ദോഹ: ഫിഫ ലോകകപ്പ് തയാറെടുപ്പിന്റെ ഭാഗമായി നടക്കുന്ന സന്നാഹ മത്സരത്തിനുള്ള ഖത്തർ ദേശീയ ടീമിലും ഇടം പിടിച്ച് മലയാളി തഹ്സിൻ മുഹമ്മദ്. സീനിയർ താരങ്ങളായ അക്രം അഫീഫ്, അൽ മുഈസ് അലി, ഹസ്സൻ അൽ ഹൈദോസ് എന്നിവരുൾപ്പെട്ട പരിശീലകൻ ജൂലൻ ലോപ്റ്റെഗിയുടെ 28 അംഗ സംഘത്തിലാണ് മലയാളി തഹ്സിൻ മുഹമ്മദും ഇടം പിടിച്ചത്. സന്നാഹമത്സരങ്ങൾക്കു ശേഷം ദേശീയ ടീമിൽ ഉൾപ്പെട്ടാൽ ലോകകപ്പ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി താരമാകും തഹ്സിൻ.
ഫിഫ ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമായി അയർലാൻഡിനും എൽസാൽവഡോറിനുമെതിരെ സന്നാഹമത്സരത്തിനാണ് ഖത്തർ ഇറങ്ങുന്നത്. വ്യാഴാഴ്ച ഡബ്ലിനിൽ അയർലാൻഡിനെതിരെയും ജൂൺ ആറിന് എൽസാൽവഡോറിനുമെതിരെയും ഖത്തർ ബൂട്ടുകെട്ടും. ആദ്യം പ്രഖ്യാപിച്ച 34 അംഗ പ്രാഥമിക ടീമിനെയാണ് ജൂലൻ ലോപ്റ്റെഗി വെട്ടിച്ചുരുക്കി 28 ആക്കിയത്.
രണ്ട് ആഴ്ച നീണ്ട പരിശീലനങ്ങൾക്കും സാങ്കേതിക വിലയിരുത്തലുകൾക്കും ശേഷം പ്രാഥമിക ടീമിൽ നിന്ന് ഏഴ് കളിക്കാരെ ഒഴിവാക്കിയിട്ടുണ്ട്. സെബാസ്റ്റ്യൻ സോറിയ, താരിക് സൽമാൻ, ഫഹദ് യൂനിസ്, ബസ്സാം അൽ റാവി, മുഹമ്മദ് വാദ്, മുബാറക് ഷനാൻ, നൈൽ മേസൺ എന്നിവരെയാണ് ഒഴിവാക്കപ്പെട്ടത്.
ജൂൺ 11 മുതൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ആണ് ഖത്തർ ഉൾപ്പെട്ടിട്ടുള്ളത്. ആതിഥേയരായ കാനഡ, സ്വിറ്റ്‌സർലൻഡ്, ബോസ്‌നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് ഖത്തറിന്റെ എതിരാളികൾ. 2022ൽ ആതിഥേയരെന്ന നിലയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഖത്തറിന്റെ രണ്ടാമത്തെ ലോകകപ്പ് പങ്കാളിത്തമാണിത്.
മെഷാൽ ബർഷാം, മഹ്മൂദ് അബുനാദ, സലാ സക്കരിയ, ഷിഹാബ് അല്ലെതി, അഹമ്മദ് അൽ ജനാഹ്, അൽമുഇസ് അലി, അക്രം അഫീഫ്, എഡ്മിൽസൺ ജൂനിയർ, അഹമ്മദ് ഫതഹി, അഹമ്മദ് അലാ, തഹ്സിൻ മുഹമ്മദ്, പെഡ്രോ മിഗ്വൽ, ബോലം ഖൗഖി, അയൂബ് അൽ അലവി, അൽ ഹാഷ്മി അൽ ഹുസൈൻ, അസിം മദിബോ, സുൽത്താൻ അൽ ബ്രേക്ക്, റയ്യാൻ അൽ അലി, ഹസൻ അൽ ഹൈദോസ്, ജാസിം ജാബർ, മുഹമ്മദ് അൽ മാനായ്, ലൂക്കാസ് മെൻഡിസ്, കരീം ബൗദിയാഫ്, ഈസ ലായ്, അബ്ദുൽ അസീസ് ഹാതിം, യൂസഫ് അബ്ദുറിസാ, ഹമാം അഹമ്മദ്, മുഹമ്മദ് മുൻതാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.