100 പ്ലസ് കിലോ വിഭാഗത്തിൽ റഷ്യൻ താരത്തെ വീഴ്ത്തുന്ന ഫ്രാൻസിന്റെ ടെഡി റിനർ
ദോഹ: 130 കിലോ ശരീരഭാരം, ആറടി എട്ടിഞ്ച് ഉയരത്തിൽ ടവറുപോലെ തലപ്പൊക്കം. കൈകൾ ആഞ്ഞുവീശി നടന്നുവരുന്ന ഈ അതികായൻ മുന്നിലെത്തുമ്പോൾ തന്നെ എതിരാളിക്ക് മുട്ടുവിറക്കും. ഫുട്ബാളിൽ പെലെയും മറഡോണയും പോലെ, ക്രിക്കറ്റിൽ സച്ചിനോ ബ്രയൽ ലാറയെയോ പോലെ ജൂഡോയുടെ ഇതിഹാസമെന്ന് ഫ്രഞ്ചുകാരനായ ടെഡി പിയറി റിനറിനെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ഖത്തറിൽ കഴിഞ്ഞ എട്ടു ദിവസമായി നടന്ന ലോക ജൂഡോ ചാമ്പ്യൻഷിപ്പിൽ ആരാധക ലോകം ഏറെ ആഘോഷത്തോടെയായിരുന്നു ഈ വലിയ മനുഷ്യന്റെ പോരാട്ടങ്ങൾക്കായി കാത്തിരുന്നത്. 100 കിലോ പ്ലസ് വിഭാഗത്തിൽ മത്സരിച്ച ടെഡി റിനർ ദോഹയിലെ മത്സരക്കളം വിട്ടപ്പോഴും ആരാധകരുടെ പ്രതീക്ഷ തെറ്റിച്ചില്ല. തന്റെ 11ാമത് ലോക ചാമ്പ്യൻഷിപ് സ്വർണ നേട്ടം എന്ന തിളക്കത്തോടെ ടെഡി റിനറുടെ പോരാട്ടവീര്യത്തിന് 34ാം വയസ്സിലും ഇളക്കമില്ല.
അലി ബിൻ ഹമദ് അൽ അതിയ്യ അറിനയിൽനിന്നും ടെഡിയുടെ കരിയറിലെ 11ാം ലോക ചാമ്പ്യൻഷിപ് സ്വർണമാണ് ലഭിച്ചത്. അതാവട്ടെ, ആറുവർഷത്തെ ഇടവേളക്കുശേഷവും. 2017ൽ മൊറോക്കോയിലെ മറാകേഷിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ അവസാനമായി സ്വർണം നേടിയ ടെഡി ആറു വർഷത്തെ ഇടവേളക്കുശേഷമാണ് തന്നെക്കാൾ പ്രായം കുറഞ്ഞ എതിരാളികളെ പുഷ്പം പോലെ മലർത്തിയടിച്ചത്. മൂന്ന് ഒളിമ്പിക്സ് സ്വർണം, 11 ലോക ചാമ്പ്യൻഷിപ് സ്വർണം, അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ് സ്വർണം, വേൾഡ് മാസ്റ്റേഴ്സിൽ നാല് സ്വർണവും ഐ.ജെ.എഫ് ഗ്രാൻഡ് പ്രിയിൽ ആറ് സ്വർണവും... 100 പ്ലസ് കിലോ വിഭാഗത്തിൽ കഴിഞ്ഞ പത്തുവർഷത്തിലേറെയായി കളം വാഴുന്ന ടെറി റിനേറിനെ വെല്ലുവിളിക്കാൻ ഇപ്പോഴും ആളില്ലെന്ന് തെളിയിക്കുന്നതാണ് ദോഹയിലെ പ്രകടനം.
‘ദി കിങ് ഈസ് ബാക്ക്’ എന്ന തലക്കെട്ടോടെയായിരുന്നു ടെഡി റിനേറുടെ സ്വർണനേട്ടത്തെ ലോക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
കഴിഞ്ഞ ഏതാനും വർഷം ലോകചാമ്പ്യൻഷിപ്പിൽനിന്നും വിട്ടുനിന്ന താരം അൺസീഡ് പ്ലെയർ ആയാണ് ദോഹയിലെത്തിയത്. ഒന്നാം റൗണ്ട് മുതൽ എതിരാളികളെ മലർത്തിയടിച്ച് കുതിച്ചപ്പോൾ ജൂഡോ പ്രേമികൾ ഇതിഹാസ താരത്തിന് ബാനറുകളുമായി ഗാലറിയിലേക്ക് കുതിച്ചു. റഷ്യയുടെ ഇനാൽ തസോവിനെ ഫൈനലിൽ വീഴ്ത്തിയായിരുന്നു കിരീട നേട്ടം. സെമിഫൈനലിൽ തജികിസ്താന്റെ ലോക ഒന്നാം നമ്പറുകാരനായ തിമുർ റഖിമോവിനെ വെറും 30 സെക്കൻഡിലായിരുന്നു റിനർ നിലംപറ്റിച്ചത്.
2012, 2016 ഒളിമ്പിക്സ് വ്യക്തിഗത ചാമ്പ്യനും 2020 ടോക്യോവിൽ വെങ്കലവും നേടിയ ടെഡി റിനർ ഇതേ മികവുമായി അടുത്ത വർഷം പാരിസ് ഒളിമ്പിക്സിൽ ഒരു കൈനോക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ. 2007ൽ ആദ്യമായി ലോകചാമ്പ്യൻഷിപ് സ്വർണം നേടുമ്പോൾ 18 വയസ്സായിരുന്നു റിനറുടെ പ്രായം. പിന്നീട്, 2008, 2009, 10, 11, 13, 14, 15, 17 വർഷങ്ങളിൽ ലോകകിരീടമണിഞ്ഞ് റെക്കോഡ് കുറിച്ച ഏകതാരമായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.