വള്ളിക്കാട് സ്വദേശി ടി.കെ. ഹസ്സനും ഭാര്യ സുലൈഖയും ഖത്തറിലെ വീട്ടിൽ ഓർമകൾ പങ്കുവെക്കുന്നു
ദോഹ: 270ഓളം പേരുടെ മരണത്തിനിടയാക്കിയ അഹ്മദാബാദിലെ എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ ഞെട്ടലിലാണ് ലോകം. ഒരുപിടി സ്വപ്നങ്ങളുമായി അഹ്മദാബാദ് സർദാർ പട്ടേൽ വിമാനത്താവളത്തിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക് ലക്ഷ്യമാക്കി പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ് തീഗോളമായി മാറിയ ദുരന്ത ദൃശ്യം ഓരോ വിമാനയാത്രികനെയും എക്കാലവും വേട്ടയാടുന്നതാണ്.
അങ്ങനെയൊരു വിമാന അപകടത്തിന്റെ പൊള്ളുന്ന ഓർമകളുമായി ഖത്തറിലൊരു പ്രവാസി മലയാളിയുണ്ട്. വടകര വള്ളിക്കാട് സ്വദേശി തലക്കുളത്തിൽ ഹസ്സൻ എന്ന പ്രിയപ്പെട്ടവരുടെ ടി.കെ ഹസ്സൻക. ലോകത്തിന്റെ ഏത് കോണിലുമൊരു വിമാന അപകടം നടന്നാലും ഹസ്സൻകയുടെ മനസ്സിലേക്ക് 1978ലെ പുതുവർഷപ്പിറവിയിൽ ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ എയർ ഇന്ത്യയുടെ എംപറർ അശോക എ.ഐ 855വിമാന ദുരന്തത്തിന്റെ ഓർമകൾ പറന്നെത്തും. വള്ളിക്കാട്ടെ കുടുംബ വീടിനെ മരണവീടാക്കി മാറ്റിയ മൂന്നു ദിവസത്തിന്റെ കഥയുമുണ്ട് 213 യാത്രക്കാരുടെ മരണത്തിനിടയാക്കിയ എംപറർ വിമാന ദുരന്തത്തിന്. ദൈവം ആയുസ്സ് നീട്ടിനൽകിയത് കൊണ്ടു മാത്രമാണ് താൻ ആ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ദോഹ അൽ വഅബിലെ അൽ മിർഖാബ് കോമ്പൗണ്ടിലെ വീട്ടിൽ നിന്നും ഖത്തർ പ്രവാസിയായ ടി.കെ ഹസ്സൻ ഓർക്കുന്നു.
213 പേരുടെ മരണത്തിനിടയാക്കിയ എംപറർ അശോക വിമാനം
വിവാഹം കഴിഞ്ഞ് രണ്ടാം മാസത്തിലെ യാത്ര
1976ൽ കപ്പൽ കയറി ഖത്തറിൽ പ്രവാസമാരംഭിക്കുേമ്പാൾ 22 വയസ്സായിരുന്നു ഹസ്സന്റെ പ്രായം. ഒരു വർഷവും ഏതാനും മാസവും കഴിഞ്ഞ ശേഷം നാട്ടിലെത്തി, വിവാഹം കഴിഞ്ഞ് ഖത്തറിലേക്കുള്ള തിരികെയാത്രക്ക് ഒരുക്കങ്ങളായി. അടുത്ത പ്രദേശത്തുകാരി കൂടിയായ സുലൈഖക്ക് മിന്നുചാർത്തി, രണ്ടു മാസം മാത്രം കഴിഞ്ഞ് വീട്ടുകാരോടും നാട്ടുകാരോടും യാത്രപറഞ്ഞ് വിമാനം കയറാനായി മുംബൈയിലെത്തി. പരിചയക്കാരൻ കൂടിയായ മുംബൈയിലെ ട്രാവൽ ഏജൻറിനെ ടിക്കറ്റ് ബുക്ക് ചെയ്യാൻ എൽപിച്ചിരുന്നു. വീട്ടിൽ നിന്ന് പുറപ്പെടും മുേമ്പ മുംബൈയിൽ നിന്നും ഹസ്സനെ തേടി ട്രാവൽ ഏജൻറിന്റെ ടെലഗ്രാമെത്തി.
‘ടിക്കറ്റ് റെഡി. 1978 ജനുവരി ഒന്ന് രാവിലെ 6.30ന് ദുബൈയിലേക്കുള്ള എയർ ഇന്ത്യ വഴി ദോഹയിലേക്ക് യാത്രചെയ്യാം. ഉടൻ മുംബൈയിലെത്തണം.’
ഹസ്സനും നാട്ടുകാരനായ സുഹൃത്തും മറ്റൊരു ദുബൈ യാത്രക്കാരനും ഉൾപ്പെടെ മൂന്നുപേരാണ് മുംബൈയിലെത്തിയത്. തലേദിനം അർധരാത്രിയിൽ തന്നെ യാത്ര പുറപ്പെടാനായി വിമാനത്താവളത്തിലെത്തി.
