ടാക് ഖത്തറിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി മട്ടന്നൂർ ശങ്കരൻകുട്ടിയുടെ നേതൃത്വത്തിൽ അരങ്ങേറിയ മേളം
ദോഹ: ഖത്തറിലെ പ്രമുഖ കലാകേന്ദ്രമായ ടാക് ഖത്തറിന്റെ വാർഷികാഘോഷം ‘കലാസമർപ്പൺ-മേളപ്രപഞ്ചം’ സാംസ്കാരിക മഹോത്സവമായി സംഘടിപ്പിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ, അദ്ദേഹത്തിന്റെ മക്കളായ മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരും കൊമ്പ്, കുഴൽ വാദ്യക്കാരായ ധനീഷ്, മിഥുൻ, കപിൽ, ഭവൻ, ശ്രീഹരി തുടങ്ങിയവരും കനൽ ഖത്തർ (മേളം) കലാകാരന്മാരും ഉൾപ്പെടെ 50ഓളം പേർ അണി നിരന്ന പാണ്ടിമേളംകൊണ്ട് ശ്രദ്ധേയമായി. ചെണ്ട വിദ്യാർഥികളുടെ ആദ്യ ബാച്ചിന്റെ പഞ്ചാരി മേളം അരങ്ങേറ്റവും ടാക് ഖത്തർ അധ്യാപകരും വിദ്യാർഥികളും ചേർന്നൊരുക്കിയ ക്ലാസിക്കൽ, വെസ്റ്റേൺ നൃത്തങ്ങളും ഫാഷൻ ഷോ, യോഗ പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികളും അവിസ്മരണീയമായി. കലാസമർപ്പൺ എന്ന പേരിൽ ഫെബ്രുവരിയിൽ ആരംഭിച്ച വാർഷികാഘോഷങ്ങളുടെ തുടർച്ചയായി പോഡാർ പേൾ സ്കൂളിൽ അരങ്ങേറിയ ചെണ്ട വിദ്യാർഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റം, പാണ്ടിമേളം തുടങ്ങിയവ അഞ്ചു മണിക്കൂറോളം മേളക്കൊഴുപ്പേകി.
ടാക് ഡയറക്ടർ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. മാനേജിങ് ഡയറക്ടർ ഇൻ ചാർജ് ശശിധരൻ പ്ലാഴി അധ്യക്ഷത വഹിച്ചു. ഒ.ടി.സി മാനേജിങ് ഡയറക്ടർ വി.എസ്. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ഭവൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ എം.പി ഫിലിപ്പ് ടാക് വെബ്സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, തൃശൂർ ജില്ല സൗഹൃദവേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ എന്നിവർ ആശംസകൾ അറിയിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ടാക് മാനേജ്മെന്റ് പ്രതിനിധികളായ ഉണ്ണികൃഷ്ണൻ കളരിക്കൽ, ബാലചന്ദ്രൻ, വിഷ്ണു, ജയാനന്ദൻ എന്നിവരും സന്നിഹിതരായിരുന്നു. ടാക് ഡയറക്ടർ മുഹമ്മദ് റാഫി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.