ദോഹ: രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകൾ 2020-2021 അധ്യയന വർഷത്തേക്കായി സെപ്റ്റംബർ ഒന്നുമുതൽ വീണ്ടും തുറന്നുപ്രവർത്തനമാരംഭിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്തെ എല്ലാ സ്കൂളുകളും നിലവിൽ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങൾ ഖത്തർ ഘട്ടംഘട്ടമായി പിൻവലിക്കുകയാണ്. സെപ്റ്റംബറോടെ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. ഇൗ ഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ തുറന്നുപ്രവർത്തിക്കുമെന്നും അറിയിച്ചിരുന്നു.
2020-21 അധ്യയന വർഷ ക്ലാസുകൾ സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കും. സ്കൂൾ അധ്യാപകരും ജീവനക്കാരും ആഗസ്റ്റ് 19 മുതൽ ജോലിയിൽ പ്രവേശിക്കണമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ജീവനക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര പദ്ധതി നടപ്പാക്കുന്നതിനായി സ്കൂൾ ഭരണനിർവഹണ വിഭാഗവുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശനത്തിനായി അപേക്ഷിക്കുന്ന വിദ്യാർഥികൾക്കുള്ള മെഡിക്കൽ പരിശോധന ജൂലൈ 19 മുതൽ ആരംഭിക്കുമെന്ന് ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അപേക്ഷ നൽകിയ പുതിയ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പി.എച്ച്.സി.സിക്ക് കീഴിലുള്ള പ്രത്യേക മെഡിക്കൽ സംഘം ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി വിദ്യാർഥികൾ ഒറ്റത്തവണയേ ഹെൽത്ത് സെൻററുകളിലെത്തേണ്ടതുള്ളൂ. പരിശോധനക്കായി പി.എച്ച്.സി.സിയുടെ 107 ഹോട്ലൈനിൽ രക്ഷിതാക്കൾ ബന്ധപ്പെടണം. മെഡിക്കൽ പരിശോധനക്കുള്ള അപോയ്ൻറ്മെൻറ് എടുക്കണം. വിദ്യാർഥികൾക്കാവശ്യമായ എല്ലാ നടപടികളും പ്രത്യേകം നിയമിക്കപ്പെട്ട ജീവനക്കാർ പൂർത്തിയാക്കും. അപ്പോയ്ൻറ്മെൻറ് എടുത്തതിന് ശേഷം നിശ്ചയിക്കപ്പെട്ട ഹെൽത്ത് സെൻററിൽ വിദ്യാർഥിയുമായി രക്ഷിതാവ് എത്തണം. ഖത്തർ ഐ.ഡി അടക്കമുള്ള മതിയായ രേഖകൾ അപ്പോയ്ൻറ്മെൻറ് സമയത്ത് ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.