ഗരങ്കാവൂ ആഘോഷത്തിന്റെ ഭാഗമായി കളികളിൽ ഏർപ്പെട്ട കുട്ടികൾ
ദോഹ: ‘ഗരങ്കാവൂ, ഗിർഗാവൂ... അതൂനല്ലാഹ് യഅ്തീക്കും. ബൈത് മക്കാ യാ വാദീക്കും. യാ മക്കാ യാൽ മമൂറ...’ പുത്തനുടുപ്പണിഞ്ഞ് സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ സഞ്ചികളുമായി ഈണത്തിൽ പാട്ടുപാടി കുട്ടിനോമ്പുകാർ ഇന്ന് വീടുകൾതോറും കയറിയിറങ്ങും. ‘ഞങ്ങൾക്ക് തരൂ... നിങ്ങൾക്ക് ദൈവം തരും...’ എന്ന അർഥത്തിൽ ഗരങ്കാവൂ പാട്ടുപാടി എത്തുന്ന കുട്ടികളെ സമ്മാനപ്പൊതികളുമായി വരവേൽക്കാൻ രക്ഷിതാക്കളും മുതിർന്നവരും ഒരുങ്ങിക്കഴിഞ്ഞു.
ഗരങ്കാവൂ സമ്മാനങ്ങളുമായി സ്കൂൾ വിദ്യാർഥികൾ
നോമ്പുകാലത്ത് ഖത്തറിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ ‘ഗരങ്കാവൂ...’ ഉത്സവത്തിലാണ് റമദാൻ 14 ആയ വെള്ളിയാഴ്ച. കുട്ടികൾക്കിടയിലെ നോമ്പുശീലത്തിന് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി പരമ്പരാഗതമായി പിന്തുടരുന്ന ഗരങ്കാവൂ ഇന്ന് സ്വദേശികൾക്ക് മാത്രമല്ല, മലയാളികൾ ഉൾപ്പെടെ പ്രവാസികളും ഏറ്റെടുത്തുകഴിഞ്ഞു.
വിവിധ അറബ് ദേശക്കാർക്കൊപ്പം മലയാളി കുടുംബങ്ങളിലും സംഘടനകളിലുമെല്ലാം ചെറുതും വലുതുമായി സമ്മാനങ്ങളൊരുക്കി ഗരങ്കാവൂ ആഘോഷിക്കുന്നത് പുതുമയുള്ള കാഴ്ചയാണ്. സമ്മാനങ്ങൾ ചോദിച്ചു വരുന്ന കുട്ടികളുടെ മനസ്സും സഞ്ചിയും നിറക്കാൻ വീട്ടുകാരും നേരത്തെ ഒരുങ്ങിക്കഴിഞ്ഞു. റമദാൻ തുടങ്ങിയതിനു പിന്നാലെ തന്നെ സൂഖുകളിലും ഷോപ്പുകളിലുമെല്ലാം സമ്മാനപ്പെട്ടിയിലേക്ക് സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന രക്ഷിതാക്കളുടെ തിരക്കായിരുന്നു.
സമ്മാനങ്ങളും മിഠായികളുമായി സജീവമായ സൂഖ് വാഖിഫിൽനിന്ന്
രണ്ടു ദിവസം മുമ്പേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷ പരിപാടികളും തുടങ്ങി. സ്കൂളുകൾ, മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ, വിവിധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് കുട്ടികൾക്കായി മത്സരങ്ങൾ ഒരുക്കിയും, മൈലാഞ്ചിയിടൽ, ഫേസ് പെയ്ന്റിങ് പരിപാടികളുമായി ഗരങ്കാവൂ ആഘോഷത്തിരക്കിലായി.
വെള്ളിയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.