ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത വിദ്യാർഥികൾ
ദോഹ: 36ാമത് ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിൽ (ഐ.ബി.ഒ 36) മികച്ച നേട്ടവുമായി ഖത്തരി വിദ്യാർഥികൾ. വിദ്യാർഥികൾ അവതരിപ്പിച്ച പ്രോജക്റ്റ് ആദ്യ 10ൽ ഇടംപിടിച്ചു. ജൈവശാസ്ത്രത്തിലെ നൂതന ആശയങ്ങളെയും കണ്ടുപിടിത്തങ്ങളെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫിലിപ്പീൻസിലെ ക്യൂസോൺ നഗരത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 77 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികളാണ് പങ്കെടുത്തത്.
ബയോളജി മേഖലകളിലെ വിദ്യാർഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിനുള്ള ഈ അന്താരാഷ്ട്ര വേദിയിൽ ഖത്തറിനെ പ്രതിനിധാനം ചെയ്ത് ഖത്തർ സയൻസ് ആൻഡ് ടെക്നോളജി സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിലെ ജാസിം ഫഹദ് അൽ മുതവ, അൽ മഹാ അക്കാദമി ഫോർ ഗേൾസിലെ ആഇശ അഹ്മദ് അൽ ഹാശിമി, അൽ അബ് സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ തുഖാ മുഹമ്മദ് അൽ ദുലൈമി, ഇന്റർനാഷനൽ സ്കൂൾ ഓഫ് ചൗഫയ്ഫാതിലെ ഉമർ ഫിറാസ് ഖബ്ബാഖിബി എന്നിവരടങ്ങുന്ന ടീമാണ് പങ്കെടുത്തത്.
സിസ്റ്റമിക് തിങ്കിങ് ഉപയോഗിച്ച് ശാസ്ത്രീയ പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ അവതരിപ്പിച്ച ഖത്തറിലെ വിദ്യാർഥികളുടെ പ്രോജക്റ്റ് ശ്രദ്ധേയമായി. ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിൽ ഖത്തർ ആറാം തവണയാണ് പങ്കെടുക്കുന്നത്. മുൻ വർഷങ്ങളിൽ നടന്ന പരിപാടികളിലും ഖത്തർ മികച്ചനേട്ടം കൈവരിച്ചിട്ടുണ്ട്. ഇറാൻ, ഹംഗറി, പോർചുഗൽ എന്നിവിടങ്ങളിൽനിന്ന് സ്വർണ മെഡലുകളും യു.എ.ഇ, കസാഖ്സ്താൻ എന്നിവിടങ്ങളിൽനിന്ന് വെങ്കല മെഡലുകളും ഖത്തർ കരസ്ഥമാക്കിയിട്ടുണ്ട്.
കൂടാതെ നിരവധി തവണ പ്രത്യേക പരാമർശവും നേടിയിട്ടുണ്ട്. അടുത്ത ഇന്റർനാഷനൽ ബയോളജി ഒളിമ്പ്യാഡിന് ലിത്വേനിയ ആതിഥേയത്വം വഹിക്കും. തുടർ വർഷങ്ങളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാനുള്ള തയാറെടുപ്പിലാണ് ഖത്തരി ടീം. വിദ്യാർഥികളുടെ ശാസ്ത്രീയ മികവ് വളർത്തുന്നതിനും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം ഒരുക്കുന്നതിനും അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന നിരന്തര ശ്രമങ്ങളുടെ തുടർച്ചയായാണ് നേട്ടം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.