ദോഹ: ഖത്തർ ദേശീയ മനുഷ്യാവകാശ ദിനാചരണത്തിൽ ഇന്ത്യൻ സംഘടനകൾക്ക് ആദരം. ഖത്തറിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലും ക്ഷേമപ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായ വിവിധ രാജ്യങ്ങളിൽനിന്നുള്ള സംഘടനകളെയും നേതാക്കളെയും ആദരിക്കാനായി ആഭ്യന്തര മന്ത്രാലയം നടത്തിയ ചടങ്ങിലാണ് വിവിധ ഇന്ത്യൻ സംഘടനകൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ഇന്ത്യൻ എംബസി അനുബന്ധ സംഘടനയായ ഇന്ത്യൻ കൾചറൽ സെൻറർ (ഐ.സി.സി), ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം (ഐ.സി.ബി.എഫ്), കേരള മുസ്ലിം കൾചറൽ ഫോറം (കെ.എം.സി.സി), ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് എന്നീ സംഘടനകളുടെ പ്രതിനിധികൾ പ്രശംസ പത്രം സ്വീകരിച്ചു. ഖത്തർ ദേശീയ മനുഷ്യാവകാശ ദിനാചരണം, അന്താരാഷ്ട്ര സഹിഷ്ണുത ദിനം എന്നിവയോടനുബന്ധിച്ചാണ് ആഭ്യന്തര മന്ത്രാലയം അറബ്- അറബ് ഇതര സാമൂഹിക നേതാക്കൾക്കുള്ള ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. സിവിൽ ഡിഫൻസ് ഒാഫിസേഴ്സ് ക്ലബിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രാലയം മനുഷ്യാവകാശ വിഭാഗം അസി. ഡയറക്ടർ കേണൽ സഅദ് സലിം അൽ ദോസരി, വിദേശകാര്യ മന്ത്രാലയം മനുഷ്യവകാശ വിഭാഗം പ്രതിനിധി അബ്ദുല്ല മഹ്ദി അൽ യമി, ക്യാപ്റ്റൻ ഡോ. അബ്ദുൽ ലത്തീഫ് ഹുസൈൻ അൽ അലി എന്നിവർ പങ്കെടുത്തു.
കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് എസ്.എ.എം ബഷീർ, ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നരിക്കുനി എന്നിവർ അംഗീകാരം ഏറ്റുവാങ്ങി. ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ എന്നിവരും അംഗീകാരം ഏറ്റുവാങ്ങി.
തുനീഷ്യ, യമൻ, മൊറോക്കോ, പാകിസ്താൻ, ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, ഇന്തോനേഷ്യ, അഫ്ഗാനിസ്താൻ, സോമാലിയ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ള കമ്യൂണിറ്റി നേതാക്കളെയും ആദരിച്ചു.
കഴിഞ്ഞ കാലങ്ങളിൽ രാജ്യത്തിനുവേണ്ടിയും വിവിധ കമ്യൂണിറ്റികളുടെ ശാക്തീകരണത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് മനുഷ്യവകാശ ദിനത്തിലെ ആദരവ്.
സമൂഹത്തിെൻറ എല്ലാവിഭാഗം ജനങ്ങളുടെയും അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിെൻറയും പിന്തുണക്കുന്നതിെൻറയും ഭാഗമാണ് ഇത്തരമൊരു ചടങ്ങെന്ന് കേണൽ അൽ ദോസരി പറഞ്ഞു. സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ, ഭിന്നശേഷിക്കാർ തുടങ്ങി എല്ലാ വിഭാഗം ആളുകളുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് സാമൂഹിക ഉത്തരവാദിത്തമാണ്.
രാജ്യത്തെ വിവിധ സമൂഹങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കുകയും ദേശീയ നിയമങ്ങൾക്കും നിയമനിർമാണ സംവിധാനങ്ങൾക്കും കീഴിലെ അവകാശങ്ങൾ ബോധ്യപ്പെടുത്തുകയുമാണ് ലക്ഷ്യം. ഈ ചടങ്ങിലൂടെ രാജ്യത്തെ വിവിധ കമ്യൂണിറ്റി നേതാക്കൾ ആദരിക്കപ്പെടുകയാണ്. ഓരോരുത്തരുടെയും സംസ്കാരിക വൈവിധ്യത്തെയും സ്വാതന്ത്ര്യത്തെയും ആരാധനയെയും ആദരിക്കുന്നു.
എല്ലാ വിശ്വാസങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുക എന്നത് ഖത്തറിെൻറ സംസ്കാരവും മൂല്യവുമാണ്. ഇതുവഴി, വിവിധ സാമൂഹിക സംഘടനകളുടെ ആവശ്യങ്ങൾ മനസ്സിലാക്കാനും കഴിയുമെന്ന് അസി. ഡയറക്ടർ കേണൽ സഅദ് സലിം അൽ ദോസരി പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ സമൂഹങ്ങൾക്കിടയിൽ നിർണായക ഇടപെടലുകൾ നടത്തിയവരാണ് ഐ.സി.സി, ഐ.സി.ബി.എഫ്, കെ.എം.സി.സി സംഘടനകൾ. കോവിഡ് കാലത്ത് ഉൾപ്പെടെ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ആതുര സേവന പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഖത്തറിലെ നഴ്സുമാരുടെ വലിയൊരു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസിനും ഈ അംഗീകാരം കോവിഡ് കാലത്തെ ആതുരസേവനത്തിനുള്ള ആദരവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.