ഇന്ത്യൻ ഇസ്ലാഹി സെന്റർ 10ാമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണം സംബന്ധിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി സംസാരിക്കുന്നു
റിയാദ്: 'നിർഭയത്വമാണ് മതം അഭിമാനമാണ് മതേതരത്വം' എന്ന പ്രമേയത്തിൽ ഡിസംബർ 29, 30, 31, ജനുവരി ഒന്ന് തീയതികളിൽ കോഴിക്കോട് നടക്കുന്ന 10ാമത് മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ സൗദിതല പ്രചാരണാർഥം കെ.എൻ.എം നേതാക്കൾ ഈ മാസം 25 മുതൽ 27 വരെ റിയാദ് സന്ദർശിക്കും. കേരള നദ്വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റുമാരായ ഡോ. ഹുസൈൻ മടവൂർ, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ട്രഷറർ നൂർമുഹമ്മദ് നൂർഷ, സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽ മജീദ് സ്വലാഹി എന്നിവരാണ് റിയാദിൽ എത്തുന്നത്.
ഇന്ത്യൻ ഇസ്ലാഹി സെന്റർ ദേശീയ സമിതിയുടെ നിയന്ത്രണത്തിൽ റിയാദ് ഘടകം വെള്ളിയാഴ്ച അസീസിയ ദാറുൽ ഫുർഖാൻ മദ്റസ ഓഡിറ്റോറിയത്തിൽ നടത്തുന്ന മധ്യമേഖല പ്രചാരണ സമ്മേളനത്തിൽ നേതാക്കൾ സംബന്ധിക്കും.
വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയിലെ ആദ്യ സെഷനിൽ പ്രവർത്തക കൺവെൻഷൻ നടക്കും.
റിയാദ് സെന്ററിന് കീഴിലുള്ള അഞ്ച് യൂനിറ്റുകളുടെ ഭാരവാഹികളും പ്രവർത്തകസമിതി അംഗങ്ങളും എം.ജി.എം കമ്മിറ്റി അംഗങ്ങളും ഇസ്ലാഹി സെന്റർ പ്രവർത്തകസമിതി അംഗങ്ങളും പങ്കെടുക്കും.
വൈകീട്ട് 7.30ന് പ്രധാന വേദിയിൽ മധ്യമേഖല പ്രചാരണ സമ്മേളനം നടക്കും. വേദി രണ്ടിൽ നാലു വയസ്സു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് വേണ്ടി 'വിങ്സ്' എന്ന പേരിൽ പ്രത്യേക പരിപാടി നടക്കും. സമ്മേളന പ്രചാരണാർഥം വിവിധ പരിപാടികൾ റിയാദിൽ നടത്തുമെന്ന് സംഘാടക സമിതി യോഗത്തിൽ ഭാരവാഹികൾ അറിയിച്ചു. സെന്റർ പ്രസിഡന്റ് അബ്ദുൽ ഖയ്യൂം ബുസ്താനി അധ്യക്ഷത വഹിച്ച യോഗത്തിൽ അബ്ദുറസാഖ് സ്വലാഹി, ഹനീഫ, ഹസനുൽ ബന്ന, കെ.എം. സുബൈർ, മാസിൻ, ആസിഫ് കണ്ണിയൻ, അബ്ദുനാസർ മണ്ണാർക്കാട്, ഷംസുദ്ദീൻ പുനലൂർ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ചെയർമാൻ മുഹമ്മദ് സുൽഫിക്കർ സമ്മേളന വിശദീകരണം നടത്തി. കൺവീനർ സാജിദ് കൊച്ചി സ്വാഗതവും ജോയിൻ കൺവീനർ അബ്ദുൽ വഹാബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.