ഖത്തർ ക്ലാസിക് ചെസ് കപ്പ് സെപ്റ്റംബർ ഏഴു മുതൽ
ദോഹ: രണ്ടാമത് ഖത്തർ ക്ലാസിക് ചെസ് കപ്പിനുള്ള മത്സരം ഖത്തർ ട്രെയിനിങ് സെന്ററിൽ സെപ്റ്റംബർ ഏഴു മുതൽ 13 വരെ നടക്കും. ഖത്തറിലെ കളിക്കാർക്ക് മാത്രമായി നടത്തുന്ന ടൂർണമെന്റിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക വിഭാഗങ്ങളായി മത്സരം നടക്കുമെന്ന് ഖത്തർ ചെസ് അസോസിയേഷൻ അറിയിച്ചു.
പുരുഷന്മാരുടെ വിഭാഗത്തിൽ ഇന്റർനാഷനൽ മാസ്റ്ററായ ഹുസൈൻ അസീസ് മത്സരിക്കും. അദ്ദേഹത്തോടൊപ്പം ഖാലിദ് അൽ ജമാഅത്ത്, ഇർഫാൻ മുഹമ്മദ്, ഇബ്രാഹീം അൽ ജനാഹി, ഫഹദ് അൽ മൻസൂരി, അബ്ദുൽ അസീസ് അൽ മഹാസ്ന, തുർക്കി അൽ കുവാരി, മുഹമ്മദ് അൽ ഖസാബി, ഹമദ് അൽ കുവാരി, സൈഫ് അഹ്മദ് തുടങ്ങിയ മുൻനിര കളിക്കാരും പങ്കെടുക്കും.
വനിത വിഭാഗത്തിൽ റൗദ, വാലിയാൻ അൽ ഖസാബി, ഫാത്തിമ, അസ്മ അൽ ഹമ്മദി, ആയിശ, ഗാദ അൽ ഖുലൈഫി എന്നിവർ മാറ്റുരക്കുന്നുണ്ട്. മത്സരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്യു.സി.എ പ്രസിഡന്റ് മുഹമ്മദ് അൽ മുദാഹ്ക പറഞ്ഞു.
രാജ്യത്തുടനീളം ചെസ് പ്രോത്സാഹിപ്പിക്കുന്നതിനും ഭാവിയിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ ഖത്തറിനെ പ്രതിനിധാനം ചെയ്യാൻ കഴിവുള്ളവരെ കണ്ടെത്തുന്നതിനും ഈ ടൂർണമെന്റ് ഒരു പ്രധാന ചുവടുവെപ്പാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.