ജിദ്ദ ഒഴുകൂർ പ്രവാസി കൂട്ടായ്മ പത്താം വാർഷികാഘോഷ പരിപാടികൾ
ജിദ്ദ: പ്രവാസലോകത്തെ സജീവ സാന്നിധ്യമായ ജിദ്ദ ഒഴുകൂർ പ്രവാസി കൂട്ടായ്മയുടെ 10ാം വാർഷികാഘോഷവും ഈദ് സംഗമവും ആവേശകരമായി നടന്നു. ജിദ്ദ ദുറ വില്ലയിൽ നടന്ന ആഘോഷ പരിപാടിയിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് പ്രവാസികൾ ഒത്തുചേർന്നു. വൈവിധ്യമാർന്ന കലാ-കായിക പരിപാടികളോടെ നടന്ന സംഗമം ജിദ്ദ മീഡിയ ഫോറം ട്രഷറർ സുൽഫിക്കർ ഒതായി ഉദ്ഘാടനം ചെയ്തു.
പുതിയ കാലഘട്ടത്തിൽ വിദ്യാർഥികൾക്ക് കൃഷിയോടുള്ള അഭിരുചി വളർത്തുന്നതിനൊപ്പം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകളിൽ അറിവ് പകർന്നു നൽകാൻ പ്രവാസി കൂട്ടായ്മകൾ മുൻകൈ എടുക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ നാടിന്റെ വിശേഷങ്ങളും പ്രശ്നങ്ങളും സജീവമായി പങ്കുവെക്കുന്ന ശാഹുൽ പെരുമ്പിലായിയെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡൻറ് പി.സി. നാണി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സെക്രട്ടറി ഹമീദ് കൈപ്പകഞ്ചേരി ആമുഖഭാഷണം നടത്തി. സംഘടനയുടെ വരാനിരിക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് രക്ഷാധികാരികളായ മുഹമ്മദ് പെരുമ്പിലായി, ഡോ. അനു കാവിൽ എന്നിവർ വിശദീകരിച്ചു. ചെയർമാൻ അബ്ദുൽ ഹമീദ് കാഞ്ഞിരങ്ങാടൻ യാംബു, എം.സി. അയൂബ്, കെ.സി. ജെഷീം, മൻസൂർ ബാബു എന്നിവർ സംസാരിച്ചു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി ജിദ്ദയിലെ പ്രശസ്ത ഗായകരായ സോഫിയ സുനിൽ, ശാഹുൽ, യാംബുവിലെ ആരിഫ് ചാലിയം എന്നിവരും മറ്റ് കലാകാരന്മാരും അണിനിരന്ന സംഗീതവിരുന്നും കുട്ടികളുടെ വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.
ആഘോഷ ഭാഗമായി നടന്ന ആവേശകരമായ ഫുട്ബാൾ, വടംവലി മത്സരങ്ങൾക്ക് ഷൗക്കത്ത് ഞാറകോടൻ, ശമീൽ പൂന്തല, അലി ഞാറകോടൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.