത് വ്യവസ്ഥയനുസരിച്ച് സ്ഥാപനത്തിന് അര്‍ഹമായ വിസയുടെ എണ്ണം പരിശോധിക്കാനും ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് വിസ കൈപ്പറ്റാനും സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് ബിന്‍ സഅദ് അല്‍ഹഖബാനി പറഞ്ഞു. നിബന്ധനകള്‍ക്ക് വിധേയമായാണ് ഓണ്‍ലൈന്‍ വിസ ആനുകൂല്യം ലഭിക്കുക.
സ്ഥാപനം ആരംഭിച്ച് ചുരുങ്ങിയത് ആറ് മാസം പിന്നിട്ടിരിക്കുക, നിതാഖാത് തരം തിരിവില്‍ ഇടത്തരം പച്ചക്ക് മുകളിലായിരിക്കുക, പുതിയ വിസകള്‍ അനുവദിച്ചാലും ഈ ഗണത്തില്‍ തുടരാന്‍ അര്‍ഹമായ അനുപാതം സ്വദേശികള്‍ ഉണ്ടായിരിക്കുക, വേതനസുരക്ഷ നിയമം നടപ്പാക്കിയിരിക്കുക, തൊഴില്‍ പരിശോധനയില്‍ സ്ഥാപനത്തിനെതിരെ പരാമര്‍ശങ്ങള്‍ ഇല്ലാതിരിക്കുക എന്നിവയാണ് നിബന്ധനകള്‍. നിബന്ധനകള്‍ പാലിച്ച സ്ഥാപനങ്ങള്‍ക്ക് വേഗത്തിലും നീതിപരമായും വിസ ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഓണ്‍ലൈന്‍ വിസ അനുവദിച്ച ശേഷം ഉപയോഗിച്ചില്ളെങ്കില്‍ റദ്ദ് ചെയ്യാനും ഓണ്‍ലൈന്‍ സംവിധാനം ഉപയോഗപ്പെടുത്താം. ഇത്തരത്തില്‍ സ്ഥാപനം റദ്ദ് ചെയ്ത വിസകള്‍ പിന്നീട് ഓണ്‍ലൈന്‍ വഴി എടുക്കാം. സ്വദേശിവത്കരണം പാലിച്ച സ്വകാര്യസ്ഥാപനങ്ങള്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കുക, ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കൂടാതെ വിസ നടപടികളില്‍ സുതാര്യതയും വേഗത്തിലുള്ള സേവനവും ഉറപ്പുവരുത്തുക എന്നിവ ഓണ്‍ലൈന്‍ സംവിധാനത്തിന്‍െറ ലക്ഷ്യമാണ്. എന്നാല്‍ സൗദി തൊഴില്‍ വിപണിയില്‍ നടപ്പാക്കുന്ന സ്വദേശിവത്കരണത്തില്‍ ഇളവ് വരുത്താന്‍ മന്ത്രാലയം ഉദ്ദേശിക്കുന്നില്ളെന്നും മന്ത്രി പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.