പ്രളയബാധിതർക്കായി പനമരം കൂളിവയലിൽ ഇൻകാസ് ഖത്തർ നിർമിച്ച വീടുകൾ രാഹുൽഗാന്ധി എം.പി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് കനിവിെൻറ ചിറകിനാൽ തണലൊരുക്കി ഖത്തർ ഇൻകാസ്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി വയനാട്ടിലെ പനമരം കൂളിവയലിലാണ് 12 വീടുകൾ ഇൻകാസ് പൂർത്തിയാക്കി കൈമാറിയത്. 'ഹൃദയപൂർവം ദോഹ'എന്ന പേരിൽ ഖത്തറിൽ നടത്തിയ കൾചറൽ പ്രോഗ്രാമിലൂടെ കണ്ടെത്തിയ പണവും ഉദാരമതികളിലൂടെ ശേഖരിച്ച പണവും, സാധാരണക്കാരായ ഇൻകാസ് പ്രവർത്തകരുടെ സമ്പാദ്യവുമായിരുന്നു വീട് നിർമാണത്തിന് സഹായകരമായത്.
കോവിഡ് പ്രതിസന്ധി മൂലം ലോകം മുഴുവൻ സാമ്പത്തിക ബുദ്ധുമുട്ടുകളിലൂടെ കടന്നുപോകുന്നതിനിടയിലും നിശ്ചിത സമയത്തിനുള്ളിൽതന്നെ ആവശ്യമായ ഫർണിചറും ഗൃഹോപകരണങ്ങളും അടക്കം പൂർണ സജ്ജമാക്കിയാണു കഴിഞ്ഞ ദിവസം വീടുകൾ കൈമാറിയത്. കൂളിവയൽ ബി.എം.ജെ വില്ലേജിലാണ് ഇൻകാസ് ചീഫ് പാട്രനും ഒ.ഐ.സി.സി ഗ്ലോബൽ പ്രസിഡൻറുമായിരുന്ന അന്തരിച്ച സി.കേ. മേനോെൻറ പേരിൽ ഇൻകാസ് ഖത്തർ വീടുകൾ പണിതത്. രാഹുല്‍ഗാന്ധി എം.പി താക്കോൽദാനം നടത്തി.
വീടില്ലാതെ ദുരിതം അനുഭവിക്കുന്നവരെയൊക്കെ കൈപിടിച്ചുയര്‍ത്താൻ നമുക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ വീടില്ലാത്ത ഒരാള്‍ പോലുമുണ്ടാകരുതെന്ന ചിന്തയോടെ പ്രവര്‍ത്തിക്കണം. വെള്ളപ്പൊക്കവും പ്രളയവും വയനാട്ടുകാര്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്തി. ആ ഐക്യം വീടില്ലാതെ കഷ്ടപ്പെടുന്നവരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉപയോഗപ്പെടുത്തണം.
സര്‍ക്കാറിന് മുന്നില്‍ ശക്തമായ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. വീട് ലഭിച്ചവരുടെ പുഞ്ചിരി ഏറെ സന്തോഷമുണ്ടാക്കുന്നതാണ്.
നന്മ നിറഞ്ഞ പ്രവൃത്തികളാണ് ഖത്തർ ഇന്‍കാസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 12 വീടുകളും കയറിയിറങ്ങി കണ്ട ശേഷമായിരുന്നു രാഹുല്‍ഗാന്ധി മടങ്ങിയത്.
തുടർന്ന് നടന്ന പൊതുയോഗത്തിൽ ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സമീർ ഏറാമല അധ്യക്ഷതവഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരനും സംസാരിച്ചു. ബെഹ്സാദ് ഗ്രൂപ് ചെയർമാൻ ജെ.കെ. മേനോൻ വിഡിയോ കോൺഫറൻസിലൂടെ ആശംസകൾ നേർന്നു. ബി.എം.ജെ ചെയർമാൻ അബ്ദുൽ മജീദ് സ്വാഗതവും 'ഹൃദയപൂർവം ദോഹ' ചെയർമാൻ ആഷിഖ് അഹമ്മദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.