ഒമാന്‍ തീര്‍ഥാടകരുടെ മൃതദേഹങ്ങള്‍ കൊണ്ടുപോയി

ദമ്മാം: ഒമാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് മരിച്ച ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ അവരുടെ നാട്ടിലേക്ക് കൊണ്ടുപോയി. ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ അല്‍അഹ്സ വിമാനത്താവളത്തില്‍ എത്തിച്ച് അവിടെ നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലാണ് കൊണ്ടുപോയത്. നിസാരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 27 പേരെ വിവിധ ആംബുലന്‍സുകളില്‍ ഒമാനിലത്തെിച്ചതായി അധികൃതര്‍ അറിയിച്ചു. 
മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനും പരിക്കേറ്റവരെ ഒമാനിലെ ആശുപത്രികളിലേക്ക് മാറ്റുന്നതിനും ആരോഗ്യവിഭാഗം ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍മുംതന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അബ്ദുല്‍ ഹമീദ് അല്‍ ഉമൈര്‍ എന്നിവര്‍ നേതൃത്വം നല്‍കി. 
അല്‍അഹ്സയിലെ സെന്‍ട്രല്‍ ആശുപത്രി, അല്‍മൂസ, ഖുറൈസ് ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലായിരുന്നു പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ചിലരെ അപകടം നടന്നയുടന്‍ എയര്‍ ആംബുലന്‍സില്‍ റിയാദിലത്തെിച്ചിരുന്നു. അവര്‍ ഇപ്പോഴും റിയാദില്‍ ചികിത്സയിലാണ്. 
റിയാദില്‍നിന്ന് 200 കിലോമീറ്ററകലെ ഖുറൈസ് - അല്‍അഹ്സ റൂട്ടില്‍ ഖരീസ് എന്ന സ്ഥലത്ത് വ്യാഴാഴ്ച പുലര്‍ച്ചെ 12.30ഓടെയാണ് അപകടം നടന്നത്. 
അല്‍അഹ്സ എത്തുന്നതിന് 120 കിലോമീറ്റര്‍ മുമ്പാണ് സംഭവ സ്ഥലമായ ഖരീസ്. ഉംറ നിര്‍വഹിച്ച് മക്കയില്‍ നിന്ന് മടങ്ങുകയായിരുന്നു സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ഒമാന്‍ തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ് എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 
ബസിലുണ്ടായിരുന്ന 50 പേരില്‍ 41 പേര്‍ക്ക് പരിക്കേറ്റു. നേര്‍ക്കുനേരെയുള്ള ഇടിയുടെ ആഘാതത്തില്‍ ബസിന്‍െറ മുന്‍വശം മുതല്‍ പകുതിവരെ പൂര്‍ണമായും തകര്‍ന്നു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.