തെല്ല് പരിഭ്രമത്തോടെ കാത്തിരുന്ന ട്രാവൽ ഏജൻറ് ക്ഷമാപണത്തോടെയാണ് വിമാനത്തിൽ ചെറിയൊരു മാറ്റമുണ്ടെന്ന് അറിയിച്ചത്. ‘എയർ ഇന്ത്യയിൽ ടിക്കറ്റ് ഇല്ലാത്തതിനാൽ, രാവിലെ ആറിന് പുറപ്പെടുന്ന ഗൾഫ് എയറിന് യാത്രപോവണം. ടെലിഗ്രാം അയച്ചതിനു ശേഷമാണ് എയർ ഇന്ത്യയിൽ ടിക്കറ്റില്ലെന്ന കാര്യം അറിഞ്ഞത്’ -ഏജൻറ് പറഞ്ഞു.
1978ലെ എയർ ഇന്ത്യ വിമാന ദുരന്തത്തിന്റെ
പത്രവാർത്ത
സഹയാത്രികനായ ദുബൈ യാത്രക്കാരൻ വിമാനത്താവളത്തിൽ തന്നെ ബഹളം തുടങ്ങി. എയർ ഇന്ത്യയിൽ ടിക്കറ്റ് ലഭിക്കാത്തതിനാൽ യാത്രതന്നെ അദ്ദേഹം റദ്ദാക്കി. ഹസനും മറ്റൊരു സുഹൃത്തും ഗൾഫ് എയറിൽ കയറി മനാമ വഴി ദോഹയിേലക്ക് പറന്നു.
എന്നാൽ, ഇതിനിടയിൽ വലിയൊരു ദുരന്തം മുംബൈ കടൽ തീരത്ത് സംഭവിച്ചിരുന്നു. ആറ് മണിക്ക് ഹസനും കൂട്ടുകാരനും കയറിയ ‘ഗൾഫ് എയർ’ സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്തേക്ക് പറന്നപ്പോൾ, അരമണിക്കൂർ കഴിഞ്ഞ് മുംബൈയിലെ വിമാനത്താവളത്തിൽ നിന്നും ജീവനക്കാർ ഉൾപ്പെടെ 213പേരുമായി പറന്നുയർന്ന ‘എംപറർ അശോക’ മൂന്ന് മിനിറ്റിനുള്ളിൽ നിയന്ത്രണം തെറ്റി കടലിൽ പതിച്ചു. ഒരു യാത്രക്കാരനെ പോലും രക്ഷിക്കാൻ കഴിയാതെ വിമാനം കടലിൽ പതിച്ച വാർത്ത പുതുവർഷത്തെ കണ്ണീർദിനമാക്കി ഇന്ത്യയിലെമ്പാടും തീപോലെ പടർന്നു.
മരണവീടായി വള്ളിക്കാട്
മുംബൈ വിമാനത്താവളത്തിൽ വെച്ച് അവസാന നിമിഷത്തിൽ യാത്രാവിമാനം മാറിയതൊന്നും ഹസ്സന്റെ വള്ളിക്കാടെ വീട്ടുകാർ അറിഞ്ഞിരുന്നില്ല. ടെലിഫോൺ അപൂർവവസ്തുവായതിനാൽ യാത്രാവിമാനം മാറിയത് വീട്ടുകാരെ അറിയിക്കാനും കഴിഞ്ഞില്ല. ജനുവരി ഒന്നിന് രാവിലെ പതിവുപോലെ റേഡിയോ തുറന്ന് വാർത്തകൾക്കായി ചെവിയോർത്തപ്പോഴാണ് ഹസ്സന്റെ പിതാവ് വിമാന ദുരന്തം അറിയുന്നത്. നേരത്തെ ഹസ്സന് ടിക്കറ്റ് ബുക്കു ചെയ്തതായി ട്രാവൽ ഏജൻറ് അറിയിച്ച ടെലഗ്രാമിൽ സൂചിപ്പിച്ച അതേ വിമാനം തന്നെ അപകടത്തിൽപെട്ടിരിക്കുന്നു.
പിന്നീടുള്ള കാര്യങ്ങൾ ഓർത്തെടുത്ത് പറഞ്ഞത് ഭാര്യ സുലൈഖയാണ്. ‘റേഡിയോ വാർത്ത പകുതി കേട്ടതിനു പിന്നാലെ ഉപ്പ റേഡിയോ പൂട്ടി വീട്ടിൽ നിന്നും ഇറങ്ങി. ഞാൻ വീടിനു പുറത്തായിരുന്നു. പെട്ടെന്ന് വീട്ടിനകത്തു നിന്നും കരച്ചിൽ ഉയർന്നു. ഹസ്സൻക ഖത്തറിലേക്ക് മടങ്ങിയതും, മുംബൈയിൽ നിന്നുള്ള വിമാനവുമെല്ലാം നാട്ടുകാർക്കും അറിയാമായിരുന്നു. ‘എന്റെ മകൻ പോയല്ലോ’ എന്നുറക്കെ പറഞ്ഞുകൊണ്ട് ഉമ്മയുടെ കരച്ചിൽ ഉച്ചത്തിലായി. അേതാടെയാണ് സംഭവത്തിന്റെ ഗൗരവം ഞാനും മനസ്സിലാക്കുന്നത്. വീട് ആകെ കരച്ചിലായി, അയൽവാസികളും ബന്ധുക്കളും എത്തിക്കൊണ്ടിരുന്നു’ -സുലൈഖ പറഞ്ഞു.
