ദോഹ: അരങ്ങില്‍ താളമിട്ട് ലയഭംഗികള്‍ക്കൊപ്പം നടനമാടിത്തിമിര്‍ത്ത ശോഭനയുടെ വിസ്മയ ഭാവങ്ങള്‍ കണ്ട് സദസ് അക്ഷരാര്‍ഥത്തില്‍ വിസ്മയിച്ചു. മിത്തും ചരിത്രവും കോര്‍ത്തിണക്കി, സംഗീതവും നൃത്തവും സമാസമം ചേര്‍ത്ത്, നിറ നിഴലുകള്‍ ചാലിച്ച് ശോഭനയും സംഘവും നടത്തിയ ‘ട്രാന്‍സ് ഡാന്‍സിംങ് ഡ്രംസ്’ ഖത്തറിലെ ആസ്വാദകര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്തതായി. ശ്രീ കേരള വര്‍മ്മ കോളേജ് ഖത്തര്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി ഖത്തര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നിറഞ്ഞ സദസിലാണ് നടന്നത്. ഖണ്ഡഭാഗങ്ങളായാണ് നൃത്തം അവതരിപ്പിക്കപ്പെട്ടത്. അതില്‍ കുഞ്ഞായ ശ്രീകൃഷ്ണനെ മുലപ്പാല്‍കൊടുത്ത് ചതിച്ച് കൊല്ലാന്‍ വന്ന പൂതനയുടെ അന്ത്യവും തുടര്‍ന്നുള്ള മോക്ഷവും ശോഭന അവതരിപ്പിച്ചപ്പോള്‍ അതിന്‍െറ മാസ്മരികതയില്‍ സദസ് മുഴുകിയിരുന്നു. തുടര്‍ന്ന് ഐതിഹ്യങ്ങള്‍ ഓരോന്നായി വേദിയില്‍ പുനര്‍ജനിച്ചു. വിരല്‍മുദ്രകള്‍ കൊണ്ടും ലാസ്യ നടനങ്ങള്‍ കൊണ്ടും അവ ആസ്വാദകരോട് സംവദിച്ചു. ചില നൃത്തങ്ങള്‍ക്ക് ഗീതങ്ങള്‍ ഇല്ലായിരുന്നു. സംഗീതം മാത്രം. എന്നിട്ടും അതിന്‍െറ അര്‍ത്ഥതലങ്ങള്‍ മനസിലാക്കാന്‍ സദസിന് വിഷമം ഉണ്ടായില്ല. കൊട്ടാരത്തില്‍ ജനിച്ച് വീണ സിദ്ധാര്‍ഥ രാജകുമാരന്‍ ശ്രീ ബുദ്ധനായി മാറിയ ജീവിത പരിണാമം നൃത്തരൂപത്തില്‍ ആടിത്തിമര്‍ത്തതായിരുന്നു മറ്റൊരു അനുഭവം. സ്വന്തം കൊട്ടാരത്തെയും സഖിയെയും ത്യജിച്ച് ആശയാണ് എല്ലാ ദു:ഖങ്ങള്‍ക്കും കാരണമെന്ന് നിനച്ച് മഹാത്യാഗത്തിലേക്ക് നടന്ന് നീങ്ങിയ ബുദ്ധന് പിന്നാലെ മഗ് ദലന മറിയയുടെയും ബൈബിള്‍ കഥയുടെയും ആഖ്യാനം വന്നു. തുടര്‍ന്ന് സൂഫിസവും. തുടര്‍ന്ന് ഡ്രംസും കോല്‍ക്കളിയും ഒക്കെയായി അവര്‍ സദസിനോടും താളമിടാന്‍ ആവശ്യപ്പെട്ടു. സദസും അരങ്ങും തമ്മിലുള്ള താളമിടലായി പിന്നെ. പാടുകയും ആടുകയും അഭിനയിക്കുകയും അങ്ങനെ നൃത്തത്തിലൂടെ സര്‍വകലാവല്ലഭയായി വന്ന് രണ്ട് മണിക്കൂര്‍ നേരം ശോഭന മനോഹരരാത്രിയൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.