കൊറോണ വീണ്ടും ഭീതി വിതക്കുന്നു; റിയാദില്‍ ജാഗ്രത പ്രഖ്യാപിച്ചു

റിയാദ്: ഇടക്കാലത്തെ ശാന്തതക്ക് ശേഷം മരണവും രോഗബാധയുമായി സൗദിയില്‍ കൊറോണ വീണ്ടും ഭീതി വിതക്കുന്നു. ആഗസ്റ്റ് മാസത്തില്‍ ഇതുവരെ മാത്രം 58 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം 10 കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മേയിനു ശേഷം ഇതാദ്യമായാണ് ഒറ്റ ദിവസം ഇത്രയും കേസുകള്‍ സ്ഥിരീകരിക്കുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ മൂന്നുപേര്‍ റിയാദില്‍ മരിച്ചു. 50 ഉം 56 ഉം വയസായ സൗദി പുരുഷനും വനിതയും 71 വയസ്സുള്ള വിദേശി പുരുഷനുമാണ് മരിച്ചവര്‍. രോഗബാധിതരില്‍ ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. 
റിയാദില്‍ കൊറോണ വൈറസ് രോഗ കേസുകളുടെ പൊടുന്നനെയുള്ള വര്‍ധനയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. തലസ്ഥാനത്തെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ അടിയന്തര ചികില്‍ത്സ വിഭാഗത്തിലും ഒൗട്ട് പേഷ്യന്‍റ് വിഭാഗത്തിലും 24 മണിക്കൂര്‍ ജാഗ്രത പ്രഖ്യാപിച്ചതായി നാഷനല്‍ ഗാര്‍ഡ് മന്ത്രാലയം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹനാന്‍ ബിന്‍ത് ഹസന്‍ അല്‍ ബല്‍കി അറിയിച്ചു. മെര്‍സ് കേസുകള്‍ കൈകാര്യം ചെയ്യാനായി മൂന്നു വേര്‍തിരിച്ച വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. മാറ്റിവെക്കാന്‍ കഴിയുന്ന ശസ്ത്രക്രിയകള്‍ പൂര്‍ണമായും ഒഴിവാക്കുകയും ചെയ്തു. ആശുപത്രിയില്‍ സന്ദര്‍ശന സമയം വെട്ടിക്കുറക്കുകയും സന്ദര്‍ശകരെ നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. 
വൈറസ് ബാധ പടരുന്നതിനെതിരെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്കിടയിലും ആശുപത്രി ജീവനക്കാരിലും നടത്തുന്നുണ്ടെന്ന് സെന്‍ട്രല്‍ കമാന്‍ഡ് സെന്‍റര്‍ വക്താവ് ഖാലിദ് അല്‍ മിര്‍ഗലാനി അറിയിച്ചു. ലോകാരോഗ്യ സംഘടനയുടെ സാംക്രമിക രോഗ പ്രതിരോധ നടപടികളുടെ സമാന നിലവാരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. 2012 ജൂണില്‍ രോഗ ബാധ കണ്ടത്തെിയതിന് ശേഷം ഇതുവരെയായി 1,115 കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 480 പേര്‍ മരിച്ചു. 590 പേര്‍ രോഗ മോചിതരായി. 45 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുന്നു. 
ഒട്ടകങ്ങള്‍ വഴിയാണ് പ്രധാനമായും ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. ചില ഒട്ടക ഉടമകളുടെ നിസഹകരണം രോഗപ്രതിരോധ നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നതായി കാര്‍ഷിക മന്ത്രാലയം വക്താവ് ഖാലിദ് അല്‍ ഫുഹൈദ് സൂചിപ്പിച്ചു. മറ്റു മന്ത്രാലയങ്ങളുമായി സഹകരിച്ച് രോഗബാധ നിയന്ത്രിക്കുന്നതിന് കാര്‍ഷിക മന്ത്രാലയം അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്. അറവുശാലകളിലും മറ്റും പ്രത്യേക നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. കൃത്യമായി പാചകം ചെയ്ത ശേഷം മാത്രമേ ഒട്ടക മാംസം, പാല്‍ എന്നിവ ഭക്ഷിക്കാന്‍ പാടുള്ളുവെന്നും അധികാരികള്‍ അറിയിച്ചു. ഹജ്ജിന് ഏതാനും ആഴ്ചകള്‍ മാത്രമേ ശേഷിക്കുന്നുള്ളു എന്നതിനാല്‍ ഒരു പഴുതും നല്‍കാത്ത ക്രമീകരണങ്ങളാണ് സൗദി ഭരണകൂടം സ്വീകരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.