അതിനിടെ, ചെന്നൈയിൽ ജോലി ചെയ്യുന്ന ബന്ധു വിമാനാപകടത്തിൽ പെട്ടവരുടെ പട്ടിക എടുത്തപ്പോൾ യാത്രക്കാരുടെ കൂട്ടത്തിൽ ഒരു മുഹമ്മദ് ഹസൻ എന്ന പേരുകൂടി കണ്ടതോടെ മകന്റെ മരണം വീട്ടുകാരും ഉറപ്പിച്ചു. വീട്ടുകാരും ബന്ധുക്കളുമെല്ലാം ഓരോ വഴിയെത്തി ആശ്വസിപ്പിക്കാൻ തുടങ്ങി. വീട്ടിൽ അടുപ്പ് പുകയാത്ത ദിവസങ്ങൾ. ഹസ്സൻ ജീവനോടെയുണ്ടോ എന്നറിയാതെ വീട്ടുകാരും തീതിന്ന് കഴിഞ്ഞ നാളുകൾ.
എന്നാൽ, നാട്ടിലെ ബഹളങ്ങളും അപകട വാർത്തയുമൊന്നും ദോഹയിലെത്തിയ ഹസ്സൻ അറിഞ്ഞിരുന്നില്ല. പത്രങ്ങളോ ചാനലുകളോ മറ്റോ സജീവമല്ലാത്ത നാളാണ്. നാട്ടിലെ വിശേഷങ്ങൾ കത്തിലൂടെയും കമ്പിയിലൂടെയും മാത്രമറിയുന്ന കാലം.
ടെലിഫോൺ വിളിയും എളുപ്പമല്ല. ഖത്തറിലെത്തിയ വിവരം അറിയിക്കാനായി അയച്ച ടെലിഗ്രാം മൂന്നം ദിനമാണ് വീട്ടിലെത്തുന്നത്. അപ്പോൾ മാത്രമേ, മകൻ സുരക്ഷിതനാണെന്ന വിവരം വീട്ടുകാരും അറിഞ്ഞുള്ളൂ.
മുംബൈയിൽ നിന്നും മകന്റെ മരണ വിവരം സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പാകാമെന്ന ഉൾക്കിടിലത്തോടെയായിരുന്നു അന്ന് വീട്ടുകാർ ടെലിഗ്രാമുമായി വരുന്ന പോസ്റ്റുമാനെ വരവേറ്റത്. എന്നാൽ, ‘ഞാൻ സുഖമായി ദോഹയിൽ എത്തി’ എന്ന ഒറ്റവരിയിലെ സന്ദേശം വള്ളിക്കാടെ മരണവീടിന് വീണ്ടും ജീവൻ പകർന്നു. പ്രിയപ്പെട്ടവൻ ജീവനോടെയുണ്ടെന്ന് അറിഞ്ഞതോടെ വീട് ആഘോഷങ്ങളിലേക്ക് തിരികെയെത്തി. സുലൈഖയുടെ പിതാവ് നഗരത്തിെലത്തി ഖത്തറിലേക്ക് വിളിച്ച് വാർത്ത ഒരിക്കൽ കൂടി ഉറപ്പിച്ചു. അപ്പോൾ മാത്രമായിരുന്നു മുംബൈയിൽവെച്ച് അവസാന നിമിഷം വിമാനം മാറിയതും ഗൾഫ് എയറിന് ടിക്കറ്റെടുത്ത് കയറിയതും, ഭാഗ്യംകൊണ്ട് ജീവൻ തിരികെ കിട്ടിയതുമെല്ലാം വീട്ടുകാർ അറിഞ്ഞതെന്ന് ഹസ്സൻ ഓർത്തെടുക്കുന്നു.
48 വർഷം മുമ്പത്തെ വിമാന ദുരന്തത്തിന്റെ ഓർമകളുമായി ഖത്തറിലെ വീട്ടിൽ ഭാര്യ സുലൈഖ, മക്കളായ ഫസീല, അസ്മ, അനസ്, മരുമക്കളായ ഷംസുദ്ദീൻ, ഇൻസിയ, പേരക്കുട്ടികൾ എന്നിവർക്കൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ് ഈ ദീർഘകാല പ്രവാസി. ഏതാനും മാസത്തിനുള്ളിൽ പ്രവാസത്തിന്റെ 50 വർഷത്തിലേക്കെത്തുകയാണ് ഖത്തർ പരിസ്ഥിതി മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥൻ കൂടിയായ ഹസ്സൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.