ദോഹ: ഉഭയകക്ഷി ബന്ധം ഉൗഷ്മളമാക്കുന്നതിന് ഇന്ത്യയും ഖത്തറും സംയുക്ത ഉന്നത തല സമിതി രൂപവത്കരിക്കുന്നു. രണ്ട് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ സംയുക്ത അധ്യക്ഷതയിലാകും സമിതി പ്രവർത്തിക്കുക. ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും പരസ്പര താൽപര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് സമിതിക്ക് രൂപം നൽകിയത്.
ഖത്തർ സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിലാണ് ഉന്നതതല സമിതി രൂപവത്കരിക്കുന്നത് പ്രഖ്യാപിച്ചത്.
ഞായറാഴ്ച വൈകുന്നേരം ഖത്തറിലെത്തിയ സുഷമ സ്വരാജ് തിങ്കളാഴ്ച രാവിലെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
അമീരി ദിവാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദ–നയതന്ത്രബന്ധവും വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതുമായി ബന്ധപ്പെട്ടും ചർച്ച ചെയ്തു. മേഖലാ–അന്തർദേശീയ തലങ്ങളിലെ വിവിധ വിഷയങ്ങളും ഇരുനേതാക്കളും പരസ്പരം വിശകലനം ചെയ്തു.
2016 ജൂൺ നാല്, അഞ്ച് തീയതികളിൽ ഖത്തർ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും തമ്മിലെ ചർച്ചയുടെ തീരുമാന പ്രകാരമാണ് മന്ത്രിതല സംയുക്ത സമിതി രൂപവത്കരിച്ചതെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. എല്ലാ ഉഭയകക്ഷി വിഷയങ്ങളും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രണ്ട് രാജ്യങ്ങൾക്കും താൽപര്യമുള്ള സംഭവവികാസങ്ങളും സമിതി ചർച്ച ചെയ്യും.
സാമ്പത്തികം, വാണിജ്യം, സാംസ്കാരികം, ശാസ്ത്രം, സാേങ്കതിക വിദ്യ, വിവര സാേങ്കതിക വിദ്യ, വിദ്യാഭ്യാസം എന്നീ േമഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുകയാണ് മന്ത്രിതല സമിതിയുടെ ഉത്തരവാദിത്തം.
ഇതോടൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറുകൾ നടപ്പാക്കാനും ഇതുസംബന്ധിച്ച പ്രയാസങ്ങൾ തീർക്കാനും സമിതി പരിശ്രമിക്കും.
ആവശ്യമെങ്കിൽ ഉപസമിതികളും സ്ഥിരമോ താൽക്കാലികമോ ആയ ജോയിൻറ് വർക്കിങ് ഗ്രൂപ്പുകളും രൂപവത്കരിക്കാനും സംയുക്ത മന്ത്രിതല സമിതിക്ക് അധികാരമുണ്ട്. ഉന്നത തല സമിതി നിലവിൽ വരുന്നതിലൂടെ നൂറ്റാണ്ടുകളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധം കൂടുതൽ ഉൗഷ്മളമാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.