ദോഹ: കോഫി പ്രേമികൾക്ക് രുചിവൈവിധ്യങ്ങളുടെ ഉത്സവവുമായി ഖത്തർ വേൾഡ് കോഫി എക്സ്പോ എത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 340ഓളം പ്രദർശകരുമായി വമ്പൻ കോഫി ഫെസ്റ്റിന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിൽ ജനുവരി 23ന് തുടക്കമാകും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന മേള 25ന് സമാപിക്കും.
12,000ത്തോളം സന്ദർശകരെ പ്രതീക്ഷിക്കുന്ന മേള കാപ്പി പ്രേമികൾക്ക് രുചിവൈവിധ്യങ്ങളുടെ ലോകം തന്നെയാകും ഒരുക്കുന്നത്. പുതിയ പരീക്ഷണങ്ങൾ, പരിശീലന പരിപാടികൾ, വ്യത്യസ്തതകളോടെയുള്ള കോഫി സംസ്കാരം എന്നിവയുമായാണ് ലോകോത്തര മേള അരങ്ങേറുന്നത്. ഖത്തർ സ്പെഷാലിറ്റി കോഫി അസോസിയേഷനും രാജ്യത്തെ പ്രധാന കോഫി ബ്രാൻഡുകളും ചേർന്നാണ് ഖത്തർ ടൂറിസം പങ്കാളിത്തത്തോടെ മേള നടത്തുന്നത്.
2023ൽ ദോഹ ഇന്റർനാഷനൽ കോഫി എക്സിബിഷൻ എന്ന പേരിൽ നടന്ന മേളയാണ് ഇത്തവണ ‘ഖത്തർ വേൾഡ് കോഫി എക്സ്പോ 2025’ എന്ന പേരിലെത്തുന്നത്. കാപ്പി ഉൽപാദകർ, നിർമാതാക്കൾ, ചില്ലറ വിൽപനക്കാർ ഉൾപ്പെടെ മിഡിൽ ഈസ്റ്റിൽ കോഫി വ്യവസായത്തിൽ സജീവമായവരുടെ പങ്കാളിത്തവും പരസ്പര ബന്ധവുമാണ് പ്രദർശനത്തിലൂടെ ലക്ഷ്യമിടുന്നത്.
മേളയിൽ ബെസ്റ്റ് കോഫി റോസ്റ്റേഴ്സ്, ബെസ്റ്റ് ബൂത്ത് എന്നിവർക്ക് പുരസ്കാരവും സമ്മാനിക്കും. ഇതോടൊപ്പം സുപ്രധാനമായ മൂന്ന് മത്സരങ്ങളും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു. കോഫി തയാറാക്കുന്നതിലെ മികവിന് ഖത്തർ നാഷനൽ ബാരിസ്റ്റ ചാമ്പ്യൻഷിപ്, കോഫി കലാപരമായി തയാറാക്കുന്നതിലെ മികവിനുള്ള നാഷനൽ ലാറ്റ് ആർട്ട് ചാമ്പ്യൻഷിപ്, വേഗം, മികവ്, കൃത്യത എന്നിവ മാറ്റുരക്കുന്ന നാഷനൽ കപ് ടേസ്റ്റേഴ്സ് ചാമ്പ്യൻഷിപ് എന്നിവയും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.