മക്കയിലേക്ക് പ്രവേശം പെര്‍മിറ്റുള്ളവര്‍ക്ക് മാത്രം

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന്‍െറ ഭാഗമായി മക്കയിലേക്ക് പുറത്തുനിന്നുള്ള പ്രവേശം പെര്‍മിറ്റുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി. 
ഹജ്ജിന്‍െറ ഒരു മാസം മുമ്പ് തന്നെ പെര്‍മിറ്റ് പരിശോധന പ്രാബല്യത്തില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹജ്ജിന് വരുന്നവര്‍ നിര്‍ബന്ധമായും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് ശാഖയില്‍ നിന്ന് പെര്‍മിറ്റ് കരസ്ഥമാക്കണം. ഹജ്ജ് മന്ത്രാലയം ഈ വര്‍ഷം പുതുതായി ആരംഭിച്ച ഇ-ട്രാക്ക് സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ വഴി പണമടച്ച് ആഭ്യന്തര ഹജ്ജ് കമ്പനിയുമായി കരാറിലേര്‍പ്പെടണം. ഇത്തരത്തില്‍ കരാര്‍ ഉള്ളവര്‍ക്ക് മാത്രമാണ് ജവാസാത്ത് പെര്‍മിറ്റ് നല്‍കുക. 
പെര്‍മിറ്റ് ഇല്ലാതെ ഹജ്ജ് ചെയ്യുന്നത് നിയമലംഘനമാണെന്നും നിയമാനുസൃതമായ പിഴയും തടവും ഏറ്റുവാങ്ങേണ്ടി വരുമെന്നും ആഭ്യന്തര മന്ത്രാലയവും മക്ക ഗവര്‍ണറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
മക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ കവാടങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ ആവശ്യമായ എണ്ണം ജോലിക്കാരെ നല്‍കിയിട്ടുണ്ടെന്ന് സൗദി റോഡ് സുരക്ഷ വിഭാഗത്തിലെ ഉസ്മാന്‍ അല്‍മുഹ്രിജ് പറഞ്ഞു. ചെക്ക് പോയിന്‍റുകളിലെ പരിശോധനക്ക് റോഡ് സുരക്ഷ വകുപ്പിലെ ഖാലിദ് നശാത് അല്‍ഖഹ്താനി നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 
ജോലിയാവശ്യാര്‍ഥം മക്കയിലേക്ക് പോകുന്ന പുറത്തുനിന്നുള്ളവര്‍ക്ക് ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന തൊഴിലുടമയുടെ രേഖ വേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.