ദോഹ: ഖത്തറിനെതിരെ ഉപരോധ രാഷ്ട്രങ്ങൾ സമർപ്പിച്ച അപ്പീൽ തള്ളിയ അന്താരാഷ്ട്ര കോടതിവിധി ഖത്തറിന് അനുകൂലവും ഉപരോധ രാഷ്ട്രങ്ങൾക്കെതിരാണെന്നും അന്താരാഷ്ട്രനീതിന്യായ കോടതിയിലെ ഖത്തർ എജൻറ് ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി പറഞ്ഞു. 2017 ജൂൺ അഞ്ചിന് ഖത്തറിനെതിരായ ഉപരോധം ആരംഭിച്ചത് മുതൽ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഖത്തറിെൻറ മൂന്നാം വിജയമാണിതെന്നും ഖത്തർ ഭരണകൂടത്തിനും ഖത്തർ ജനതക്കും അഭിനന്ദനങ്ങൾ നേരുന്നുവെന്നും ഡോ. അൽ ഖുലൈഫി വ്യക്തമാക്കി. അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിൽ ഖത്തറിെൻറ പരാതി പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് ഉപരോധ രാഷ്ട്രങ്ങൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ സമർപ്പിച്ച അപ്പീൽ ഹരജിയാണ് കഴിഞ്ഞ ദിവസം കോടതി തള്ളിയത്. ഉപരോധം ആരംഭിച്ചത് മുതൽ സിവിൽ ഏവിയേഷൻ രംഗത്തെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഖത്തർ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷ വോട്ടിെൻറ അടിസ്ഥാനത്തിൽ 2018 മധ്യത്തോടെ ഖത്തറിെൻറ പരാതിക്ക് സംഘടന അംഗീകാരം നൽകുകയും ചെയ്തതായും ഡോ. അൽ ഖുലൈഫി ചൂണ്ടിക്കാട്ടി.
ഉപരോധ രാജ്യങ്ങൾ നിയമിച്ച പ്രത്യേക ജഡ്ജ് ഉൾപ്പെടെ കോടതി ഐക്യകണ്ഠ്യേനയാണ് ഖത്തറിന് അനുകൂലവിധി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം അടിവരയിട്ട് പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ചരിത്രത്തിൽ തന്നെ നിയമിച്ച രാജ്യങ്ങൾക്കെതിരെ ജഡ്ജി വോട്ട് ചെയ്യുന്ന പ്രവണത വളരെ വിരളമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ സംഘടനയിൽ ഖത്തർ സമർപ്പിച്ച പരാതിയിൽ ഉപരോധരാജ്യങ്ങളോട് സംഘടന ഏഴ് ദിവസത്തിനകം വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.